Breaking NewsIndiaLead NewsNEWS

ഒരിക്കൽ ഊരിവച്ച വക്കീൽ കോട്ട് വീണ്ടും എടുത്തിട്ട് ബംഗാൾ മുഖ്യമന്ത്രി, എസ്ഐആറിൽ ജനങ്ങൾക്കുവേണ്ടി മമത ഇന്ന് കളത്തിലിറങ്ങും!! തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രിം കോടതിയിൽ ഇന്ന് നേരിട്ട് ഹാജരാകും

ന്യൂഡൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ ഹർജിയിൽ നേരിട്ടു ഹാജരായി വാദിക്കാൻ ഒരിക്കൽ ഊരിവച്ച വക്കീൽ കോട്ട് വീണ്ടുമണിയാൻ ​ബംഗാൾ മുഖ്യമന്ത്രി. എസ്ഐആറിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് ബംഗാൾ മുഖ്യമന്ത്രി മമത ഇന്ന് സുപ്രീം കോടതിയിൽ ഹാജരാകുന്നത്. നേരിട്ട് ഹാജരാകാനും വാദിക്കാനും കോടതിയോടു മമത അനുമതി തേടി.

അതേസമയം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്ഐആർ നടപ്പിലാക്കുന്ന പ്രവൃത്തികൾ ബംഗാളിൽ പുരോഗമിക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കോടതിയെ അറിയിക്കുകയാണ് മമതയുടെ പ്രധാന ഉദ്ദേശ്യം.

Signature-ad

കൂടാതെ എസ്ഐആർ നടപ്പിലാക്കാൻ കമ്മിഷൻ പുറപ്പെടുവിച്ച വിവിധ ഉത്തരവുകൾ റദ്ദാക്കണമെന്നും മമത ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് വോട്ടർ പട്ടിക പുതുക്കൽ നടപടികൾ നടക്കുന്നതെന്നാണ് ഹർജിയിൽ മമത ആരോപിക്കുന്നത്.

ബംഗാൾ മുഖ്യമന്ത്രിയായ മമത നിയമബിരുദധാരിയാണ്. 1970-ൽ സ്ഥാപിതമായ കൊൽക്കത്തയിലെ ജോഗേഷ് ചന്ദ്ര ചൗധരി കോളജ് ഓഫ് ലോയിൽ നിന്നാണ് മമത ബിരുദ പഠനം പൂർത്തിയാക്കിയത്. 2003വരെ മമത കോടതിയിൽ പ്രാക്ടീസും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: