തൃശൂരിൽ ബ്ലേഡ്കമ്പനികൾ പെരുകുന്നു, പലരും കോടികളുമായി മുങ്ങി, കൂടുതൽ പലിശ മോഹിച്ച് ലക്ഷങ്ങൾ നിക്ഷേപിച്ചവര് മുതലും പലിശയും നഷ്ടപ്പെട്ടു കേഴുന്നു
തിരുവിതാംകൂർ നിധി ലിമിറ്റഡ്, പൊൻപണം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി നിരവധി ബ്ലേഡ് കമ്പനികളാണ് നിക്ഷേപകരുടെ കോടികളുമായി മുങ്ങിയത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് കോടികൾ ശേഖരിച്ചത്. ഒടുവിൽ പലിശയുമില്ല, മുതലുമില്ല
തൃശൂരിൽ പണമിടപാടു തട്ടിപ്പ് സ്ഥാപനങ്ങൾ പെരുകുന്നു. അവയൊക്കെ തുരുതുരെ പൊട്ടുകയുമാണ്. തിരുവിതാംകൂർ നിധി ലിമിറ്റഡ് എന്ന സ്ഥാപനം നിക്ഷേപകരുടെ കോടികളുമായി മുങ്ങിയത് ഏതാനും ദിവസം മുമ്പാണ്. ഈ സ്ഥാപനം 12 ശതമാനം പ്രതിമാസ പലിശ വാഗ്ദാനം ചെയതാണ് തട്ടിപ്പ് നടത്തിയത്. നൂറുകണക്കണക്കിന് ആളുകളാണ് തട്ടിപ്പിന് ഇരയായത്.
തൊട്ടുപിന്നാലെ ഇതാ മറ്റൊരു തട്ടിപ്പു കൂടി പുറത്തു വന്നിരിക്കുന്നു. പൊൻപണം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയിരുന്ന വടൂക്കര കൊളങ്ങരപ്പറമ്പിൽ പ്രസാദാണ് നിക്ഷേപകരുടെ കോടികളുമായി മുങ്ങിയത്.
എലൈറ്റ് ആശുപത്രിക്കു സമീപം ഇയാൾ നടത്തിയ സ്ഥാപനത്തിൽ കുറികൾ ചേർത്തും നിക്ഷേപങ്ങൾ സ്വീകരിച്ചും വലിയ തുകകൾ കൈപ്പറ്റിയിരുന്നു.
പക്ഷേ പണം തിരിച്ചുകൊടുക്കാതിരുന്നപ്പോൾ ആളുകൾ അന്വേഷിച്ചു വന്നു. സ്ഥാപനം അടച്ചുപൂട്ടിയിരിക്കുന്നതാണ് കണ്ടത്. പണം നിക്ഷേപിച്ചവർ പരാതികളുമായി പോലീസിനെ സമീപിച്ചു. ഒടുവിൽ നെടുപുഴ പോലീസ് ഇൻസ്പെക്ടർ ടി.ജി ദിലീപും സംഘവും കേസിലെ പ്രതി വടൂക്കര കൊളങ്ങരപ്പറമ്പിൽ പ്രസാദി (52)നെ അറസ്റ്റുചെയ്തു. നിരവധി പേരിൽ നിന്നും ഇയാൾ ലക്ഷങ്ങൾ കൈപ്പറ്റിയിട്ടുണ്ട്.
ചെറിയ തുകകളിലായി കുറി നടത്തി, കുറി പൂർത്തിയാകുമ്പോൾ വരിക്കാർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് മുഴുവൻ തുകയും സ്ഥാപനത്തിൽ തന്നെ വീണ്ടും നിക്ഷേപിപ്പിക്കുന്നതാണ് ഇയാളുടെ തട്ടിപ്പു രീതി. സാധാരണക്കാരും കൂലിപ്പണിക്കാരുമാണ് ഇയാളുടെ തട്ടിപ്പിൽ കൂടുതലും ഇരയായിട്ടുള്ളത്.
തിരുവിതാംകൂർ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ നടന്ന നിക്ഷേപത്തട്ടിപ്പിൽ പത്തനംതിട്ട സ്വദേശിക്കു നഷ്ടപ്പെട്ടത് 64 ലക്ഷം രൂപയാണ്. മറ്റ് ജില്ലകളിൽ നിന്നും ധാരാളം പരാതികൾ ലഭിച്ചിട്ടുണ്ട്. നിധി കമ്പനി ചെയർമാനെയും ഡയറക്ടർമാരെയും ഇതിനോടകം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.