സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പരസ്യബോർഡുകളിലെല്ലാം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ ആന ബോർഡിൽ മാത്രം മതിയോ എന്ന് പ്രസക്തമായ ചോദ്യം: നാട്ടാനക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കാത്തതിൽ ആശങ്കയുമായി പൂരത്തിന്റെ നാട്ടിലുള്ളവർ

തൃശൂർ: തൃശൂരിലേക്ക് വിരുന്നെത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ചുകൊണ്ട് ഉയർത്തിയിരിക്കുന്ന പ്രചരണ ബോർഡുകളിൽ എല്ലാം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ നിറഞ്ഞു നിൽപ്പുണ്ടെങ്കിലും നാട്ടാനക്ഷമം പരിഹരിക്കാൻ സർക്കാർ നടപടി എടുക്കാത്തതിൽ പൂരത്തിന്റെ നാട്ടിലുള്ളവർക്ക് ആശങ്കയേറെ.

ഇതുമായി ബന്ധപ്പെട്ട് തൃശൂർ പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴെക്കാട്ട് ഫേയ്സ്ബുക്കിൽ ഇട്ട ഒരു ഓർമ്മപ്പെടുത്തൽ കുറിപ്പ് ചർച്ചയായി കഴിഞ്ഞു.
നാട്ടാനക്ഷാമം പരിഹരിക്കാൻ സർക്കാർ ഒരു ശ്രമവും നടത്താത്തതിൽ വിഷമം പ്രകടിപ്പിച്ചുകൊണ്ടാണ് ബൈജു സേവ് പൂരം എന്ന ഓർമ്മപ്പെടുത്തലോടെ പോസ്റ്റ് ഇട്ടിരിക്കുന്നത്.
കുറിപ്പ് ഇങ്ങനെ –
പരിപാടി സർക്കാർ ആയിക്കോട്ടെ സ്വാകാര്യമായിക്കോട്ടെ അറിയിപ്പ് ഉള്ള ബോർഡിൽ നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ മസ്റ്റാ….
എന്നാൽ ഈ ആന എഴുന്നള്ളിപ്പ് നിലനിൽക്കാൻ, ആനകളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന് നാട്ടാന ക്ഷാമം പരിഹരിച്ചു സംരക്ഷിക്കാൻ സർക്കാരുകളോ മറ്റുള്ളവരോ ഒരു ശ്രമവും നടത്തുന്നില്ല എന്നത് ഏറെ ദുഃഖകരമായ യാഥാർഥ്യം ആണ്.
ഈ നിലക്ക് മുന്നോട്ട് പോകുകയാണെങ്കിൽ കുറച്ചു കാലത്തിനു ശേഷം ഇങ്ങനെ ബോർഡുകളിൽ മാത്രമേ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെ കാണുവാൻ നമ്മുടെ അടുത്ത തലമുറക്ക് സാധിക്കൂ
സേവ് പൂരം
ബൈജു താഴെക്കാട്ടിന്റെ ഈ പോസ്റ്റ് പൂര പ്രേമികൾക്കും ആന പ്രേമികൾക്കും സാധാരണക്കാർക്കുമിടയിൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
കലോത്സവത്തിന്റെ പ്രചരണാർത്ഥം തൃശൂർ നഗരത്തിലും മറ്റു പല സ്ഥലങ്ങളിലും സ്ഥാപിച്ച പ്രചരണ ബോർഡുകളിൽ തൃശൂർ പൂരത്തിന്റെ എഴുന്നള്ളിപ്പുകളുടെ ചിത്രങ്ങൾ ധാരാളമുണ്ട്.ഈ ചിത്രമടക്കം ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.






