Breaking NewsKeralaLead NewsNEWSpolitics

‘ബാലന്‍ പറഞ്ഞത് ചരിത്രം; ആന്റണി മാറാട് പോയത് കുഞ്ഞാലിക്കുട്ടിയെ കൂട്ടാതെ, കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തില്ല, ആര്‍എസ്എസ് എതിര്‍ത്തതാണ് കാരണം’; ജമാഅത്തെ ഇസ്ലാമി വിവാദത്തില്‍ മുഖ്യമന്ത്രി; ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സാധ്യമായതെല്ലാം ചെയ്തു

തിരുവനന്തപുരം: ജമാ അത്തെ ഇസ്ലാമി പരാമര്‍ശത്തില്‍ സിപിഎം കേന്ദ്രകമ്മറ്റി അംഗം എ.കെ. ബാലനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . കേരളത്തിന്റെ അനുഭവം ഓര്‍മിപ്പിച്ചത് എങ്ങനെ വര്‍ഗീയതയാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇന്നത്തെ കേരളം നമ്മുടെ രാജ്യത്തിന് മുന്നിലൊരു മാതൃകയാണ്. വര്‍ഗീയ സംഘര്‍ഷങ്ങളും വര്‍ഗീയ കലാപങ്ങളുമില്ല. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായ ചിത്രം കേരളത്തിനുണ്ടായിരുന്നു. അതായിരുന്നു എ.കെ. ബാലന്‍ ഓര്‍മിപ്പിച്ചത് എന്നാണ് താന്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആന്റണി മാറാട് പോയത് കുഞ്ഞാലിക്കുട്ടിയെ കൂട്ടാതെയാണ്. ആര്‍എസ്എസ് എതിര്‍ത്തതാണ് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നത്തെ കേരളം നമ്മുടെ രാജ്യത്തിന് മാതൃകയാണ്. വര്‍ഗീയ സംഘര്‍ഷങ്ങളും വര്‍ഗീയ കലാപങ്ങളുമില്ല. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായ ചിത്രം കേരളത്തില്‍ ഉണ്ടായിരുന്നു. അതാണ് എ.കെ. ബാലന്‍ ഓര്‍മിപ്പിച്ചത് എന്നാണ് ഞാന്‍ കരുതുന്നത്. അതിനിഷ്ഠൂരമായ കലാപമായിരുന്നു മാറാട് കലാപം. അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി അവിടെ സന്ദര്‍ശിക്കുമ്പോള്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കൂടെ വരാന്‍ പാടില്ലെന്ന് ആര്‍എസ്എസ് നിബന്ധനവെച്ചിരുന്നു. അതനുസരിച്ച് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുത്തില്ല.

Signature-ad

ഞാന്‍ പാര്‍ട്ടി ഭാരവാഹിയായിരിക്കെ അവിടെ ആരുടെ അനുമതിയും വാങ്ങാതെ അവിടെ പോയിരുന്നു. യു.ഡി.എഫ് വര്‍ഗീയതയെ എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രശ്‌നം. അതിന്റെ ഉദാഹരണമാണ് അവി?ടെ കണ്ടത്. വര്‍ഗീയ ശക്തികള്‍ കേരളത്തില്‍ ഇപ്പോഴുമുണ്ട്. പക്ഷേ, അവര്‍ക്ക് അഴിഞ്ഞാടാന്‍ കഴിയുന്നില്ല. അവര്‍ തലപൊക്കാന്‍ ശ്രമിച്ചാല്‍ കര്‍ക്കശമായി നേരിടും. ഏത് വര്‍ഗീയതയായാലും നാടിനാപത്താണ് എന്ന നിലപാടാണ് എല്‍.ഡി.എഫ് സ്വീകരിച്ചത്. ഈ പറയുന്ന തരത്തില്‍ ഒരു നിലയുണ്ടായാല്‍ യുഡിഎഫ് എന്ത് സമീപനം സ്വീകരിക്കുമെന്ന് സൂചിപ്പിക്കാനാണ് ബാലന്‍ ശ്രമിച്ചത് എന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജസ്റ്റിസ്. ജെ.ബി.കോശി കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ സാധ്യമായത് എല്ലാം ചെയ്‌തെന്ന് മുഖ്യമന്ത്രി. 220 ശുപാര്‍ശകള്‍ നടപ്പാക്കി. ബാക്കിയുള്ളവയില്‍ ആശയക്കുഴപ്പം മാറ്റാന്‍ ഫെബ്രുവരി 6ന് യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കിയതിലെ പുരോഗതി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. കമ്മീഷന്‍ സമര്‍പ്പിച്ച 284 ശുപാര്‍ശകളും 45 ഉപശുപാര്‍ശകളുമാണ് സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചത്. 17 വകുപ്പുകള്‍ പൂര്‍ണമായി ശിപാര്‍ശ നടപ്പിലാക്കുകയും 220 ശുപാര്‍ശകളിലും ഉപശുപാര്‍ശകളിലും നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആസൂത്രണബോര്‍ഡുകള്‍ നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം തെറ്റാണ്. കേരളം ഇതിനെതിരെ നിലപാടെടുത്തു. സംസ്ഥാന നിലപാട് ശരിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രണ പ്രക്രിയയ്ക്ക് നല്‍കുന്ന പ്രാധാന്യം കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് കേരളം വികസന പാതയില്‍ മുന്നോട്ട് പോകും. ഈ മുന്നേറ്റം കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിലെ പ്രവര്‍ത്തനത്തിലും പ്രതിഫലിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന് കീഴില്‍ തകര്‍ന്നടിഞ്ഞതാണ് പൊതുമേഖല സ്ഥാപനങ്ങള്‍. അവയെ സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അതിന് പ്രതിരോധം തീര്‍ക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്തതെന്നും പിണറായി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: