ഇത് അതിജീവിതയുടെ വിലാപമല്ല അതിജീവിതന്റെ വിഷമം; രാഹുല്‍ മാങ്കൂട്ടത്തില്‍ കുടുംബം കലക്കിയെന്ന് അതിജീവിതയുടെ ഭര്‍ത്താവ്

പാലക്കാട്: ഏതൊരു അതിജീവിതയും നേരിടുന്ന പ്രശ്‌നങ്ങള്‍ പോലെത്തന്നെ അവരുടെ ഭര്‍ത്താവായ അതിജീവിതനും പ്രശ്‌നങ്ങളുണ്ട്. പലപ്പോഴും അതിജീവിതന്‍മാര്‍ അത് തുറന്നുപറയാറില്ലെന്നു മാത്രം. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയുടെ ഭര്‍ത്താവ് തന്റെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തോട് വിളിച്ചുപറയാന്‍ തയ്യാറായിരിക്കുന്നു.
തന്റെ കുടുംബജീവിതം തകര്‍ത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരേ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എന്തുകൊണ്ടാണ് മറുപടി നല്‍കാത്തതെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടിരിക്കുന്നു.
തന്റെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും തയ്യാറാവണം. തനിക്കും നീതി വേണം. തന്നെപ്പോലെ വേദന അനുഭവിക്കുന്നവരും കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ തലയില്‍ മുണ്ടിട്ടുനടക്കേണ്ട അവസ്ഥ വരുമെന്ന് ഭയന്ന് ഒന്നും പുറത്ത് പറയാതെയുമുള്ള നിരവധി പേരുണ്ടെന്നും അവര്‍ക്ക് വേണ്ടിക്കൂടിയാണ് തന്റെ പേരാട്ടമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അതിജീവിതയുടെ ഭര്‍ത്താവ്.
എന്റെ വിവാഹ ഫോട്ടോ ലോകമെമ്പാടുമുള്ള മലയാളികളുടെ ഇടയില്‍ പ്രചരിപ്പിച്ചു. പുറത്തിറങ്ങി നടക്കാന്‍പോലും കഴിയാതെയാണ് കുറച്ചുനാള്‍ ജീവിച്ചത്. ദുഃഖവും അപമാനവും എല്ലാം നേരിട്ട് കഴിഞ്ഞു. ഇനിയും മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്നുള്ളതുകൊണ്ടാണ് ഇപ്പോള്‍ പരസ്യമായി രംഗത്തുവരേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കോടതിയില്‍ പറഞ്ഞത് ഞങ്ങള്‍ക്കിടയിലുള്ള പ്രശ്നം പരിഹരിക്കാന്‍ വേണ്ടി വന്നതാണെന്ന്. അങ്ങനെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി വന്ന ആളാണെങ്കില്‍ അദ്ദേഹം എന്നെയും കൂടി വിളിച്ചിരുത്തി സംസാരിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്. അതല്ലേ ഒരു നാട്ടുനടപ്പ്. ഒരു സൈഡ് മാത്രം കേട്ട് പോയി അവരെ മാത്രമായിട്ട് പരിചരിച്ചെങ്കില്‍ അയാളുടെ ഉദ്ദേശ്യം എന്താണെന്ന് ചോദിക്കേണ്ടത് ജനങ്ങളും കോടതിയും നിയമവുമാണ്. ഇതാണോ ഒരു എംഎല്‍എ ചെയ്യേണ്ടത് എന്നാണ് തനിക്ക് ചോദിക്കാനുള്ളത്.
കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ജയിച്ചുവന്ന ഒരു എംഎല്‍എയാണ് ഇത്തരത്തിലുള്ള അന്തസുകെട്ട പ്രവൃത്തി ചെയ്തിട്ടുള്ളത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി എന്ന് പറഞ്ഞുകേട്ടു, അല്ലാതെ അദ്ദേഹത്തിന് എതിരെ എന്ത് നടപടി സ്വീകരിക്കാനാണ് നിങ്ങള്‍ മുതിര്‍ന്നിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവായിട്ടുള്ള വിഡി സതീശന്‍ വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടു.
അയാള്‍ ഇപ്പോഴും പാലക്കാട് നഗരത്തിലൂടെ വിലസുകയാണ്. വലിയ വേദന നിറഞ്ഞ ഘട്ടത്തിലൂടെയാണ് ഞാനും അമ്മയും അച്ഛനും കടന്നുപോയത്. അവര്‍ക്ക് ഞാന്‍ മാത്രമാണ് ഉള്ളത്. തന്നെപ്പോലെ വേദന അനുഭവിക്കുന്നവരും കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ തലയില്‍ മുണ്ടിട്ടുനടക്കേണ്ട അവസ്ഥ വരുമെന്ന് ഭയന്ന് ഒന്നും പുറത്ത് പറയാതെയുമുള്ള നിരവധി പേരുണ്ടെന്നും അവര്‍ക്ക് വേണ്ടികൂടിയാണ് തന്റെ പേരാട്ടമെന്നും അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞു. അതിജീവിതയുമായുള്ള വിവാഹമോചന നടപടികള്‍ക്കായി അപേക്ഷ ഉടന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിജീവിതയുടെ പോരാട്ടത്തിനൊപ്പം ഇനി അതിജീവിതന്റെ പോരാട്ടം കൂടി ആരംഭിച്ചിരിക്കുകയാണ്.






