ഇടതിനെയും വലതിനെയും വെട്ടി ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത്; ആന്റണി രാജുവിന്റെ തടവുശിക്ഷ നേട്ടമാകും; നേമത്തിനും വട്ടിയൂര്‍ക്കാവിനും കഴക്കൂട്ടത്തിനും പിന്നാലെ ബിജെപി സാധ്യതാ പട്ടികയിലേക്ക് തിരുവനന്തപുരവും; 34,000 അടിസ്ഥാന വോട്ടുകള്‍; പോരാട്ടം തീപാറും

കൊച്ചി: വോട്ട് വിഹിതത്തിലെ മത്സരത്തിനൊപ്പം തുടര്‍ച്ചയായി രണ്ടുവട്ടം ആന്റണി രാജു മത്സരിച്ച തിരുവനന്തപുരം നിയോജക മണ്ഡലം ബിജെപിയുടെ വിജയ സാധ്യതാ പട്ടികയിലേക്ക്. നിലവിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്കു നേട്ടമാകുമെന്നു വിലയിരുത്തല്‍. ബിജെപി സിറ്റി ജില്ലാ സെക്രട്ടറി കരമന ജയനെ മത്സരിപ്പിക്കാനും നീക്കം.
നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നീ വലിയ സാധ്യതയുള്ള മണ്ഡലങ്ങളുടെ കൂട്ടത്തില്‍ ബിജെപി തിരുവനന്തപുരവും ഉള്‍പ്പെടുത്തുന്നു. രണ്ടുതവണ ഇവിടെ എംഎല്‍എ ആയ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജു തൊണ്ടിമുതല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഇടതുമുന്നണിയുടെ വോട്ട് വലിയതോതില്‍ ചോരുമെന്നാണ് കണക്കുകൂട്ടല്‍. ഓരോതിരഞ്ഞെടുപ്പിലും വോട്ട് മാറിമറിയുന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം.
2021 ല്‍ ആന്റണി രാജു നാല്‍പ്പത്തിയെണ്ണായിരത്തിലേറെ വോട്ടു നേടിയപ്പോള്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത്രതന്നെ വോട്ടു കിട്ടിയത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശശി തരൂരിനാണ്. ബിജെപിയുടെ രാജീവ് ചന്ദ്രശേഖര്‍ 43,000ല്‍ കൂടുതല്‍ വോട്ടുനേടി രണ്ടാംസ്ഥാനത്തുമെത്തി. എന്നാല്‍ ഈ തദ്ദേശ തിരഞ്ഞെടുപ്പിലെ വാര്‍ഡുകളിലെ വോട്ടുകണക്കനുസരിച്ച് എല്‍ഡിഎഫിനാണ് മേല്‍കൈ. നാല്‍പ്പതിനായിരത്തില്‍പ്പരം വോട്ട് നേടിയപ്പോള്‍ ബിജെപി മുപ്പത്തിനാലായിരത്തിലേറെ വോട്ടുകളോടെ രണ്ടാംസ്ഥാനത്ത് തുടരുകയാണ്.
തിരുവനന്തപുരം 2021 നിയമസഭ തിരഞ്ഞെടുപ്പില്‍ ആന്റണി രാജുവിന് കിട്ടിയത് 48,748 വോട്ട്. വി.എസ്. ശിവകുമാറിന് 41,659 വോട്ടും ബിജെപി സ്ഥാനാര്‍ഥി ജി. കൃഷ്ണകുമാര്‍ നേടിയത് 34,996 വോട്ടും. 2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ലീഡെടുത്തത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരാണ്, 48296 വോട്ട്. രാജീവ് ചന്ദ്രശേഖര്‍ 43,755, പന്ന്യന്‍ രവീന്ദ്രന്‍ 27,076 എന്നിങ്ങനെയാണ് വോട്ട് നില. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ലീഡെടുത്തു, 40796 വോട്ട്. ബി.ജെ.പി 34,450, യു.ഡി.എഫ് 33,354 വോട്ട് എന്നിങ്ങനെയായിരുന്നു.
ഈ മൂന്നുതിരഞ്ഞെടുപ്പിലെ വോട്ട് കണക്ക് നോക്കുമ്പോള്‍ ബി.ജെ.പി ഒന്നിലും മുപ്പത്തിനാലായിരം വോട്ടിന് താഴെ പോയിട്ടില്ല. അടിസ്ഥാന വോട്ട് സ്ഥിരമായി കിട്ടുന്നുവെന്ന് സാരം. എല്‍ഡിഎഫിലേക്കും യുഡിഎഫിലേക്കുമാണ് വന്‍തോതില്‍ വോട്ടുമാറിമറിയുന്നത്. ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പി സാധ്യതകള്‍ കാണുന്നത്. തിരുവനന്തപുരം നഗരജില്ലാ അധ്യക്ഷന്‍ കരമന ജയനെ ഇവിടെ മല്‍സരിപ്പിക്കാനാണ് ആലോചന. നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി. മുരളീധര്‍, കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസ് എന്നിവര്‍ മല്‍സരിക്കുമെന്ന് ഉറപ്പാണ്. വട്ടിയൂര്‍ക്കാവില്‍ മുന്‍ഡിജിപി ആര്‍. ശ്രീലേഖയാണ് ഇതുവരെ നേതൃത്വത്തിന്റെ പരിഗണനയില്‍.






