MovieTRENDING

ചത്താ പച്ച ജനുവരി 22-ന് തിയേറ്ററുകളിലേക്ക്; ചിത്രത്തിൽ, മലയാള സിനിമയിലെ ഇതിഹാസമായ മമ്മൂട്ടി യുടെ സാന്നിധ്യം ഉറപ്പിക്കുന്ന റിലീസ് ഡേറ്റ് പോസ്റ്റർ

റീൽ വേൾഡ് എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന ആക്ഷൻ എൻ്റർടെയിനർ ‘ചത്താ പച്ച ’ 2026 ജനുവരി 22-ന് പ്രദർശനത്തിനെത്തും. റസ്ലിങ് പശ്ചത്താലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ മലയാള സിനിമയ്ക്ക് വലിയ ആവേശം പകരുമെന്നുറപ്പാണ്. പുറത്തുവിട്ട റിലീസ് ഡേറ്റ് പോസ്റ്ററിൽ തീപ്പൊരി പോലെ തിളങ്ങുന്ന സ്വർണ്ണനിറങ്ങൾ, പറക്കുന്ന നോട്ടുകൾ, ആവേശത്തോടെ ആർത്തുവിളിക്കുന്ന ജനക്കൂട്ടം, റിങ്ങിലെ ഒരു റെസ്ലർ എല്ലാം ചേർന്ന് ടീസറിലും മറ്റു പോസ്റ്ററുകളും കണ്ട ഒരു കളർഫുൾ റെസ്ലിങ് ലോകം ഈ പോസ്റ്ററിലും വ്യക്തമാണ്. എന്നാൽ ഈ മുഴുവൻ ദൃശ്യവിസ്മയത്തിനിടയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നതോ? “IN CINE‘M’AS” എന്ന വാചകത്തിലെ പ്രത്യേകം എടുത്തുകാണിക്കുന്ന “M”. ഹൈലൈറ്റ് ചെയ്തിരിക്കുന്ന അക്ഷരം മലയാള സിനിമയിലെ ഇതിഹാസമായ മമ്മൂട്ടി, ചത്താ പച്ചയിൽ ഉണ്ട് എന്നതിൻ്റെ സൂചനയാണ്. ആരാധകരും സിനിമാപ്രമികളും ഈ സംശയം സോഷ്യൽ മീഡിയയിൽ ഉടനീളം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ റിലീസ് ഡേറ്റ് പോസ്റ്റർ ആ ചർച്ചകൾക്ക് ഒരു സ്ഥിരീകരണം നൽകിയതുപോലെ തന്നെയാണ്. എനർജിയും സ്വാഗും നിറഞ്ഞ ഒരു ആക്ഷൻ എന്റർടെയിനറായിരിക്കെ, ഈ സൂചന ‘ചത്താ പച്ച ’യെ ഒരു സാധാരണ ചിത്രത്തിൽ നിന്ന് ഉയർത്തി ഒരു വലിയ സിനിമാറ്റിക് ഇവന്റായി മാറ്റുന്നതാണ്. റീൽ വേൾഡ് എൻ്റർടെയ്ൻമെൻ്റ് ൻ്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം റിതേഷ് & രമേശ് എസ് രാമകൃഷ്ണൻ നിർമ്മിച്ച് നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചത്താ പച്ച. പാൻ ഇന്ത്യൻ ചിത്രമായ ചത്താ പച്ചയുടെ വിതരണാവകാശം നേടിയിരിക്കുന്നത് ശക്തമായ ഡിസ്ട്രിബ്യൂട്ടേഴ്സ് ആണ്. കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് ചത്ത പച്ച തിയറ്ററുകളിൽ എത്തിക്കുന്നു. ചിത്രത്തിൻ്റെ തമിഴ് നാട്, കർണാടക റിലീസ് കൈകാര്യം ചെയ്യുന്നത് പി വി ആർ INOX പിക്ചേഴ്സ് ആണ്. ആന്ധ്ര–തെലങ്കാന മേഖലയിൽ മൈത്രി മൂവി മേക്കേഴ്സ്, നോർത്ത് ഇന്ത്യയിൽ കരൺ ജോഹറിൻ്റെ ധർമ പ്രൊഡക്ഷൻസ് എന്നിവരാണ് റിലീസ് ഏറ്റെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഏകദേശം 100 രാജ്യങ്ങളിലേക്ക് ചിത്രം എത്തിക്കുന്നത് ദി പ്ലോട്ട് പിക്ചേഴ്സാണ്. ചിത്രത്തിൻ്റെ സംഗീതവകാശം നേടിയിരിക്കുന്നത് ടി സീരീസ് ആണ്.
സാങ്കേതികമായി ചിത്രത്തിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നതും ഒരു ശക്തമായ ടീമാണ്. മലയാള സിനിമയിൽ ആദ്യമായി ശങ്കർ–എഹ്‌സാൻ–ലോയ് സംഗീതം ഒരുക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗാനരചന വിനായക് ശശികുമാർ, പശ്ചത്താല സംഗീതം മുജീബ് മജീദ്. ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ. ആക്ഷൻ കൊറിയോഗ്രഫി കലൈ കിങ്സൺ. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ. തിരക്കഥ സനൂപ് തൈക്കൂടം. കൂടാതെ അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവരുൾപ്പെടുന്ന ഒരു വമ്പൻ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. 2026-ലെ ആദ്യ പ്രധാന റിലീസുകളിലൊന്നായി, ‘ചത്താ പച്ച ’ ജനുവരി 22ന് ഒരുപറ്റം റൗഡീസുമായി റിങ്ങിലേക്ക് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: