ഇത്രയും ഡിമാൻഡ് ഉള്ള പാർട്ടിയോ കോൺഗ്രസ്: മറ്റത്തൂരിൽ ബിജെപിക്കാർക്ക് കോൺഗ്രസ് കൂടെ വേണം: എസ്ഡിപിഐക്കാരും കോൺഗ്രസിന് പിന്തുണ കൊടുക്കും:വടക്കാഞ്ചേരി ബ്ലോക്കിൽ ലീഗ് സ്വതന്ത്രനെ സിപിഎമ്മിനും വേണം: ജാഫറിനുള്ള ഓഫർ അരക്കോടിയുടേത് : വിജിലൻസ് അന്വേഷണം തുടങ്ങി

തൃശൂർ : കോൺഗ്രസുകാർക്കേ കോൺഗ്രസുകാരുടെ വില അറിയാത്തതുള്ളൂ എന്ന് പറയാറുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാരുടെ വില ഏറ്റവും നന്നായി അറിഞ്ഞത് മറ്റു പാർട്ടിക്കാരാണ്. ജയിച്ചു വന്ന കോൺഗ്രസുകാരെ കൊത്തിയെടുക്കാൻ കഴുകന്മാരെ പോലെ ബിജെപിയും സിപിഎമ്മും വട്ടമിട്ട് പറന്നപ്പോൾ തൃശ്ശൂർ ജില്ലയിലെ മറ്റത്തൂരിലും ചൊവ്വന്നൂരിലും കോൺഗ്രസ് മറുകണ്ടം ചാടിയപ്പോൾ വടക്കാഞ്ചേരി ബ്ലോക്കിൽ ലീഗ് സ്വതന്ത്രനും കട്ടപ്പയെ പോലെ കൂറുമാറി .
ഇതിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ ജാഫറിന് വന്ന ഓഫർ ആണ് കിടു. ഒന്നും രണ്ടുമല്ല 50 ലക്ഷം അഥവാ അര കോടിയാണ് ജാഫറിന് സിപിഎമ്മിന്റെ ഓഫർ ഉണ്ടാ യതെന്ന് വെളിപ്പെടുത്തൽ.
ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന് ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ പുറത്തുവന്നതോടെ സിപിഎമ്മിന് ക്ഷീണമായിട്ടുണ്ട്.
50 ലക്ഷമോ പ്രസിഡന്‍റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ലീഗ് സ്വതന്ത്രൻ ഇ യു ജാഫർ പറയുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. കൂറ്മാറി വോട്ട് ചെയ്തതിന് പിന്നാലെ ജാഫർ രാജിവെച്ചു. അട്ടിമറിയിലൂടെ പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങൾ സിപിഎം നേടി.
ലീഗ് സ്വതന്ത്രനായി തളിയിൽ നിന്നാണ് ജാഫർ വിജയിച്ചത്. “ലൈഫ് സെറ്റിലാക്കാൻ ഓപ്ഷൻ കിടക്കുന്നു. രണ്ട് ഓപ്ഷനാണുള്ളത്. അമ്പത് ലക്ഷമാണ് ഓഫർ കിടക്കുന്നത്. ഒന്നും രണ്ടും രൂപയല്ല. രണ്ടാമത്തെ ഓപ്ഷൻ വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് പദവിയാണ്. രണ്ടിലൊന്ന് തെരഞ്ഞെടുക്കാം.
നിങ്ങടെ കൂടെ നിന്നാൽ നറുക്കെടുത്താലെ കിട്ടുകയുള്ളൂ. ഇതാവുമ്പം ഒന്നും അറിയണ്ട, നമ്മളവിടെ പോയി കസേരയിൽ കയറി ഇരുന്നാൽ മതി” എന്ന് ജാഫർ പറയുന്നതിന്‍റെ ശബ്ദരേഖയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.തെരഞ്ഞെടുപ്പിന്‍റെ തലേന്ന് നടത്തിയ വെളിപ്പെടുത്തലാണ് കോൺഗ്രസ് പുറത്തുവിട്ടത്..
ശബ്ദരേഖ പുറത്തു വന്നതിന് പിന്നാലെ അനിൽ അക്കര ഡിജിപിക്കും വിജിലൻസിനും പരാതി നൽകി.
യുഡിഎഫിനും എൽഡിഎഫിനും 7 അംഗങ്ങൾ വീതമായിരുന്നു ഉണ്ടായിരുന്നത്. യുഡിഎഫ് അംഗമായിരുന്ന ലീഗ് സ്വതന്ത്രൻ ജാഫർ കൂറുമാറി വോട്ടുചെയ്തതോടെ വടക്കാഞ്ചേരി ബ്ലോക്ക് ഭരണം എൽഡിഎഫ് പിടിച്ചു. വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്ന് ജാഫർ വിട്ടു തന്നതോടെ അതും എൽഡിഎഫിന് കിട്ടി. പിന്നീട് ജാഫർ രാജിവെക്കുകയായിരുന്നു.
അതിനിടെ വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സി.പി.എം സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തളി ഡിവിഷന്‍ അംഗം എന്ന നിലയില്‍ 50 ലക്ഷം രൂപ തനിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്ന ജാഫര്‍ മാസ്റ്ററുടെ വെളിപ്പെടുത്തലില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തംഗവും കോണ്‍ഗ്രസ് വള്ളത്തോള്‍ നഗര്‍ ബ്ലോക്ക് പ്രസിഡന്റുമായ പി.ഐ ഷാനവാസിന്റെ ഫേസ്ബുക്ക് പേജിലൂടെ തനിക്ക് 50 ലക്ഷം രൂപ നല്‍കാമെന്ന് സിപിഎം പറഞ്ഞിട്ടുണ്ടെന്ന ജാഫര്‍ മാസ്റ്ററുടെ ശബ്ദ രേഖ പുറത്തുവിട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തെളിവ് സഹിതം കെപിസിസി ജനറല്‍ സെക്രട്ടറി അനില്‍ അക്കര ഡിജിപിയ്ക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് നടപടി.






