Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

‘ആരോപണം ഉന്നയിച്ചതല്ലാതെ കീറക്കടലാസ് പോലും ഹാജരാക്കാന്‍ വി.ഡി. സതീശനു കഴിഞ്ഞില്ല’; തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ വീണ്ടും വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രന്‍; കോടതിയില്‍ തെളിയിച്ചോളാം എന്ന സതീശന്റെ വാദം പാളുന്നോ?

തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അവാസ്തവമാണെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. തന്നെ വ്യക്തിഹത്യ ചെയ്യാനായി ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങളെ പരിഹസിച്ച കടകംപള്ളി, തെളിവ് ഹാജരാക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു.

ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന വിവാദങ്ങളില്‍ കടകംപള്ളിയെ എസ്.ഐ.ടി ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹായത്താല്‍ താന്‍ ആര്‍ക്കും വീട് വച്ചുനല്‍കിയിട്ടില്ലെന്ന് കടകംപള്ളി വ്യക്തമാക്കി. അത്തരത്തില്‍ ആര്‍ക്കെങ്കിലും വീട് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചു.

Signature-ad

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ പരിഹാസമാണ് കടകംപള്ളി സുരേന്ദ്രന്‍ ഉയര്‍ത്തിയത്. വലിയ ആരോപണങ്ങള്‍ ഉന്നയിച്ചതല്ലാതെ, അത് ശരിവെക്കുന്ന ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊളളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ മറുപടി നല്‍കാതെ മുങ്ങുകയാണു വി.ഡി. സതീശന്‍. ശബരിമലയിലെ ദ്വാരപാലക ശില്‍പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളിക്ക് അറിയാമെന്ന ആരോപണത്തിനാണ് വിഡി സതീശനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

ഉന്നയിച്ച ആരോപണത്തിനു തന്റെ പക്കല്‍ തെളിവുണ്ടെന്നും കോടതിയില്‍ തെളിയിച്ചോളാം എന്നുമായിരുന്നു വി.ഡി. സതീശന്റെ വാദം. എന്നാല്‍, ഇതിനെതിരേ കോടതിയില്‍ രണ്ടുകോടി രൂപ മാനനഷ്ടം നല്‍കണമെന്ന് ആവശ്യപ്പെട്ടാണു പരാതി നല്‍കിയത്. പരാമര്‍ശം പിന്‍വലിച്ചു മാപ്പു പറയണമെന്നും അല്ലെങ്കില്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.

ആദ്യം തവണ കേസ് പരിഗണിച്ചത് നവംബര്‍ 20നായിരുന്നെങ്കിലും വിഡി സതീശന് വേണ്ടി ഹാജരായ അഭിഷാഷകന്‍ സമയം നീട്ടി ചോദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കേസ് ഈ മാസം 25ലേക്ക് നീട്ടി. എന്നാല്‍ ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ സമയം നീട്ടിനല്‍കണമെന്ന് വിഡി സതീശന്റ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ഇങ്ങനെ ആവര്‍ത്തിക്കാന്‍ പറ്റില്ലെന്ന് കോടതി അറിയിച്ചു.

‘അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹം ഒരു കോടീശ്വരന് വിറ്റിരിക്കുകയാണ്. കടകംപള്ളിയോട് ചോദിച്ചാല്‍ അറിയാം ആരാ കോടീശ്വരന്‍ എന്ന്, കേരളത്തിലുള്ള കോടീശ്വരന്‍ ഇത് മേടിക്കില്ല. കടകംപള്ളിയോട് ചോദിച്ചായ കൃത്യമായി അറിയാം’- എന്നായിരുന്നു സതീശന്റെ വാക്കുകള്‍. തനിക്ക് എതിരായ പ്രതിപക്ഷ നേതാവിന്റെ ആരോപണം മാനസിക നില തെറ്റിയ ഒരാളുടേതാണെന്നും ആരോപണം വി ഡി സതീശന്‍ തെളിയിക്കണമെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളി.

‘രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നേതൃത്വംകൊടുക്കുന്ന ഒരു രാഷ്ട്രീയനേതാവ് എത്രമാത്രം അധഃപതിക്കാം എന്നുള്ളതിന്റെ പ്രകടമായ ഉദാഹരണമായി ഇത് ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്. ആ വെല്ലുവിളി എന്താണെന്നുവെച്ചാല്‍ അദ്ദേഹത്തിന് ആണത്തമുണ്ടെങ്കില്‍, തന്റേടമുണ്ടെങ്കില്‍, അഭിമാനമുണ്ടെങ്കില്‍ ശബരിമലയിലെ ദ്വാരപാലകശില്പം ഏത് കോടീശ്വരനാണ് കടകംപള്ളി സുരേന്ദ്രന്‍ വിറ്റതെന്ന് വ്യക്തമാക്കണം. അല്ലെങ്കില്‍ ഇടനിലക്കാരനായിനിന്നത് എന്ന് വ്യക്തമാക്കണം’ കടകംപള്ളി നിയമസഭയില്‍ പറഞ്ഞു.

നേരത്തേ കെ ഫോണിലും എക്സാലോജിക് കേസിലും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയും വി.ഡി. സതീശന്‍ തോല്‍വി നേരിട്ടിരുന്നു. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ കോടതിയില്‍നിന്നുള്ള പരാമര്‍ശം പോലും വലിയ പ്രചാരണത്തിന് എല്‍ഡിഎഫ് ഉപയോഗിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ കേസ് ഇനി മാറ്റിവയ്ക്കാനാകില്ലെന്നു കോടതി പറഞ്ഞതും പ്രതിപക്ഷ നേതാവിന് കുരുക്കാകും. തെളിവുണ്ടെന്നു പറയുകയല്ലാതെ അഭിഭാഷകന്റെ പക്കല്‍ കൊടുത്തു വിടാന്‍ പോലും അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: