ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് ഇതിലും നല്ല നിര്‍വചനം ഇനിയുണ്ടാവില്ല; ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയാണ് ലിവ്ഇന് റിലേഷന്‍ഷിപ്പുകളെന്ന് മോഹന്‍ ഭാഗവത്; വിവാഹം കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ സന്യാസ ജീവിതം തെരഞ്ഞെടുക്കണമെന്നും ആര്‍എസ്എസ് മേധാവി

കൊല്‍ക്കത്ത: ലിവ് ഇന്‍ റിലേഷനുകളെക്കുറിച്ച് ലോകമെമ്പാടും ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ആ ബന്ധത്തിന് വേറിട്ട നിര്‍വചനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്ത്. ഉത്തരരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളെന്നാണ് മോഹന്‍ഭാഗവതിന്റെ നിര്‍വചനം. ഇത്രയും രസകരവും അര്‍ത്ഥവത്തായതുമായ ഒരു അര്‍ത്ഥമോ നിര്‍വചനമോ ലിവ് ഇന്‍ റിലേഷന്‍ ഇതുവരെ ആരും നല്‍കിയിട്ടില്ലെന്ന് പറയാം.
ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനെക്കുറിച്ചുള്ള തന്റെ വ്യത്യസ്തമായ കാഴ്ചപ്പാട് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയാണു ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ കാണിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് മോഹന്‍ ഭാഗവത് വെളിപ്പെടുത്തിയത്.

വിവാഹം കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ സന്യാസ ജീവിതം തെരഞ്ഞെടുക്കണമെന്നായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്. വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ കുഴപ്പമില്ല. നമുക്ക് സന്യാസിമാരാകാം. എന്നാല്‍ അതുമില്ല, ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നുമില്ലെങ്കില്‍ പിന്നെ കാര്യങ്ങള്‍ എങ്ങനെ നടക്കും- മോഹന്‍ ഭാഗവത് ചോദിച്ചു.
ദമ്പതികള്‍ക്ക് എത്ര കുട്ടികള്‍ വേണം എന്നതിനെക്കുറിച്ചും ഭാഗവത് സംസാരിച്ചു.
ഒരു ദമ്പതികള്‍ക്ക് എത്ര കുട്ടികള്‍ വേണം എന്ന ചോദ്യം കുടുംബവും, വധൂവരന്മാരും, സമൂഹവും തീരുമാനിക്കേണ്ട ഒന്നാണ്. അതിനൊരു പ്രത്യേക ഫോര്‍മുല നല്‍കാനാവില്ല. എങ്കിലും 19-നും 25-നും ഇടയില്‍ വിവാഹം കഴിക്കുകയും മൂന്ന് കുട്ടികള്‍ ഉണ്ടാകുകയും ചെയ്താല്‍ മാതാപിതാക്കളുടെയും കുട്ടികളുടെയും ആരോഗ്യം നല്ലതായി നിലനില്‍ക്കുമെന്ന് ചില ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട് – ഭാഗവത് പറഞ്ഞു.
എന്തായാലും ലിവ് ഇന്‍ റിലേഷനെക്കുറിച്ചുള്ള മോഹന്‍ഭാഗവതിന്റെ നിര്‍വചനം ഇന്ത്യയില്‍ മാത്രമല്ല ലിവ് ഇന്‍ റിലേഷന്‍ ബന്ധങ്ങളുള്ള എല്ലായിടത്തും ചര്‍ച്ചയായിട്ടുണ്ട്.






