Breaking NewsKeralaLead Newspolitics

തോല്‍വി തങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും കുതിരക്കച്ചവടത്തിലൂടെ അധികാരം വേണ്ട ; തൃപ്പൂണിത്തുറ, പാലക്കാട് നഗരസഭകളില്‍ കൂട്ടുകൃഷിക്കില്ല, തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഇല്ലെന്നും എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: തോല്‍വി തങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും കുതിരക്കച്ചവടത്തിലൂടെ അധികാരം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസുമായി ഒരിടത്തും മുന്നണി ബന്ധം ആഗ്രഹിക്കുന്നില്ലെന്നും തൃപ്പൂണിത്തുറ, പാലക്കാട് നഗരസഭകളില്‍ യുഡിഎഫുമായി സഹകരിച്ചു പോകില്ലെന്ന സൂചനയും എം വി ഗോവിന്ദന്‍ നല്‍കി.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-യുഡിഎഫ് ധാരണയുണ്ടായി. ഇടതുപക്ഷത്തെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പരസ്യമായും രഹസ്യമായും ചില നീക്കങ്ങള്‍ നടത്തിയാണ് ബിജെപിയെ വിജയത്തിലെത്തിച്ചത്. ചെറിയ വോട്ടിനാണ് ആറ് സീറ്റ് എല്‍ഡിഎഫിന് നഷ്ടമായത്. ഇതെല്ലാം ഗൗരവമേറിയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പറഞ്ഞു.

Signature-ad

തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍ മധ്യകേരളത്തിന്റെ ചില ഭാഗത്തും മലപ്പുറത്തും നല്ല തിരിച്ചടിയുണ്ടായി. അതെല്ലാം ഗൗരവത്തോടെ പരിശോധിച്ച് തിരുത്തല്‍ വരുത്തി മുന്നോട്ടു പോകും. ജില്ലാ കമ്മിറ്റികള്‍ തോല്‍വി പരിശോധിക്കും. പഞ്ചായത്ത് തല പരിശോധന നടത്തും. ശേഷം തിരുത്തല്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണ വിരുദ്ധ വികാരം, ശബരിമല, വെള്ളാപ്പള്ളി, ന്യൂനപക്ഷ ഏകീകരണം എന്നിവ തോല്‍വിക്ക് കാരണമായോയെന്ന് പരിശോധനയില്‍ ഉള്‍പ്പെടുത്തുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ഏതെങ്കിലും ഒരു വിഭാഗം ഞങ്ങള്‍ക്ക് എതിരായെന്ന് പറയാനാകില്ല. മലപ്പുറത്തെ വോട്ട് പരിശോധിക്കുമ്പോള്‍ പത്ത് ലക്ഷം വോട്ട് ഞങ്ങള്‍ക്കുണ്ട്. എല്‍ഡിഎഫിന് എല്ലാ സാമുദായിക മതവിഭാഗങ്ങള്‍ക്കിടയിലും നല്ല വോട്ട് നേടാനായെന്നാണ് കരുതുന്നത്.

വര്‍ഗീയ ശക്തികളായ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉള്‍പ്പടെയുള്ളവര്‍ കമ്യൂണിസ്റ്റ് വിരുദ്ധ ആശയം രൂപപ്പെടുത്തി. ലീഗിനും കോണ്‍ഗ്രസിനും വേണ്ടി അത് ഉപയോഗിച്ചു. ബിജെപി അതിന്റെ സ്വാധീനം വലിയ രീതിയില്‍ വ്യാപിപ്പിച്ചിട്ടില്ല. തിരുവനന്തപുരം നഗരസഭയിലെ വിജയം നോക്കി മാത്രം കേരളത്തില്‍ ബിജെപി മുന്നേറ്റം തീര്‍ത്തുവെന്ന് പറയാനാകില്ല. പന്തളം, കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടയുള്ള ക്ഷേത്ര നഗരങ്ങളില്‍ പോലും ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ലെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: