Breaking NewsCrimeKeralaLead NewsNEWSNewsthen Special

രണ്ടാം ബലാത്സംഗ കേസിലെ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം നടപടികള്‍; രാഹുലിന്റെ അറസ്റ്റ് തത്കാലമില്ല; പോലീസ് സംഘം തെരച്ചില്‍ അവസാനിപ്പിച്ചു മടങ്ങി; രാഹുല്‍ സമ്പന്നരുടെ ഫാമുകളില്‍ ഒളിവില്‍

പാലക്കാട്: ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിനായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതോടെയാണ് പൊലീസിന്റെ നടപടി. ഇതേത്തുടര്‍ന്ന്, രാഹുലിനെ കണ്ടെത്താനായി ദിവസങ്ങളായി ബെംഗളൂരുവില്‍ തമ്പടിച്ചിരുന്ന അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങി.

ബലാത്സംഗ കേസില്‍ ഹൈക്കോടതി അറസ്റ്റ് വിലക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതാണ് പൊലീസിന്റെ പിന്മാറ്റത്തിന് പ്രധാന കാരണം. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസില്‍ അറസ്റ്റ് തടഞ്ഞ സാഹചര്യത്തില്‍, തിരച്ചിലുമായി മുന്നോട്ടുപോകുന്നതില്‍ പ്രായോഗികമായ പരിമിതികളുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തി. ഇതോടെയാണ് ബെംഗളൂരുവിലെ തിരച്ചില്‍ അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.

Signature-ad

കഴിഞ്ഞ പത്ത് ദിവസമായി രാഹുല്‍ മാങ്കൂട്ടത്തിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. അന്വേഷണ സംഘത്തെ കബളിപ്പിച്ച് രാഹുല്‍ തുടര്‍ച്ചയായി ഒളിത്താവളങ്ങള്‍ മാറുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ബെംഗളൂരുവിലെ അതിസമ്പന്നരും രാഷ്ട്രീയ സ്വാധീനവുമുള്ള വ്യക്തികളുടെ ഫാം ഹൗസുകളിലാണ് രാഹുല്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ഒരു അഭിഭാഷകനാണ് രാഹുലിന് ഈ ഒളിസങ്കേതങ്ങള്‍ ഒരുക്കി നല്‍കിയതെന്നും അന്വേഷണ സംഘം സംശയിക്കുന്നു.

വലിയ എസ്റ്റേറ്റുകള്‍ക്ക് സമാനമായ ഈ ഫാം ഹൗസുകളില്‍ കയറി പരിശോധന നടത്തുന്നത് കേരള പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. ഇത്തരം കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ രാഹുലിന് സഹായകമായി. അന്വേഷണ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ന്നുപോയോ എന്ന സംശയവും ബലപ്പെട്ടിരുന്നു.

അതേസമയം, 23-കാരിയായ മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്ന രണ്ടാം കേസില്‍ രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. ഈ കേസിന്റെ വിശദമായ വാദം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്. ആദ്യ കേസില്‍ അറസ്റ്റ് തടഞ്ഞ സാഹചര്യത്തില്‍, രണ്ടാമത്തെ കേസിലെ കോടതി നിലപാട് അറിഞ്ഞ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. ഇതുപ്രകാരം, രണ്ടാം കേസില്‍ അറസ്റ്റ് സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരാനാണ് സാധ്യതയെന്ന് പൊലീസ് കരുതുന്നു.

അതേസമയം, രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിനേക്കാള്‍ കേസ് കൂടുതല്‍ ബലപ്പെടുത്താനുള്ള തെളിവുകള്‍ ശേഖരിക്കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യേണ്ടത് എന്നാണു നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രാഹുലിന്റെ ഫോണുകള്‍ പിടിച്ചെടുക്കുകയെന്നതാണ് അറസ്റ്റിലൂടെ പോലീസ് ലക്ഷ്യമിടുന്നത്. അറസ്റ്റ് വൈകുന്നത് ഇതു നശിപ്പിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. എന്നാല്‍, ചാറ്റുകളടക്കം വീണ്ടെടുക്കാന്‍ കഴിയുമെന്നും ഫോണ്‍ സംഭാഷണങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതും തെളിയിക്കാന്‍ കഴിയും. അതിജീവിതമാരില്‍നിന്ന് പരമാവധി തെളിവുകള്‍ ശേഖരിച്ചു കോടതിയില്‍ വാദിച്ചെടുക്കുകയെന്നതാണു വേണ്ടതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: