തെരഞ്ഞെടുപ്പുകാലം ഗതികേടുകാലം: ഇടഞ്ഞു നില്ക്കുന്ന സ്വന്തം പാര്‍ട്ടിക്കാരെ കൂടെനിര്‍ത്താന്‍ ബിജെപി നെട്ടോട്ടത്തില്‍; വായ്പയെടുത്തു തിരിച്ചടയ്ക്കാത്ത നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞ കുമാറിനെ തേടി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ഇടഞ്ഞു നില്ക്കുന്ന ബിജെപിക്കാരെ കൂടെ നിര്‍ത്താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ കളത്തിലിറങ്ങി. ബിജെപിയില്‍ നിന്ന് അകന്നുനില്ക്കുന്ന ബിജെപിക്കാരായവരെ പിണക്കങ്ങളും പരിഭവങ്ങളും തീര്‍ത്ത് ഈ തെരഞ്ഞെടുപ്പില്‍ ഒപ്പം നിര്‍ത്തുക എന്ന ദൗത്യമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഏറ്റെടുത്തിരിക്കുന്നത്.
പാര്‍ട്ടിയുമായി അകന്നു നില്ക്കുന്നവര് ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങളോ വിവാദങ്ങളോ ഉന്നയിക്കുകയാണെങ്കില്‍ അത് ഒഴിവാക്കാന്‍ ഈ കോംപ്രമൈസ് ഗുണം ചെയ്യുന്നതാണ് സംസ്ഥാന അധ്യക്ഷന്റെ വിലയിരുത്തല്‍. ബിജെപി നേതൃത്വവുമായി അകന്നു നില്ക്കുന്ന എംഎസ് കുമാറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സന്ദര്‍ശിച്ചതിന്റെ പ്രാധാന്യവും ഇവിടെയാണ്. ഇന്ന് രാവിലെയാണ് കുമാറിന്റെ വീട്ടില്‍ രാജീവ് ചന്ദ്രശേഖര്‍ എത്തിയത്.
എം.എസ്. കുമാറും ബിജെപിയുമായുള്ള അകല്‍ച്ചയുടെ ആഴം കുറയ്ക്കാനാണ് രാജീവ് എത്തിയത് എന്നാണ് സൂചന. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് വേളയിലെ സ്ഥിരം സന്ദര്‍ശനം ആണെന്നും എല്ലാ വീടുകളും കയറിയിറങ്ങുന്നതിന്റെ ഭാഗമായാണ് കുമാറിന്റെ വീട്ടില്‍ എത്തിയതെന്നും ആണ് രാജീവ് ചന്ദ്രശേഖരം അദ്ദേഹവുമായി അടുത്ത വൃത്തങ്ങളും പറയുന്നത്. ഇടഞ്ഞുനില്‍ക്കുന്ന കുമാറിനെ അനുനയിപ്പിച്ചില്ലെങ്കില്‍ എം.എസ്. കുമാര്‍ പലതും വിളിച്ചു പറയാന്‍ സാധ്യതയുണ്ടെന്ന ആശങ്ക മൂലമാണ് സംസ്ഥാന അധ്യക്ഷന്‍ കുമാറിന്റെ വീട്ടിലെത്തിയതൊന്നും പറയപ്പെടുന്നു.
സഹകരണസംഘത്തില്‍നിന്ന് ബിജെപി നേതാക്കള്‍ വായ്പയെടുത്തിട്ട് തിരിച്ചടയ്ക്കുന്നില്ലെന്നും സംസ്ഥാന നേതാക്കളുടേതടക്കമുള്ളവരുടെ പേരുകള്‍ പുറത്തുവിടുമെന്നും എം.എസ്. കുമാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എം എസ് കുമാറിനെ അനുനയിപ്പിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍, തദ്ദേശതെരഞ്ഞെടുപ്പില്‍ എല്ലാവരെയും കാണുന്നതിന്റെ ഭാഗമായാണ് എം എസ് കുമാറിനെ സന്ദര്‍ശിച്ചതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ വീട്ടിലും കയറുന്നുണ്ട്. അത്തരത്തിലൊരു സന്ദര്‍ശനമായിരുന്നു ഇത്. മറ്റ് വിഷയങ്ങളൊന്നും ചര്‍ച്ചയായില്ല. എല്ലാവരെയും കാണുന്നത് തന്റെ കടമയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറും വലിയശാല ഫാം ടൂര്‍ സഹകരണസംഘത്തിന്റെ അധ്യക്ഷനുമായ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് വായ്പയെടുത്തിട്ടും തിരിച്ചടയ്ക്കാത്ത ബിജെപി നേതാക്കളെ കുറിച്ച് എംഎസ് കുമാര്‍ സൂചന നല്‍കിയത്. താന്‍ നേതൃത്വം നല്കുന്ന സഹകരണ ബാങ്കില്‍ നിന്ന് ബിജെപി നേതാക്കള്‍ വായ്പ എടുത്തിട്ടുണ്ട്. വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്തവരാണ് നേതാക്കളായി നടക്കുന്നത്. ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ വായ്പ തിരിച്ചടയ്ക്കണമെന്നും കുമാര്‍ പറയുന്നു.
ഇപ്പോള്‍ പാര്‍ട്ടി പരിപാടികള്‍ തന്നെ അറിയിക്കാറില്ലെന്നും വായ്പ എടുത്ത നേതാക്കളെക്കുറിച്ച് വെളിപ്പെടുത്താന്‍ തീരുമാനിച്ചിടട്ടുണ്ടെന്നും അത് ഉടന്‍ തന്നെ വെളിപ്പെടുത്തുമെന്നും കുമാര്‍ പറഞ്ഞിരുന്നു. ഇത് വെളിപ്പെടുത്തുകയോ വായ്പയെടുത്ത് തിരിച്ചടക്കാത്തവരുടെ പേരുകള്‍ പുറത്തു വരികയോ ചെയ്യുന്നത് ബിജെപിക്ക് ഈ തിരഞ്ഞെടുപ്പ് കാലത്ത് വളരെ ക്ഷീണം ആകും എന്നതുകൊണ്ടുതന്നെ സംസ്ഥാന അധ്യക്ഷന്‍ നേരിട്ട് ഇടപെട്ട് ബിജെപിയുടെ പ്രതിച്ഛായ രക്ഷപ്പെടുത്താന്‍ രംഗത്തെത്തിയിരിക്കുകയാണ്.






