Breaking NewsIndiaLead NewsNEWSSportsTRENDING

എട്ടാമനായി ഇറങ്ങി തകര്‍പ്പന്‍ സെഞ്ചുറി; ഇന്ത്യ എ ടീമിന് അവിശ്വസനീയ വിജയം സമ്മാനിച്ച് മലയാളി താരം; 68 റണ്‍സിന് അഞ്ചു വിക്കറ്റ് വീണപ്പോള്‍ ഉയര്‍ത്തെഴുന്നേറ്റ് വിജയത്തിലേക്കു പറന്നു; പിറന്നത് 12 ഫോറും ആറു സിക്‌സറും

ബെംഗളൂരു: എട്ടാമനായി ബാറ്റിങ്ങിന് ഇറങ്ങി തകര്‍പ്പന്‍ സെഞ്ചുറിയുമായി മലയാളി താരം. മുഹമ്മദ് ഇനാന്‍ വാലറ്റത്ത് ആളിക്കത്തിയപ്പോള്‍ അണ്ടര്‍ 19 ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ എ ടീമിന് അവിശ്വസനീയ ജയം. ഇന്ത്യ ബി ടീമിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ 18 ഓവറില്‍ 5ന് 68 എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്നാണ് വിജയത്തിലേക്ക് പറന്നുയര്‍ന്നത്.

ഇന്ത്യ എ ആറുവിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് സ്പിന്‍ ബോളിങ് ഓള്‍റൗണ്ടറായ ഇനാന്‍ ക്രീസിലെത്തുന്നത്. 74 പന്തില്‍ 12 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 105 റണ്‍സ് നേടിയ ഇനാന്‍ ടീമിനെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചു. എ ടീം 269 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ബി ടീം 243 റണ്‍സിന് ഓള്‍ഔട്ടായി. എ ടീമിന് 26 റണ്‍സ് വിജയം.

Signature-ad

മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ് മാച്ചും തൃശൂര്‍ പുന്നയൂര്‍ക്കുളം പരൂര്‍ സ്വദേശിയായ മുഹമ്മദ് ഇനാനാണ്. സ്‌കോര്‍: ഇന്ത്യ എ 50 ഓവറില്‍ 7ന് 269. ഇന്ത്യ ബി 47.2 ഓവറില്‍ 243 ഓള്‍ഔട്ട് ഇന്ത്യയുടെ എ, ബി ടീമുകള്‍ക്കൊപ്പം അഫ്ഗാനിസ്ഥാന്‍ ടീമും പങ്കെടുക്കുന്ന അണ്ടര്‍ 19 ടൂര്‍ണമെന്റാണ് ബെംഗളൂരുവില്‍ നടക്കുന്നത്. ഇന്നലത്തെ ജയത്തോടെ ഇന്ത്യ എ ടീം ടൂര്‍ണമെന്റില്‍ ഫൈനല്‍ ഏറക്കുറെ ഉറപ്പിച്ചു. ഞായറാഴ്ചയാണ് ഫൈനല്‍.

കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ സ്പിന്‍ ബോളിങ് മികവിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ ഇനാന്‍ പിന്നാലെ ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗമായി. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: