ശബരിമല സ്വര്‍ണ്ണവിവാദം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല ; അന്വേഷണത്തിന് മുന്‍കൈയ്യെടുത്തത് ഞങ്ങള്‍ ; ഇത് അയ്യപ്പനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ ; പത്മകുമാറിന്റെ അറസ്റ്റില്‍ കെ കെ ശൈലജ

കണ്ണൂര്‍: ശബരിമല സ്വര്‍ണ്ണവിവാദത്തില്‍ അന്വേഷണത്തിന് മുന്‍കൈ എടുത്തത് ഈ സര്‍ക്കാരാണെന്നും ഇത് അയ്യപ്പനെ സംരക്ഷിക്കുന്ന സര്‍ക്കാരാണെന്നും മുന്‍മന്ത്രി കെ.കെ. ശൈലജ. പാര്‍ട്ടി ഒരു അന്വേഷണത്തെയും തടസ്സപ്പെടുത്തിയിട്ടില്ലെന്നും പദ്മകുമാറിന് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി നിഷേധിക്കില്ലെന്നും ശൈലജ പറഞ്ഞു.
ഇടതുപക്ഷം ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നവരാണ്. പത്മകുമാറിന്റെ അറസ്റ്റില്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതെ പറയാനുള്ളൂ. ഇപ്പോഴേ മുന്‍ധാരണ വയ്‌ക്കേണ്ട ആവശ്യമില്ലെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളം അതിദരിദ്ര മുക്തമാക്കി. ഇനിയും ഭരണം തുടര്‍ന്നാല്‍ ദാരിദ്ര്യവുമില്ലാതാക്കാനാകും. കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാകും.
തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് മുന്‍ മന്ത്രി കെ കെ ശൈലജ. കൂടുതല്‍ പഞ്ചായത്തുകളില്‍ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ കെ ശൈലജ പറഞ്ഞു. സിപിഐഎം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്നും അയ്യപ്പന്റെ ഒരു തരി നഷ്ടമാകരുത് എന്ന് തന്നെയാണ് നിലപാടെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. നിയമസഭയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണ്. യുഡിഎഫ് അന്വേഷണവുമായി സഹകരിച്ചില്ല. അന്വേഷണം സിബിഐക്ക് വിടണം എന്ന വാദം ഉന്നയിച്ചു.






