93 ല്‍ 70 ലും സിപിഐഎം മത്സരിക്കും, സിപിഐ 17 സീറ്റുകളിലും ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ശബരീനാഥന് എതിരാളിയാകുക മുന്‍ കൗണ്‍സിലര്‍ എ സുനില്‍ കുമാര്‍ ; ആര്‍ ശ്രീലേഖയ്ക്ക് എതിരെ ശാസ്തമംഗലത്ത് അമൃത

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കവടിയാറില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ശബരീനാഥനെതിരെ മുന്‍ കൗണ്‍സിലര്‍ എ സുനില്‍ കുമാര്‍ ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖയ്ക്ക് എതിരെ ശാസ്തമംഗലത്ത് അമൃത ആര്‍ മത്സരിക്കും. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു.
സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള 93 സീറ്റുകളില്‍ 70 സീറ്റില്‍ സിപിഐഎമ്മും 17 സീറ്റുകളില്‍ സിപിഐയും മത്സരിക്കും. കെ മാണി ഗ്രൂപ്പും ആര്‍ജെഡിയും മൂന്ന് സീറ്റിലും ജെഡിഎസ് രണ്ട് സീറ്റിലും ഐഎന്‍എല്‍ ഒരു സീറ്റിലും മത്സരിക്കും. ഡെപ്യൂട്ടി മേയര്‍ പി കെ രാജുവിന്റെ മകള്‍ തൃപ്തി രാജും മത്സരിക്കും.
എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ചിരുന്നു. 67 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി നേതാവ് വി വി രാജേഷ്, മുന്‍ ഡിജിപി ആര്‍ ശ്രീലേഖ തുടങ്ങിയവര്‍ മത്സരരംഗത്തുണ്ട്. വി വി രാജേഷ് കൊടുങ്ങാനൂരിലും ആര്‍ ശ്രീലേഖ ശാസ്തമംഗലം വാര്‍ഡിലും മത്സരിക്കും.






