ട്രംപിന്റെ ആണവായുധ പരീക്ഷണ പ്രഖ്യാപനത്തിനു പിന്നില്‍ റഷ്യയുടെ ഈ മിസൈല്‍; 9M729 നിര്‍ത്താതെ സഞ്ചരിക്കുക 2500 കിലോമീറ്റര്‍; ആണവ പോര്‍മുനകളും വഹിക്കും; ലോകത്താദ്യമായി ആണവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന മിസൈലുകളും പരീക്ഷിച്ചു; ലക്ഷ്യം യൂറോപ്പെന്നു വിദഗ്ധര്‍
ന്യൂക്ലിയര്‍ ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ബ്യൂറെവെന്‍സ്റ്റിക് ക്രൂയിസ് മിസൈലും കഴിഞ്ഞയാഴ്ച റഷ്യ പരീക്ഷിച്ചു. ഇതിനു പിന്നാലെ ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന പൊസൈഡോണ്‍ എന്ന ടോര്‍പ്പിഡോ (മുങ്ങിക്കപ്പലുകളിലെ മിസൈല്‍)യും പരീക്ഷിച്ചു

ലണ്ടന്‍: ആണവായുധങ്ങളുടെ കാര്യത്തില ട്രംപിന്റെ മനം മാറ്റത്തിനു പിന്നില്‍ റഷ്യയുടെ ക്രൂയിസ് മിസൈല്‍ സാങ്കേതികവിദ്യയെന്നു റിപ്പോര്‍ട്ട്. ഭൂമിയില്‍നിന്നു വിക്ഷേപിക്കാവുന്ന 9എം729 എന്ന മിസൈലിന്റെ പേരിലാണ് മനം മാറ്റമെന്നു യുക്രൈന്‍ വിദേശകാര്യ മന്ത്രിയും സാക്ഷ്യപ്പെടുത്തുന്നു.
ഓഗസ്റ്റ് ആരംഭിച്ചശേഷം 23 തവണയാണു യുക്രൈനെതിരേ റഷ്യ മിസൈല്‍ പ്രയോഗിച്ചത്. ഇതിനുമുമ്പ് 2022ല്‍ ആണ് സമാന മിസൈല്‍ റഷ്യ പ്രയോഗിച്ചത്. എന്നാല്‍, ഇതേക്കുറിച്ചു റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ലെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒറ്റയടിച്ച് 2500 കിലോമീറ്റര്‍ പറക്കാന്‍ ശേഷിയുള്ള മിസൈല്‍ യാഥാര്‍ഥത്തില്‍ അമേരിക്കയുടെ ഉറക്കം കെടുത്തുന്നു എന്നതാണു വസ്തുത. 2019ലെ ഇന്റര്‍മീഡിയറ്റ്-റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സ് (ഐഎന്‍എഫ്) കരാറില്‍നിന്ന് അമേരിക്ക പിന്‍മാറി. കരാറിന്റെ ഭാഗമായി 500 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ നിര്‍മിക്കരുത് എന്നതായിരുന്നു. ഇതു ലംഘിച്ചെന്നാണു ട്രംപ് ആരോപിക്കുന്നത്. റഷ്യ ഇക്കാര്യം നിഷേധിച്ചിട്ടുമുണ്ട്.

റഷ്യയുടെ 9എം729 മിസൈലിന് ആണവപോര്‍മുനകളുമായി നിര്‍ത്താതെ 2500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നു മിസൈല്‍ ത്രെട്ട് വെബ്‌സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു. ഒക്‌ടോബര്‍ അഞ്ചിന് റഷ്യ തൊടുത്ത മിസൈല്‍ 1200 കിലോമീറ്റര്‍ സഞ്ചരിച്ചാണ് യുക്രൈനില്‍ മാരകമായ നാശമുണ്ടാക്കിയത്. ഐഎന്‍എഫിന്റെ ഭാഗമായി നിരോധിച്ച മിസൈല്‍ ഉപയോഗിച്ചത് അമേരിക്കയുടെ നേതൃത്വത്തിലുണ്ടാക്കിയ കരാറിനെ അവമതിക്കലാണെന്നും യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്കു വിഘാതമാകുന്നതാണെന്നും ചൂണ്ടിക്കാട്ടുന്നു.
റഷ്യയുടെ മിസൈല്‍ കരുത്ത് യുക്രൈനു പുറമേ, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അപകടരമാണെന്നാണു വിലയിരുത്തുന്നത്. യുക്രൈന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സമ്മര്‍ദമുണ്ടാക്കാന്‍ വേണ്ടിയാണ് പുടിന്‍ അവ പ്രയോഗിച്ചതെന്നാണു കരുതുന്നതെന്നു പസഫിക് ഫോറത്തിന്റെ വിദഗ്ധന്‍ വില്യം ആല്‍ബേര്‍ഖ് ചൂണ്ടിക്കാട്ടുന്നു. യഥാര്‍ഥത്തില 9എം729 ലക്ഷ്യമിടുന്നത് യൂറോപ്യന്‍ രാജ്യങ്ങളെയാണ്.
ഇതിനു പുറമേ, ന്യൂക്ലിയര്‍ ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ബ്യൂറെവെന്‍സ്റ്റിക് ക്രൂയിസ് മിസൈലും കഴിഞ്ഞയാഴ്ച റഷ്യ പരീക്ഷിച്ചു. ഇതിനു പിന്നാലെ ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന പൊസൈഡോണ്‍ എന്ന ടോര്‍പ്പിഡോ (മുങ്ങിക്കപ്പലുകളിലെ മിസൈല്‍)യും പരീക്ഷിച്ചു.
എന്നാല്‍, ഇതേക്കുറിച്ചു പ്രതികരിക്കുന്നതിനു പകരം ആണവായുധ പരീക്ഷണങ്ങള്‍ പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കുകയാണു ട്രംപ് ചെയ്തത്. മറ്റു രാജ്യങ്ങള്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുന്നു എന്നായിരുന്നു വാദം. 500-5500 കിലോമീറ്റര്‍ പരിധിയുള്ള മിസൈലുകള്‍ വിലക്കിയ കരാറില്‍നിന്നു പിന്‍മാറിയതിനു പിന്നാലെ ഇന്റര്‍മീഡിയറ്റ് റേഞ്ച് മിസൈലുകളുടെ നിര്‍മാണത്തിനു റഷ്യ മൊറട്ടോറിയവും പ്രഖ്യാപിച്ചു.
എന്നാല്‍, 9എം729 മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ വിവരങ്ങളൊന്നും റഷ്യ പുറത്തുവിട്ടിട്ടില്ല. ട്രംപും പുടിനും അലാസ്‌കയില്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഓഗസ്റ്റ് 21ന് ഇവ പ്രയോഗിച്ചെന്നാണു വിവരം. ഒക്‌ടോബര്‍ അഞ്ചിനു റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന യുക്രൈനിയന്‍ ഗ്രാമമായ ലാപെവയ്ക റഷ്യന്‍ അതിര്‍ത്തിയില്‍നിന്ന് 600 കിലോമീറ്റര്‍ അകലെയാണ്. ഐഎന്‍എഫ് കരാര്‍ അനുസരിച്ച് റഷ്യ 500 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള മിസൈല്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ഈ ആക്രമണം സാധ്യമാകുമായിരുന്നില്ല.
മിസൈലിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍നിന്ന് അതില്‍ 9എം729 എന്നു രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇതു വിദഗ്ധര്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. എന്‍ജിന്‍, ട്യൂബ് എന്നിവ 9എം729 മിസൈലിന്റേതാകാനുള്ള എല്ലാ സാധ്യതകളും മിഡില്‍ബറി കോളജിലെ ഗ്ലോബല്‍ സെക്യൂരിറ്റി വിദഗ്ധന്‍ ജെഫ്രി ലൂയിസും ചൂണ്ടിക്കാട്ടുന്നു.
യുക്രൈനില്‍ എത്തിച്ചേരാന്‍ കഴിയുന്ന നിരവധി മിസൈലുകള്‍ റഷ്യയുടെ പക്കലുണ്ട്. ഇതില്‍ കടലില്‍നിന്നു വിക്ഷേപിക്കാന്‍ കഴിയുന്ന കാലിബര്‍, ആകാശത്തുനിന്ന് വിക്ഷേപിക്കാവുന്ന കെഎച്ച്-101 എന്നിവയാണ് അതില്‍ ചിലത്. എന്നാല്‍, ഇപ്പോള്‍ വീണ മിസൈല്‍ ഇതിലൊന്നും പെടുന്നതല്ല.






