ഇടുക്കിയില്‍ കനത്ത മഴ; ട്രാവലര്‍ ഒലിച്ചുപോയി; ഏഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഇടുക്കി: ഇടുക്കിയില്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ വ്യപക നാശം. കൂട്ടാറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. കുമിളിയില്‍ കരകവിഞ്ഞ തോടിന് സമീപമുള്ള വീട്ടില്‍ കുടുങ്ങിയ കുടുംബത്തെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു. മിനി (50), ദേവി (29), അക്ഷയ് കൃഷ്ണ (9), ദയാന് കൃഷ്ണ (4), കൃഷ്ണ (1)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. 42 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആന വിലാസം ശാസ്തനട ഭാഗം, വണ്ടിപ്പെരിയാര്‍, കക്കികവല എന്നിവിടങ്ങളിലും വെള്ളം കേറുന്ന സാഹചര്യമാണുള്ളത്. കല്ലാര്‍ ഡാമിലെ നാലു ഷട്ടറുകള്‍ ഉയര്‍ത്തി.
സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഇടുക്കി ഉള്‍പ്പടെ ഏഴ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളിലാണ് മുന്നറിയിപ്പ്.
തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ വടക്കന്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ലക്ഷദ്വീപിന് മുകളിലായി ന്യൂന മര്‍ദമായി ശക്തി പ്രാപിക്കും.തുടര്‍ന്നുള്ള 48 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദമായി വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യത പ്രവചിക്കുന്നത്.
ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ആറ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.






