Breaking NewsKeralaLead NewsNEWS

ദ്വാരപാലക- കട്ടിളപ്പാളി കേസുകളിൽ ജാമ്യം, ശബരിമല സ്വർണക്കൊള്ളയിൽ മുരാരി ബാബു പുറത്തേക്ക്!! തന്ത്രി അകത്തുതന്നെ, പുറത്തിറങ്ങിയത് 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാ​ഹചര്യത്തിൽ

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മുരാരി ബാബുവിന് ജാമ്യം. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായിരുന്ന മുരാരി ബാബുവിന് കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുരാരി ബാബുവിന് ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചതോടെയാണ് ജയിലിനു പുറത്തിറങ്ങുന്നത്.

അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം നൽകി വിധിയായത്. അതേസമയം എസ്ഐടി അറസ്റ്റു ചെയ്ത ശബരിമല തന്ത്രിയുടെ റിമാൻഡ് കാലാവധി വീണ്ടും നീട്ടി. 14 ദിവസം കൂടിയാണ് തന്ത്രിയുടെ റിമാൻഡ് കോടതി നീട്ടി നൽകിയത്. ഇതോടെ ശബരിമല സ്വർണക്കൊള്ളയിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ആദ്യ വ്യക്തിയായി മുരാരി ബാബു.

Signature-ad

റാന്നി കോടതി പരിധിയിൽ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, തെളിവുകൾ നശിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതിൽ ദ്വാരപാലക ശിൽപത്തിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ കേസ്. ഈ കേസിൽ രണ്ടാം പ്രതിയായിരുന്നു മുരാരി ബാബു. ഒക്ടോബർ 23നായിരുന്നു മുരാരി ബാബുവിനെ എസ്‌ഐടി അറസ്റ്റ് ചെയ്യുന്നത്. പെരുന്നയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ ചെമ്പ് പാളികൾ എന്ന് തെറ്റായി രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നുവെന്ന് എസ്‌ഐടി നേരത്തെ കണ്ടെത്തിയിരുന്നു. മുരാരി ബാബു ഇടപെട്ടാണ് സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം നവീകരണത്തിന് അയച്ചതെന്നും എസ്‌ഐടി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മുരാരി ബാബുവിന്റെ അറസ്റ്റ്. കട്ടിളപ്പാളി കേസിലും മുരാരി ബാബുവിന്റെ പങ്ക് വ്യക്തമായതോടെയായിരുന്നു എസ്‌ഐടി അറസ്റ്റിലേക്ക് നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: