ഗാസ കരാറില്‍ പ്രതിസന്ധി; ആയുധം താഴെ വയ്ക്കില്ലെന്ന് ഹമാസ്; ഗാസയുടെ നിയന്ത്രണം തുടരും; നിരായുധീകരണത്തിന് ഉറപ്പു നല്‍കിയിട്ടില്ലെന്ന് മുഹമ്മദ് നാസല്‍; ഹമാസ് കൂട്ടക്കൊലകള്‍ തുടര്‍ന്നാല്‍ തീര്‍ത്തു കളയുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

ദോഹ: ഡോണള്‍ഡ് ട്രംപ് മുന്നോട്ടു കൊണ്ടുവന്ന കരാറിന്റെ ഭാഗമായി ഹമാസ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചെങ്കിലും ഗാസയില്‍നിന്ന് ആയുധം വച്ചൊഴിയില്ലെന്നു വ്യക്തമാക്കി മുതിര്‍ന്ന നേതാവ്. ഗാസയിലെ സുരക്ഷ ഹമാസ് തന്നെ നോക്കുമെന്നാണ് പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് നാസല്‍ റോയിട്ടേഴ്‌സിനോടു പ്രതികരിച്ചത്.
ഹമാസിന്റെ നിരായുധീകരണത്തിന് ഉറപ്പു നല്‍കിയിട്ടില്ലെന്നും കരാര്‍ നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടേറിയ ഭാഗം ഇതാണെന്നും നാസല്‍ പറഞ്ഞു. ഗാസയിലെ പുനര്‍ നിര്‍മാണത്തിനായി അഞ്ചുവര്‍ഷം വെടിനിര്‍ത്തലിനു തയാറാണ്. പലസ്തീന്‍ ദേശത്തിനുള്ള എല്ലാ ഉറപ്പുകളും ലഭിക്കണം. പ്രതീക്ഷയുടെ ചക്രവാളമാണ് പലസ്തീന്‍ എന്നും നാസല്‍ പറയുന്നു.
ഖത്തറിലെ ദോഹയിലാണ് വര്‍ഷങ്ങളായി ഹമാസ് നേതാക്കള്‍ ആഡംബര ജീവിതം നയിക്കുന്നത്. ഗാസയില്‍ നടക്കുന്ന പരസ്യമായ കൊലപാതകങ്ങളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു നാസല്‍. യുദ്ധ സമയത്ത് അങ്ങേയറ്റത്തെ നടപടികള്‍ എടുക്കേണ്ടിവരുമെന്നും ക്രിനിമലുകള്‍ക്കെതിരേ നടപടി തുടരുമെന്നുമാണ് നാസലിന്റെ വാദം.
നാസലിന്റെ വാദം ഹമാസ് നേരത്തേതന്നെ ഉന്നയിച്ചിട്ടുള്ളതാണ്. ഗാസയിലെ യുദ്ധം പൂര്‍ണമായി നിര്‍ത്തുന്നതിന്റെ ഭാഗമായുള്ള കരാറില്‍ ഹമാസിന്റെ നിരായുധീകരണവും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കു സ്വതന്ത്രമായി ജീവിക്കാനോ മറ്റു രാജ്യങ്ങളിലേക്കു പോകാനോ ഉള്ള അവസരമൊരുക്കും. ഗാസ ഭാവിയില്‍ എങ്ങനെയാണു ഭരിക്കേണ്ടതെന്നും ഹമാസ് എന്തു ചെയ്യണമെന്നുമുള്ള ചര്‍ച്ചകള്‍ ഇനി നടക്കാനിരിക്കേയാണ് അട്ടിമറി സ്വഭാവമുള്ള വിശദീകരണം പുറത്തുവരുന്നത്.
കരാര്‍ നടപ്പാക്കാന്‍ ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാണെന്നും അതുവരെ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍തന്നെ എല്ലാ ബന്ദികളെയും വിട്ടയയ്ക്കുമെന്നാണു ഹമാസ് അറിയിച്ചത്. അതു നടന്നിട്ടില്ല. മരിച്ചവരെ ഇനിയും വിട്ടുകിട്ടാനുണ്ട്. ഹമാസ് ആയുധം താഴെ വയ്ക്കണം. ‘എങ്കില്‍, പക്ഷേ’ എന്നീ വാക്കുകള്‍ക്ക് ഇവിടെ പ്രസക്തിയില്ല. അവര്‍ക്ക് 20 ഇന പദ്ധതി നടപ്പാക്കാന്‍ ബാധ്യതയുണ്ട്. സമയം അവസാനിച്ചുകൊണ്ടിരിക്കുകയാണ് എന്നും ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ജനങ്ങളെ കൊല്ലുന്ന ക്രൂരത തുടരുകയാണെങ്കില്‍ ഗാസയില്‍ കടന്ന് ഹമാസിനെ തീര്‍ത്തുകളയാന്‍ മടിക്കില്ലെന്ന് യുഎസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപും വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ഹമാസിന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്. എതിരാളികളെ തിരഞ്ഞ് പിടിച്ച് ഹമാസ് കൂട്ടക്കുരുതി നടത്തുന്നതിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ കുറിപ്പ്.
‘സമാധാനക്കരാറില്‍ ഈ വ്യവസ്ഥയില്ല. ഗാസയിലെ ജനങ്ങളെ കൊല്ലുന്നത് ഹമാസ് തുടര്‍ന്നാല്‍ ഗാസയില്‍ കടന്ന് ഹമാസിനെ തീര്‍ത്തുകളയുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റുമാര്‍ഗങ്ങളില്ല’ എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. അതേസമയം, യുഎസ് സൈന്യം ഗാസയില്‍ കടക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അത് മറ്റാരെങ്കിലും ചെയ്യുമെന്നും അദ്ദേഹം ഓവല്‍ ഓഫിസില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.
ബന്ദികളായിരിക്കെ മരിച്ചവരുടെ മൃതദേഹങ്ങളുടെ കൈമാറ്റം ഹമാസ് എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നതെന്നും നന്നായി പെരുമാറിയാല്‍ അവര്‍ക്ക് കൊള്ളാം, അല്ലെങ്കില്‍ അപ്പോള്‍ കാണാമെന്നും ട്രംപ് ഭീഷണിയും മുഴക്കി. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെ ഗാസയിലേക്ക് പലസ്തീന്‍ ജനത മടങ്ങിയിരുന്നു. ഇതിനിടെയാണ് ആധിപത്യം നിലനിര്‍ത്തുന്നതിനായി എതിരാളികളെ ഹമാസ് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ഗാസ ഒരിക്കലും ഇസ്രയേലിനു ഭീഷണിയാകാത്ത വിധത്തില്‍ രാഷ്ട്രീയ ഭരണം മാറണമെന്നതാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവശ്യം. ഇക്കാര്യത്തിലാണ് അവ്യക്തതയെന്നാണ് ഹമാസ് നേതാവും പറയുന്നത്. ആര്‍ക്ക് ആയുധം കൈമാറണമെന്നാണു നിങ്ങള്‍ പറയുന്നതെന്നും എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. മറ്റ് സായുധ പലസ്തീന്‍ ഗ്രൂപ്പുകളും ആയുധങ്ങള്‍ കൈവശം വയ്ക്കുന്നുണ്ട്. ഇവരുടെ കാര്യത്തിലും ചര്‍ച്ച നടത്തേണ്ടതുണ്ട്. ബന്ദികളുടെ ശരീരം കൈവശം വയ്ക്കുന്നതിന് ഹമാസിനു താത്പര്യമില്ല. 28 മൃതദേഹങ്ങളില്‍ ഒമ്പതെണ്ണം കൈമാറിയിട്ടുണ്ട്. കൂടുതല്‍ ശരീരങ്ങള്‍ കണ്ടെത്താന്‍ തെരച്ചില്‍ ആവശ്യമുണ്ട്. ഇക്കാര്യത്തില്‍ തുര്‍ക്കിയുടെയും അമേരിക്കയുടെയും സഹായം ആവശ്യമാണെന്നുമാണ് ഹമാസിന്റെ നിലപാട്.






