Breaking NewsKeralaLead NewsNEWS

കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഷിംജിത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്തിന് ഡിലീറ്റ് ചെയ്തു? ഏഴ് വീഡിയോകൾ എഡിറ്റ് ചെയ്ത് ഒന്നാക്കി സ്ലോ മോഷനിൽ കൊടുത്ത് പോസ്റ്റ് ചെയ്തു, പുറമേ നിന്ന് സഹായം കിട്ടിയിട്ടുണ്ടെന്ന സംശയത്തിൽ പോലീസ്, ബസിൽ നിന്ന് ഇറങ്ങിയത് ഒന്നും സംഭവിക്കാത്ത രീതിയിൽ!! ഷിംജിതയ്ക്കായിി വീണ്ടും കസ്റ്റഡി അപേക്ഷ നൽകും

കോഴിക്കോട്: സമൂഹമാധ്യമത്തില‍ൂടെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. ഷിംജിതയുടെ കസ്റ്റഡി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ പോലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകും. ഇതിനായി കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കും.

വീഡിയോ എഡിറ്റ് ചെയ്യാൻ പ്രതി ഷിംജിത മുസ്തഫയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ബസിൽ നിന്ന് ഷിംജിത ഏഴ് ദൃശ്യങ്ങൾ പകർത്തിയതായാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഇത് ഒൻപതോ പത്തോ സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാക്കി ഇതു മാറ്റിയിട്ടുണ്ട്. ഇതിന് പുറമേ സ്ലോമോഷനുമാക്കിയിട്ടുണ്ട്. വീഡിയോ എഡിറ്റ് ചെയ്യുന്നതിന് ഷിംജിതയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിനായി ഷിംജിതയുടെ ഫോൺ വിശദമായി പരിശോധിക്കാനാണ് പോലീസ് തീരുമാനം.

Signature-ad

അതുപോലെ ദീപക്കിന്റെ മരണത്തിന് ശേഷം ഫോണിലെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഷിംജിത ഡിലീറ്റ് ചെയ്തിട്ടുണ്ട്. കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഷിംജിത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്തിന് ഡിലീറ്റ് ചെയ്തു എന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളിൽ അടക്കം ഷിംജിത പോലീസിന് വിശദീകരണം നൽകേണ്ടി വരും.

അതേസമയം ഷിംജിതയുടെ സഹോദരൻ സിയാദ് നൽകിയ പരാതിയിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാൾ ശല്യം ചെയ്തുവെന്നായിരുന്നു പയ്യന്നൂർ പോലീസിന് ഇമെയിൽ വഴി അയച്ച പരാതിയിൽ സഹോദരൻ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ബസിൽ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്ന് ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ടിൽ പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന്റെ മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തതെന്നായിരുന്നു റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. വീഡിയോ തന്റെ മാതാപിതാക്കളോ ബന്ധുക്കളോ കണ്ടാൽ മോശമായ ലൈംഗിക വൈകൃതമുള്ളവനായി ചിത്രീകരിക്കപ്പെടുമെന്ന് ദീപക് കരുതിയിരുന്നു. അസിസ്റ്റൻഫ് പ്രൊഫസർ യോഗ്യതയുള്ള മുൻ പഞ്ചായത്ത് മെമ്പറായിരുന്ന ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു. എന്നാൽ നേരിട്ട അനുഭവത്തെക്കുറിച്ച് ബസ് ജീവനക്കാരോട് പോലും ഷിംജിത പരാതിപ്പെട്ടില്ല. ബസിൽ നിന്ന് ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഷിംജിത ഇറങ്ങിപ്പോയതെന്നും പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ പതിനാറാം തീയതിയായിരുന്നു ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി ഷിംജിത സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത്. ഇതിന് പിന്നാലെ ദീപക്കിനെതിരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു. തൊട്ടടുത്ത ദിവസം ദീപക്കിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സൈബർ ആക്രമണത്തിൽ മനംനൊന്ത് ദീപക് ജീവനൊടുക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: