സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നിര്‍ണായക പരിശോധനകള്‍; ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറുടെ മുറിയിലെത്തി ഫയലുകള്‍ നോക്കി

ശബരിമല: സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നിര്‍ണായക പരിശോധനകള്‍. പ്രത്യേക അന്വേഷണസംഘം സന്നിധാനത്തെത്തിയാണ് പരിശോധനകള്‍ നടത്തുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയെ എസ്ഐടി വിശദമായി ചോദ്യം ചെയ്യുന്നതിനിടെ സമാന്തരമായിട്ടാണ് പരിശോധനകളും നടക്കുന്നത്. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകള്‍ നടത്തിവരുന്നത്. ഉച്ച മുതല്‍ സന്നിധാനത്ത് പരിശോധന നടക്കുന്നതായാണ് സൂചനകള്‍.
ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറുടെ മുറിയിലെത്തി ഫയലുകള്‍ നോക്കി. 2019 മുതലാണ് ഉണ്ണികൃഷ്ണന് പോറ്റി ശബരിമലയിലെ കാര്യങ്ങളില്‍ സജീവമായി ഇടപെട്ട് തുടങ്ങുന്നത്. സന്നിധാനത്തെ പരിശോധനയില്‍ നിന്ന് ദേവസ്വം വിജിലന്‍സ് ശേഖരിച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ഉണ്ണികൃഷ്ണന് പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ചാണ് ചോദ്യം ചെയ്യല്‍ നടത്തുന്നത്. അന്വേഷണസംഘം ഉടന്‍ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
ഉണ്ണികൃഷ്ണന് പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയില്‍ നിന്നും ബാംഗ്ലൂര്‍ എത്തിച്ച സ്വര്‍ണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ ഉടമസ്ഥതയില്‍ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഇടപാടുകളിലെ ദുരൂഹത സംശയിക്കുന്ന അന്വേഷണസംഘം തുടര്‍ അന്വേഷണത്തില്‍ സ്ഥാപന അധികാരികളെയും പ്രതിചേര്‍ത്തേക്കും.






