എറണാകുളത്ത് വോട്ട് മോഷണ ആരോപണവുമായി ഡിസിസി പ്രസിഡന്റ് ; ഒരേ പേരുകള്‍, ഒരേ മേല്‍വിലാസം. ഇതില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ത്തി കോണ്‍ഗ്രസ്

കൊച്ചി: എറണാകുളത്ത് വോട്ട് മോഷണ ആരോപണവുമായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കൊച്ചി കോപ്പറേഷനില്‍ മാത്രം 6557 ഇരട്ട വോട്ടുകള്‍ നടന്നു. 27 തദ്ദേശ സ്ഥാപനങ്ങളിലായാണ് ഇരട്ടവോട്ടുകള്‍ കണ്ടെത്തിയത്. ഒരേ പേരുകള്‍, ഒരേ മേല്‍വിലാസം. ഇതില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് മുഹമ്മദ് ഷിയാസ് പരാതി നല്കി.
വിശ്വാസ സംരക്ഷണ ജാഥ വേദിയിലായിരുന്നു മുഹമ്മദ് ഷിയാസ് ഇക്കാര്യം പറഞ്ഞത്. ഇതിന്റെ മധ്യമേഖല യാത്ര ബെന്നി ബെഹ്നാന് എംപിയാണ് നയിക്കുന്നത്. ജാഥ ഉദ്ഘാടനത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
അതേസമയം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ അബിന്‍ വര്‍ക്കിയെ തോളിലേറ്റി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. വിശ്വാസ സംരക്ഷണ ജാഥ വേദിയിലേക്കാണ് അബിന്‍ വര്‍ക്കിയെ പ്രവര്‍ത്തകര്‍ തോളിലേറ്റി എത്തിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉള്‍പ്പെടെയുള്ളവര്‍ വേദിയിലുണ്ടായിരുന്നു.
അതിനിടെ വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സംഭവത്തില്‍ ഇടപെട്ട് മുദ്രാവാക്യം വിളിക്കരുതെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നത് നിര്‍ത്തി. ശബരിമല സ്വര്‍ണക്കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരെയാണ് കെപിസിസി വിശ്വാസ സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നത്.





