തിയേറ്ററിലെ കുതിപ്പ് അവസാനിച്ച് ‘ലോക: ചാപ്റ്റര്‍-1’; പ്രതിദിന കളക്ഷന്‍ 10 ലക്ഷത്തിലേക്കു കൂപ്പുകുത്തി; തകര്‍ത്തത് മലയാളം സിനിമയുടെ എല്ലാക്കാലത്തെയും റെക്കോഡുകള്‍; കോടികള്‍ വാരി കാന്താര

കൊച്ചി: ആഴ്ചകളോളം ബോക്‌സ് ഓഫീസ് അടക്കി ഭരിച്ചതിനു പിന്നാലെ കുതിപ്പ് അവസാനിച്ച് ലോക. കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോകയുടെ തിയേറ്ററിലെ കാണികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. 43-ാം ദിവസത്തിലേക്കു സിനിമയുടെ പ്രദര്‍ശനം കടക്കുമ്പോള്‍ കളക്ഷന്‍ 10 ലക്ഷത്തിലേക്കു താഴ്ന്നു.
ആദ്യഘട്ടത്തിലെ കണക്ക് അനുസരിച്ച് സിനിമയുടെ ഇന്ത്യയിലെ കളക്ഷന്‍ 154.7 കോടിയാകുമെന്നായിരുന്നു. എന്നാല്‍, വേള്‍ഡ്‌വൈഡ് കളക്ഷന്‍ 300.45 കോടിയിലെത്തി. ഇതോടെ സിനിമയുടെ കുതിപ്പും അവസാനിച്ചെന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍.
ലോകയുടെ മലയാളം പതിപ്പ് 120.92 കോടിയിലെത്തിയതോടെ ‘ഓള്‍ടൈം ബ്ലോക്ക്ബസ്റ്റര്‍’ എന്ന പേരിലായിരുന്നു മാര്‍ക്കറ്റിംഗ്. എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളായി കളക്ഷന്‍ കുറഞ്ഞു തുടങ്ങി. 39-ാം ദിവസം 85 ലക്ഷവും 40, 41 ദിവസങ്ങളില്‍ 19 ലക്ഷം വീതവും 42-ാം ദിവസം 14 ലക്ഷവും 43-ാം ദിവസം 10 ലക്ഷത്തിലുമെത്തി.
അതേസമയം തൊട്ടു പിന്നാലെ എത്തിയ കാന്താര ആദ്യ എട്ടു ദിവസത്തിനുള്ളില്‍തന്നെ 336.5 കോടി നേടി.
ഓഗസ്റ്റ് 28 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ലോക, ഈ വര്‍ഷത്തെ അപ്രതീക്ഷിത വിജയമായി മാറുകയായിരുന്നു. കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍, സാന്‍ഡി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം റിലീസ് ചെയ്ത ആദ്യ 40 ദിവസങ്ങളില്‍ 299.9 കോടി രൂപ കടന്നതായും അതിനുശേഷം 300 കോടി മറികടന്നതായും സാക്നില്‍ക് കണക്കുകള്‍ പറയുന്നു.
പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാന വേഷമവതരിപ്പിച്ച എല്‍2- എമ്പുരാന്റെ 265.5 കോടി രൂപ റെക്കോര്‍ഡ് ലോക മറികടന്നു. 240 കോടി രൂപ നേടിയ മഞ്ഞുമ്മല്‍ ബോയ്സ് മൂന്നാമതും 234.5 കോടി രൂപ കളക്ഷന്‍ നേടിയ മോഹന്‍ലാലിന്റെ തുടരും നാലാമതുമാണ്.
ലോക ചാപ്റ്റര്‍ 2 ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ടൊവിനോ ആയിരിക്കും ഇതിലെ കേന്ദ്ര കഥാപാത്രം. മൈക്കല്‍ എന്ന് പേരുള്ള ചാത്തനായാണ് ടൊവിനോ എത്തുക. ദുല്‍ഖര്‍ സല്‍മാന്‍ ചാര്‍ലി എന്ന പേരുള്ള ഒടിയനായും ചിത്രത്തിലെത്തിയേക്കും. ലോക ചാപ്റ്റര്‍ 1 ലും ഇരുവരും ചെറുവേഷത്തില്‍ എത്തിയിരുന്നു. കല്യാണി പ്രിയദര്‍ശനേയും രണ്ടാം ഭാഗത്തില്‍ പ്രതീക്ഷിക്കാം.
lokah-box-office-collection-day-43-kalyani-priyadarshans-film-nears-end-of-run-earns-just-rs-10-lakhs






