Sports

ജിബൂട്ടിയെ തകര്‍ത്തുവിട്ടു, മുഹമ്മദ് സലായ്ക്ക് ഇരട്ടഗോള്‍, ആഫ്രിക്കയില്‍ നിന്നും ഈജിപ്തും ലോകകപ്പിലേക്ക് ടിക്കറ്റ് എടുത്തു ; ഘാനയ്ക്ക് ഒരു പോയിന്റ് മതി

മുഹമ്മദ് സലായുടെ ഇരട്ടഗോളുകളുടെ പിന്‍ബലത്തില്‍ ഈജിപ്ത് ലോകകപ്പ് യോഗ്യത ഉറപ്പാക്കി. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഒരു ജയം മതിയായിരുന്ന ഈജിപ്ത് കാസബ്ലാങ്കയില്‍ ജിബൂട്ടിക്കെതിരെ 3-0 ന് വിജയം പിടിച്ചെടുത്തു. മുഹമ്മദ് സലായ്ക്ക് പുറമേ ഇബ്രാഹീം അഡല്‍ എന്നിവരുടെ ഗോളുകളിലാണ് ഫറവോമാരുടെ നാട്ടുകാര്‍ ലോകകപ്പിന് ടിക്കറ്റ് എടുത്തത്.

ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് ഈജിപ്ത് എത്തുന്നത്. യോഗ്യത ഉറപ്പിക്കാന്‍ അവസാന രണ്ട് മത്സരങ്ങളില്‍ നിന്ന് ഈജിപ്തിന് വേണ്ടിയിരുന്നത് ഒരു ജയം മാത്രമായിരുന്നു. 2026 ലെ ഫിഫ ലോകകപ്പിന് യോഗ്യതാറൗണ്ടില്‍ ഈജിപ്തിന് ഇനിയും ഒരു മത്സരം കൂടി ബാക്കിയുണ്ട്. കളിയുടെ എട്ടാം മിനിറ്റില്‍ തന്നെ ഈജിപ്ത് മുന്നിലെത്തി. സിസോയുടെ ക്രോസില്‍ തലവെച്ചാണ് അഡല്‍ ഈജിപ്തിനെ മുന്നിലെത്തിച്ചത്. ആറു മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ സലാ ടീമിനായി ആദ്യഗോള്‍ നേടി. ട്രെസഗേ നല്‍കിയ ത്രൂബോള്‍ ചെറിയ ഒരു ചിപ്പിലൂടെ സലാ വലയിലാക്കി. കളി തീരാന്‍ ആറു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സലാ തന്റെ രണ്ടാംഗോളും ടീമിന്റെ മൂന്നാഗോളും നേടി.

Signature-ad

വടക്കേ ആഫ്രിക്കന്‍ ടീമുകളായ മൊറോക്കോ, ടുണീഷ്യ എന്നിവരോടൊപ്പം ലോകകപ്പ് ടിക്കറ്റ് നേടുന്ന മൂന്നാമത്തെ ആഫ്രിക്കന്‍ ടീമായിട്ടാണ് ഈജിപ്ത് അമേരിക്കയില്‍ എത്തുന്നത്. ഏഴ് ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് കിരീടങ്ങള്‍ നേടിയിട്ടുള്ള ഈജിപ്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പിലേക്ക് എത്തുന്നത്. മൂന്ന് തവണ ലോകകപ്പില്‍ കളിച്ചിട്ടുള്ള ഈജിപ്ത് 2018 ലാണ് അവസാനം കളിച്ചത്. ഈ ലോകകപ്പില്‍ തോളില്‍ പരിക്കേറ്റതിനെ തുടര്‍ന്ന സലാ കളിച്ചിരുന്നില്ല. ആ പതിപ്പില്‍, ഈജിപ്ത് അവരുടെ ഗ്രൂപ്പ് മത്സരങ്ങളില്‍ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു. ആതിഥേയരായ റഷ്യ, ഉറുഗ്വേ, സൗദി അറേബ്യ എന്നിവരായിരുന്നു ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

ഡിസംബര്‍ 5 ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന ലോകകപ്പ് ടൂര്‍ണമെന്റ് നറുക്കെടുപ്പില്‍ നേരിട്ട് യോഗ്യത നേടുന്ന ഒമ്പത് ആഫ്രിക്കന്‍ ടീമുകളില്‍ ഈജിപ്തും ഉള്‍പ്പെടും. ആഫ്രിക്കയില്‍ നിന്നുള്ള മറ്റൊരു ഗ്ളാമര്‍ടീം ഘാനയും ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടടുത്താണ്. കേവലം ഒരു പോയിന്റ് നേടാനായാല്‍ അവര്‍ക്കും ലോകകപ്പില്‍ കളിക്കാനാകും. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിനെതിരായ ഘാനയുടെ 5-0 വിജയം ബ്ലാക്ക് സ്റ്റാര്‍സിനെ യോഗ്യതയിലേക്ക് അടുപ്പിച്ചു. അവസാന മത്സരത്തില്‍ സമനിലയായാല്‍ പോലും ഘാന കടക്കും.

 

Back to top button
error: