Breaking NewsKeralaLead NewsNEWS

ഖത്തറിലിരുന്ന് ഇസ്രായേലിന് ജയ് വിളി; നാല്‍പ്പതോളം മലയാളികളെ ജയിലില്‍ അടച്ച് ഖത്തര്‍; അകത്തായത് സംഘപരിവാര്‍ അനുകൂലികള്‍; സോഷ്യല്‍ മീഡിയാ ഇടപെടല്‍ നടത്തുന്ന ഗള്‍ഫ് മലയാളികള്‍ അറിയാന്‍…

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഭരണകൂടങ്ങളെ വിമര്‍ശിക്കുന്നതിനുള്ള സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകൂടങ്ങളെയും അവരുടെ നിലപാടുകളെയും വിമര്‍ശിച്ചാല്‍ അതിന് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ഇന്ത്യന്‍ ജനാധിപത്യ സമൂഹത്തിലെ അഭിപ്രായ സ്വാതന്ത്ര്യം ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടാകണമെന്നില്ല. പല ഗള്‍ഫ് രാജ്യങ്ങളിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ഇന്ത്യക്കാര്‍ ജയിലില്‍ അടക്കപ്പെടുന്ന അവസ്ഥയുണ്ടാകും.

ഇപ്പോഴിതാ ഖത്തറില്‍ ജോലി ചെയ്യുന്ന ഒരു മലയാളി സോഷ്യല്‍ മീഡിയ പോസ്റ്റു ഷെയര്‍ ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായി എന്ന വിവരമാണ് മറുനാടന്‍ മലയാളിക്ക് ലഭിച്ചത്. ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിയെ സാമൂഹ്യ മാധ്യമം ദുരുപയോഗം ചെയ്‌തെന്ന കേസിലാണ് ഖത്തര്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ലഭ്യമായ വിവരം.

Signature-ad

ഖത്തറിന്റെ രാഷ്ട്രീയ നിലപാടിനെതിരെയുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിനാണ് നടപടി. 40 ഇന്ത്യക്കാരെ അറസ്റ്റു ചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റിലായവര്‍ മലയാളികളാണെന്നും ഇവര്‍ സംഘപരിവാര്‍ അനുകൂലികളാണെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇസ്രായേല്‍ ഖത്തറില്‍ ആക്രമണം നടത്തിയപ്പോള്‍ സംഘധ്വനി എന്ന സോഷ്യല്‍ മീഡിയാ പേജില്‍ വന്ന പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു എന്ന കുറ്റത്തിനാണ് അറസ്റ്റു നടപടി ഉണ്ടായതെന്നാണ് വിവരം.

ഖത്തര്‍ ഭരണാധികാരികളെ അതിനിശിതമായി വിമര്‍ശിക്കുന്ന കാര്‍ട്ടൂണിനൊപ്പമായിരുന്നു വിവാദമായ പോസ്റ്റ്. ഹമാസിനെയും ഐസിസിനെയും വിമര്‍ശിച്ചു കൊണ്ടും തീവ്രവാദത്തിന് ഫണ്ട് ചെയ്യന്നത് ഖത്തറാണെന്നും വിമര്‍ശിച്ചു കൊണ്ടുമാണ് പോസ്റ്റ്. ഇങ്ങനെ തുടങ്ങിയ പോസ്റ്റില്‍ വര്‍ഗീയ പരാമര്‍ശങ്ങളും അടങ്ങിയിട്ടുണ്ട്. ഈ പോസ്റ്റു ഷെയര്‍ ചെയ്തവര്‍ക്കെതിരെയാണ് ഖത്തര്‍ പോലീസ് നടപടി എടുത്തിരിക്കുന്നത്.

ജോലി ചെയ്തിരുന്ന കമ്പനിയില്‍ അന്വേഷിച്ചപ്പോള്‍, താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് പോലീസ് പിടികൂടിയതെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും കമ്പനി അധികൃതര്‍ അറിയിച്ചതായി ഭാര്യ പറഞ്ഞു. ഇന്ത്യന്‍ എംബസിയില്‍ വിവരം അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി എം.പിയെ ബന്ധപ്പെട്ട് വിവരം അറിയിക്കാന്‍ ശ്രമിക്കുന്നതായും പറഞ്ഞു. സുരേഷ് ഗോപിക്ക് നല്‍കിയ കത്തില്‍ എന്തെങ്കിലും തുടര്‍ നടപടി ഉണ്ടായതായും ആര്‍ക്കും അറിവില്ല.

കഴിഞ്ഞ 14 വര്‍ഷമായി ഖത്തറില്‍ കമ്പനിയില്‍ ജോലി നോക്കുകയാണ്. രണ്ടുമാസത്തെ അവധിക്കുശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് തിരികെ പോയത്. ഖത്തര്‍ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടും വിവരങ്ങള്‍ അന്വേഷിക്കുന്നതായി അവര്‍ അറിയിച്ചു.

സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിന് കര്‍ശന നിയന്ത്രണമുള്ള രാജ്യമാണ് ഖത്തര്‍. പോലീസിന്റെ കര്‍ശന നിയന്ത്രണത്തിലുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകള്‍ പോലീസ് നിരീക്ഷണത്തിലാണ്.ഇതുവഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും സമൂഹത്തില്‍ വംശീയ വികാരം ഉണര്‍ത്തുകയും ചെയ്യുന്ന പോസ്റ്റുകള്‍ ഇട്ടാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടിയാണ് ആഭ്യന്തര മന്ത്രാലയം കൈക്കൊള്ളുന്നത്.

ഖത്തര്‍ പൗരന്‍മാര്‍ അല്ലാത്തവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളാണ് പ്രധാനമായും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലുള്ളത്. ഇത്തരം സാഹചര്യത്തില്‍ ഖത്തറിലുള്ള പ്രവാസി മലയാളികള്‍ സോഷ്യല്‍ മീഡിയ ഇടപെടല്‍ നടത്തുമ്പോള്‍ കരുതലോടെ ഇടപെടേണ്ടതാണ്.

അതേസമയം ഖത്തറിലെ ജയിലുകളില്‍ ഖത്തര്‍ ജയിലില്‍ 611 ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഇ. ടി മുഹമ്മദ് ബഷീര്‍ എംപിക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ തടവുകാരുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമല്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഗള്‍ഫില്‍ രാജ്യങ്ങളിലെയും ജയിലുകളില്‍ ചെക്ക് കേസിലും മറ്റും ശിക്ഷ അനുഭവിക്കുന്നവരാണ്.

ലഹരി, മറ്റ് നിരോധിത വസ്തുക്കള്‍ തുടങ്ങിയവ കടത്തിയതിന് പേരില്‍ തടവിലാക്കപ്പെട്ടവരും, ഇതിലൂടെ വഞ്ചിക്കപെട്ടവരും ജയിലുകളില്‍ കഴിയുന്നുണ്ട്. ഇത്തരം ആളുകള്‍ക്ക് ആവശ്യമായ നിയമ സഹായം ലഭ്യമല്ല എന്നതാണ് പ്രധാന പ്രശ്നം. കുറ്റവാളികളെ കൈമാറാനുള്ള കരാറുമായി ബന്ധപെട്ട് ഇന്ത്യയും ഖത്തറും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഇതുവരെയും അത് നിലവില്‍ വന്നിട്ടില്ല. ഇത്തരമൊരു കരാര്‍ നിലവില്‍ വന്നാല്‍ വലിയ ഒരു ശതമാനം ആളുകള്‍ക്ക് വിദേശ രാജ്യത്ത് ശിക്ഷ അനുഭവിക്കുന്നതിന് പകരം ശിക്ഷ കാലാവധി നാട്ടില്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകും.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: