സുരേഷ്‌ഗോപിയില്‍ നിന്നും തിരിച്ചടി കിട്ടിയ ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് പണം നല്‍കി ; പ്രശ്‌നം ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് പരിഹാരമെന്ന് സിപിഐഎം

തൃശൂര്‍ : വലിയ പ്രതീക്ഷയില്‍ സുരേഷ്‌ഗോപിയെ കാണുകയും തിരിച്ചടി നേരിടുകയും ചെയ്ത ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് 10,000 രൂപ നല്‍കി. സുരേഷ്‌ഗോപിയുടെ കലുങ്ക് സംവാദത്തിനിടയില്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുക തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ സമീപിച്ചപ്പോഴാണ് ആനന്ദവല്ലിക്ക് അപമാനം നേരിടേണ്ടി വന്നത്.
ആനന്ദവല്ലി പ്രശ്‌നം ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് പരിഹാരം ഉണ്ടായതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സുരേഷ് ഗോപിയെ കാണുന്നതിന് പകരം ബാങ്ക് അധികൃതരെ കണ്ടാല്‍ മതിയായിരുന്നുവെന്ന് ആനന്ദവല്ലി പറഞ്ഞു.ഇരിങ്ങാലക്കുടയില്‍ നടന്ന കലുങ്ക് സംവാദം പരിപാടിയിലായിരുന്നു ആനന്ദവല്ലി സുരേഷ്‌ഗോപിയോട് സഹായം അഭ്യര്‍ഥിച്ചത്.
എന്നാല്‍ മന്ത്രിയുടെ ഭാഗത്ത് നിന്നും നല്ല വാക്കുകള്‍ ഉണ്ടായില്ലന്ന് മാത്രമല്ല, പൊതുമധ്യത്തില്‍ അപമാനിക്കപ്പെടുകയും ചെയ്‌തെന്ന് ആനന്ദവല്ലി പ്രതികരിച്ചു. അധ്വാനിച്ചുണ്ടാക്കിയ പണം ലഭിക്കുന്നതിനെ കുറിച്ചാണ് അദ്ദേഹത്തോട് ചോദിച്ചത്. മന്ത്രിയെ കണ്ട സന്തോഷത്തിലാണ് ചോദ്യം ചോദിച്ചത്, പക്ഷേ ലഭിച്ച മറുപടിയില്‍ വിഷമമുണ്ടെന്നും ആനന്ദവല്ലി പറഞ്ഞു.
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കണം എന്ന ആവശ്യവുമായി എത്തിയ ആനന്ദവല്ലിയോട് ”ചേച്ചി അധികം വര്‍ത്തമാനം പറയേണ്ട, ഇഡിയില്‍ നിന്ന് പണം ലഭിക്കാന്‍ മുഖ്യമന്ത്രിയെ സമീപിക്കൂ” എന്നായിരുന്നു മറുപടി നല്‍കിയത്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകാനുള്ള വഴി അറിയില്ലെന്ന് വയോധിക പറയുമ്പോള്‍ പത്രക്കാരോട് ചോദിച്ചാല്‍ മതിയെന്നും പറഞ്ഞു.






