Breaking NewsCrimeLead NewsNEWS

71 കാരി നാട്ടിലെത്തിയത് 75 കാരനെ വിവാഹം കഴിക്കാന്‍; ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ സഹോദരിക്ക് സംശയം; എംബസിയെ വിവരം അറിയിച്ചതോടെ പുറത്ത് വന്നത് യുഎസ് പൗരയുടെ കൊലപാതകം; ഇന്ത്യന്‍ വംശജയെ കൊന്ന് കത്തിച്ച സംഭവത്തില്‍ യുകെ പ്രവാസി ഒളിവില്‍

ചണ്ഡീഗഡ്: യുകെയില്‍ നിന്നുള്ള 75 കാരനെ വിവാഹം കഴിക്കാനായി യുഎസില്‍ നിന്ന് പഞ്ചാബിലെത്തിയ 71 കാരിയായ ഇന്ത്യന്‍ വംശജയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ജൂലൈയിലായിരുന്നു കൊലപാതകം. ബുധനാഴ്ചയാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരം പോലീസ് പങ്കുവെച്ചത്. സിയാറ്റിലില്‍ നിന്നെത്തിയ യുഎസ് പൗരയായ രൂപീന്ദര്‍ കൗര്‍ പാണ്ഡെറെ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ലുധിയാന പോലീസ് പ്രതികളുടെ പേര് ചേര്‍ത്തതോടെ സംഭവം പുറത്തെത്തുകയായിരുന്നു.

ലുധിയാന സ്വദേശിയും ഇംഗ്ലണ്ട് ആസ്ഥാനമായുള്ള പ്രവാസിയുമായ ചരണ്‍ജിത് സിംഗ് ഗ്രെവാളിന്റെ ക്ഷണപ്രകാരമാണ് രൂപീന്ദര്‍ കൗര്‍ പാണ്ഡെര്‍ ഇന്ത്യയിലെത്തിയത്. കൊലപാതകത്തിന് ഗ്രെവാള്‍ മറ്റൊരാളെ ഏര്‍പ്പാട് ചെയ്യുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മല്‍ഹ പട്ടി സ്വദേശി സുഖ്ജീത് സിങ് സോനുവിനെ പോലീസ് പിടികൂടി. പാണ്ഡെറെ തന്റെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തുകയും മൃതദേഹം സ്റ്റോര്‍ റൂമിലിട്ട് കത്തിക്കുകയും ചെയ്തതായി സോനു സമ്മതിച്ചതായി പോലീസ് പറഞ്ഞു. പാണ്ഡെറെ കൊലപ്പെടുത്തുന്നതിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത ഗ്രെവാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് സോനു ഇത് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

Signature-ad

ജൂലൈയ് 24ന് രൂപീന്ദറിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായി കണ്ടതോടെ സഹോദരി കമല്‍ കൗര്‍ ഖൈറയ്ക്ക് സംശയം തോന്നുകയും 28 ന് ഖൈറ ന്യൂഡല്‍ഹിയിലെ യുഎസ് എംബസിയെ വിവരമറിയിക്കുകയും അവര്‍ ഈ വിഷയം പോലീസിനെ ധരിപ്പിക്കുകയും ചെയ്തു. സന്ദര്‍ശനത്തിന് മുമ്പ് പാണ്ഡെര്‍ ഒരു വലിയ തുക ഗ്രെവാളിന് കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒളിവിലുള്ള ഗ്രെവാളിനെ കേസില്‍ പ്രതി ചേര്‍ത്തതായി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ലുധിയാന പോലീസ് റേഞ്ച്) സതീന്ദര്‍ സിങ് സ്ഥിരീകരിച്ചു. സോനുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രൂപീന്ദറുടെ അസ്ഥികൂടവും മറ്റ് തെളിവുകളും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

 

 

 

Back to top button
error: