ആന്‍ഡി പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറി ; പാകിസ്താന്റെ ഏഷ്യാകപ്പ് ബോയ്ക്കോട്ട് നീക്കം പാളി ; നാണംകെട്ട് ടീം കളിക്കാനിറങ്ങേണ്ടി വന്നു, കളി വൈകിയത് ഒരു മണിക്കൂറോളം

ദുബായ്: മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റാന്‍ ഐസിസി വിസമ്മതിച്ചതിനെ ത്തുടര്‍ന്ന് ഏഷ്യാക്കപ്പ് ബഹിഷ്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും അവസാനം പിന്മാറി നാണംകെട്ട് കളത്തിലിറങ്ങി പാകിസ്താന്. ഇന്ത്യാ പാക് മത്സരത്തിലെ തര്‍ക്കത്തിന് ശേഷം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാനുള്ള ഭീഷണി പാകിസ്താന് ഉപേക്ഷിച്ച് ടീം കളത്തിലെത്തി മത്സരിക്കാന്‍ നിര്‍ബ്ബന്ധിതരായി.
യുഎഇക്കെതിരെയുള്ള ഈ മത്സരം പാകിസ്താന് ഏറെ നിര്‍ണ്ണായകവുമാണ്. പൈക്രോഫ്റ്റ് കളി നിയന്ത്രിക്കുന്നതിനാല്‍ ടീം ഹോട്ടലില്‍ നിന്ന് പുറപ്പെടാന്‍ ആദ്യം വിസമ്മതിച്ചിരുന്നു. ഇതോടെ മത്സരം നിശ്ചിത സമയമായ രാത്രി 8 മണിക്ക് പകരം രാത്രി 9 മണിയിലേക്ക് മാറ്റി. കളി തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് ടീം സ്റ്റേഡിയത്തില്‍ എത്തണമെന്നാണ് നിയമം.
എന്നാല്‍ പ്രതിഷേധസൂചകമായി പാകിസ്താന് ടീം അങ്ങനെ ചെയ്തില്ല. പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറിയായി തുടരുമെന്ന തീരുമാനം, ഐസിസി സിഇഒ സഞ്ജോഗ് ഗുപ്ത ഒരു കോണ്‍ഫറന്‍സ് കോളിലൂടെ പിസിബി ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയുമായ മോഹ്സിന്‍ നഖ്വിയെ അറിയിക്കുകയായിരുന്നു. സിംബാബ്വെക്കാരനായ പൈക്രോഫ്റ്റ് എല്ലാ നിയമങ്ങളും കൃത്യമായി പാലിച്ചതിനാല്‍ അദ്ദേഹം തന്നെ ചുമതലയില്‍ തുടരുമെന്ന് ഐസിസി വ്യക്തമാക്കി.
ഞായറാഴ്ച ടോസിങ് സമയത്ത് പാക് ക്യാപ്റ്റന്‍ സല്മാന് അലി ആഗയും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കൈ കൊടുക്കുകയോ ടീം ഷീറ്റുകള്‍ കൈമാറുകയോ ചെയ്യാത്തത് മാച്ച് റഫറി പൈക്രോഫ്റ്റിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് പാകിസ്താന് ആരോപിച്ചു. സല്‍മാനോട് സൂര്യകുമാറുമായി കൈ കൊടുക്കരുതെന്നും രണ്ട് ക്യാപ്റ്റന്മാരോടും ടീം ഷീറ്റുകള്‍ കൈമാറരുതെന്നും പൈക്രോഫ്റ്റ് നിര്‍ദ്ദേശിച്ചതായി പിസിബി ആരോപിച്ചു. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മത്സരം കഴിഞ്ഞ ശേഷവും ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങള്‍ക്ക് കൈ കൊടുത്തില്ല.
ബുധനാഴ്ച, പിസിബി നല്കിയ രണ്ടാമത്തെ പരാതി ഐസിസി തള്ളിയതോടെയാണ് ഈ തര്‍ക്കം കൂടുതല്‍ രൂക്ഷമായത്. ഇതോടെ ദുബായിലെ ഗ്രോസ്വെനര്‍ ഹോട്ടലില്‍ നിന്ന് പാകിസ്താന് ടീം പുറപ്പെടാന്‍ വിസമ്മതിച്ചിരുന്നു. രണ്ടാമത്തെ പോയിന്റില്‍, മാച്ച് റഫറിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ‘പ്രതികരിക്കേണ്ട ആവശ്യമില്ല’ എന്ന് ഐസിസി വ്യക്തമാക്കി. ടോസിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് എസിസി വെന്യൂ മാനേജര്‍ നല്കിയ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പൈക്രോഫ്റ്റ് പ്രവര്‍ത്തിച്ചതെന്നും അത് ഉചിതമായ തീരുമാനമായിരുന്നു എന്നും ഐസിസി അറിയിച്ചു.
മൂന്നാമത്തെ പോയിന്റില്‍, ടോസ് ചടങ്ങിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാനും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനും വേണ്ടിയാണ് പൈക്രോഫ്റ്റ് അങ്ങനെ പ്രവര്‍ത്തിച്ചതെന്ന് ഐസിസി വിശദീകരിച്ചു. മാച്ച് റഫറിക്ക് യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്നും ഐസിസി ഊന്നിപ്പറഞ്ഞു. കളത്തിന് പുറത്ത് ടീമുകള്‍ക്ക് പ്രത്യേകമായിട്ടുള്ള പ്രോട്ടോക്കോളുകള്‍ കൈകാര്യം ചെയ്യേണ്ട ചുമതല മാച്ച് റഫറിക്കില്ല. അതിന്റെ ഉത്തരവാദിത്തം ടൂര്‍ണമെന്റ് സംഘാടകര്‍ക്കും അതത് ടീം മാനേജര്‍മാര്‍ക്കുമാണ്.
അവസാനമായി, കൈ കൊടുക്കാത്ത സംഭവത്തെക്കുറിച്ചാണോ പിസിബിയുടെ യഥാര്‍ത്ഥ ആശങ്കയെന്ന് ഐസിസി ചോദിച്ചു. ഇത് മാച്ച് റഫറിയുടെ ജോലിയല്ലെന്നും, അതുകൊണ്ട് ഈ വിഷയത്തിലുള്ള പരാതികള്‍ ടൂര്‍ണമെന്റ് സംഘാടകര്‍ക്കും തീരുമാനം എടുത്തവര്‍ക്കും നല്‍കണമെന്ന് ഐസിസി പിസിബിക്ക് നിര്‍ദ്ദേശം നല്കി.
ടൂര്‍ണമെന്റില്‍ പങ്കെടുക്കാതിരുന്നാല്‍ 16 ദശലക്ഷം ഡോളര്‍ വരെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടായിരുന്നതിനാല്‍, നഖ്വി പിസിബിയിലെ മുന്‍ ചെയര്മാന്മാരായ റമീസ് രാജ, നജം സേത്തി എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ടൂര്‍ണമെന്റില്‍ തുടരാന്‍ തീരുമാനിച്ചത്.






