സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ വെടിക്കെട്ട്, 77 പന്തുകളില്‍ സെഞ്ച്വറി ; 100 റണ്‍സ് വ്യത്യാസത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്ന ആദ്യ വനിതാടീമായി ഇന്ത്യന്‍ വുമണ്‍സ് ടീം ചരിത്രമെഴുതി

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 100-ല്‍ അധികം റണ്‍സിന്റെ മാര്‍ജിനില്‍ വിജയിക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ന്യൂ ചണ്ഡീഗഡിലെ മഹാരാജാ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ 102 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും വലിയ റണ്‍ മാര്‍ജിനിലുള്ള മുന്‍ റെക്കോര്‍ഡ് 92 റണ്‍സിന്റെ വിജയമാണ്. ഈ റെക്കോര്‍ഡ് ഇംഗ്ലണ്ടിന്റെ പേരിലായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ മുന്‍ ഏകദിനത്തിലെ ഏറ്റവും വലിയ വിജയം 2004 ഡിസംബര്‍ 28-ന് ചെന്നൈയില്‍ വെച്ച് നടന്ന മത്സരത്തില്‍ 88 റണ്‍സിനാണ്. രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, 49.5 ഓവറില്‍ 292 റണ്‍സെടുത്തു. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലീസ ഹീലി ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാന മികച്ച പ്രകടനം കാഴ്ചവെച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമിനായി ഓപ്പണിംഗിനിറങ്ങിയ ഈ ഇടംകൈയ്യന്‍ താരം, 91 പന്തില്‍ നിന്ന് 14 ഫോറുകളും 4 സിക്‌സറുകളും സഹിതം 117 റണ്‍സ് നേടി. 77 പന്തിലാണ് താരം സെഞ്ച്വറി തികച്ചത്. മന്ദാനയെ കൂടാതെ ഓള്‍റൗണ്ടറായ ദീപ്തി ശര്‍മ്മ 40 റണ്‍സ് ചേര്‍ത്തു. ബൗളിംഗില്‍ ആറ് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി ദീപ്തി രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഓസ്‌ട്രേലിയയ്ക്ക് എതിരേ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയും ഇതായിരുന്നു.




