Breaking NewsKeralaLead News

ടി സിദ്ദിഖ് എംഎല്‍എയുടെ ഓഫീസ് ആക്രമിച്ച ഡിവൈഎഫ്‌ഐ നടപടിയെ എതിര്‍ത്ത് കോണ്‍ഗ്രസ് ; സിപിഎം ഇവരെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ തിരിച്ചടിക്ക് നിര്‍ബ്ബന്ധമാകുമെന്ന് സണ്ണിജോസഫ്

കല്‍പ്പറ്റ: ടി സിദ്ദിഖ് എംഎല്‍എയുടെ ഓഫീസിന് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. നടപടിയെ കാടത്തമെന്ന് വിശേഷിപ്പിച്ച മുതിര്‍ന്ന നേതാക്കള്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അണികളെ നിലയ്ക്കു നിര്‍ത്താന്‍ സിപിഐഎം തയാറായില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്.

ക്രിമിനല്‍ സംഘത്തിന്റെ നടപടി ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. എന്തിന് വേണ്ടിയാണ് ക്രിമിനല്‍ സംഘത്തെ അയച്ച് എംഎല്‍എയുടെ ഓഫീസ് തകര്‍ത്തതെന്ന് സിപിഐഎം വ്യക്തമാക്കണം. സിപിഐഎം ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള എല്ലാ സൗകര്യവും പൊലീസ് ഒരുക്കിക്കൊടുത്തതായും പറഞ്ഞു.

Signature-ad

സിപിഐഎം പോഷക സംഘടന പോലെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഭരണ പാര്‍ട്ടി അംഗങ്ങളുടെ എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ട് നില്‍ക്കുകയാണെന്നും വിമര്‍ശിച്ചു. സിപിഎമ്മിന്റെ കാടത്തത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. എംഎല്‍എക്കെതിരെ യാതൊരു പരാതിയും നിലവിലില്ലാത്ത ഒരു പ്രശ്‌നത്തിന്റെ പേരിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച് ഒതുക്കാമെന്ന് സിപിഐഎം വ്യാമോഹിക്കരുത്. ഓഫീസ് ആക്രമിച്ച മുഴുവന്‍ പ്രതികളെയും ഉടനടി അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പൊലീസ് ആക്രമണകാരികള്‍ക്ക് പിന്തുണ നല്‍കുകയാണ്. ഇത് മര്യാദയല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ടി.സിദ്ദിഖ് എംഎല്‍എയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച് സാധനങ്ങള്‍ തല്ലിത്തകര്‍ത്ത സിപിഐഎം ക്രിമിനല്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.

അടിസ്ഥാനപരമായ യാതൊരു പരാതിയും ആക്ഷേപവും എംഎല്‍എയുടെ പേരിലില്ല. ഒരു തെറ്റും ടി.സിദ്ധിഖ് എംഎല്‍എയുടെ ഭാഗത്തില്ല. എന്തുകാരണത്തിന്റെ പേരിലാണ് ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസ് ആക്രമിച്ച് നാശനഷ്ടം വരുത്തിയതെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കണം. അണികളെ നിയന്ത്രില്ലെങ്കില്‍ നേരിടാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുമെന്നും പറഞ്ഞു.

പൊലീസ് കൈയ്യുംകെട്ടി നിന്ന് സിപിഐഎം അക്രമകാരികള്‍ക്ക് പ്രോത്സാഹസനം നല്‍കുകയാണ് ചെയ്തത്. അക്രമം തടയുന്നതിനും അക്രമികളെ അറസ്റ്റ് ചെയ്യാനും പോലീസ് മുതിര്‍ന്നില്ല. തികഞ്ഞ നിഷ്‌ക്രിയത്വവും പക്ഷപാതപരമായ നിലപാടുമാണ് പോലീസ് സ്വീകരിച്ചത്. ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് തയ്യാറാകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Back to top button
error: