പലവിധ കമ്പനികള്‍ വഴി നിക്ഷേപം സ്വീകരിച്ച് പ്രവര്‍ത്തകരെ വഞ്ചിക്കുന്നു; ഫിറോസിന്റെ രണ്ട് കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി ലഭിച്ചു; ഉടന്‍ പുറത്തുവിടുമെന്ന് ജലീല്‍

മലപ്പുറം: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരായ ആരോപണങ്ങള്‍ തുടര്‍ന്ന് കെ ടി ജലീല്‍ എംഎല്‍എ.ഫിറോസിന്റെ രണ്ട് കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി ലഭിച്ചിട്ടുണ്ടെന്നും അടുത്തദിവസം വിവരങ്ങള്‍ പുറത്തുവിടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഐഎം മലപ്പുറത്ത് നടത്തിയ സീതാറാം യെച്ചൂരി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു ജലീല്‍. കടലാസ് കമ്പനികള്‍ രൂപവത്കരിച്ച് ഹവാലയും റിവേഴ്സ് ഹവാലയുമാണ് നടത്തുന്നതെന്ന സംശയം ബലപ്പെടുകയാണ്. സാമ്പത്തികത്തട്ടിപ്പ് നടത്തുന്നതിനെതിരെയാണ് മതസംഘടനകള്‍ ലീഗിനെ ഉപദേശിക്കേണ്ടതെന്നും ജലീല്‍ പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കള്‍ സ്വന്തം പ്രവര്‍ത്തകര്‍ക്കിടയിലാണ് സാമ്പത്തികത്തട്ടിപ്പ് നടത്തുന്നത്. പലവിധ കമ്പനികള്‍ രൂപവത്കരിച്ച് നിക്ഷേപം സ്വീകരിച്ചാണ് പ്രവര്‍ത്തകരെ വഞ്ചിക്കുന്നതെന്നും കെ ടി ജലീല്‍ ആരോപിച്ചു. പരാതിയുമായെത്തുന്ന പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണ്. പാണക്കാട് കുടുംബത്തെ ഉപയോഗിച്ചാണ് ഒരു വിഭാഗം നേതാക്കള്‍ പണമുണ്ടാക്കുന്നത്. ഇത്തരം കറക്കു കമ്പനികളുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പാണക്കാട് കുടുംബാംഗങ്ങള്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കെ ടി ജലീലും പികെ ഫിറോസും തമ്മിലുള്ള പരസ്യപ്പോര് മുറുകുകയാണ്. പി കെ ഫിറോസ് റിവേഴ്സ് ഹവാലയാണ് നടത്തുന്നതെന്നതടക്കം ആരോപണങ്ങള്‍ കെടി ജലീല്‍ എംഎല്‍എ ഉന്നയിച്ചിരുന്നു. ഫിറോസ് പല സ്ഥാപനങ്ങളും നടത്തുന്നുണ്ടെന്നും തിരുനാവായക്കാരനായ മുഹമ്മദ് അഷറഫാണ് അദ്ദേഹത്തിന്റെ ബിനാമിയെന്നും കെടി ജലീല്‍ പറഞ്ഞിരുന്നു. പി കെ ഫിറോസിന് അത് നിഷേധിക്കാനാവില്ലെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബന്ധുനിയമനം കയ്യോടെ പിടികൂടിയതിലുള്ള അമര്‍ഷമാണ് ജലീലിനെന്നും ദാവൂദുമായി ബന്ധമുണ്ടെന്നേ ഇനി പറയാനുള്ളൂവെന്നുമായിരുന്നു ഫിറോസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
മന്ത്രി ആയിരുന്ന ഘട്ടത്തിലെ അഴിമതി പുറത്ത് വരുന്നു എന്നറിഞ്ഞ വെപ്രാളത്തിലാണ് അദ്ദേഹം. തലയില്‍ മുണ്ടിട്ട് നട്ടക്കേണ്ടി വരുമോ എന്ന ഭീതിയാണ്. മനോനില തെറ്റിയ നിലയിലാണ് അദ്ദേഹമുള്ളത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. താന്‍ തൊഴിലും ബിസിനസും ചെയ്യുന്നുണ്ടെന്നും രാഷ്ട്രീയം ഉപജീവനമാക്കിയിട്ടില്ലെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. കൊപ്പത്തെയും ഹൈലൈറ്റ് മാളിലേയും സ്ഥാപനത്തില്‍ പങ്കാളിത്തം ഉണ്ട്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഇനിയും ബിസിനസുകള്‍ ഉണ്ടെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു.






