മീനാക്ഷിപുരം ചെക്ക്പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് 9 വര്‍ഷമായി വാടക നല്‍കാതെ; കെട്ടിട ഉടമ ദുരിതത്തില്‍

പാലക്കാട്: മോട്ടോര്‍ വാഹന വകുപ്പിന്റെ മീനാക്ഷിപുരം ചെക്ക്പോസ്റ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ഒന്‍പത് വര്‍ഷമായി വാടക നല്‍കുന്നില്ല. കെട്ടിടം ഒഴിഞ്ഞ് തരണമെന്ന് ആവശ്യപെട്ടിട്ടും ഉദ്യോഗസ്ഥര്‍ അത് അംഗീകരിക്കുന്നില്ലെന്നും കെട്ടിട ഉടമ പറയുന്നു. സ്വന്തം കെട്ടിടം പൊളിച്ചുപണിയാന്‍ പോലും കഴിയാതെ പ്രതിസന്ധിയിലാണ് കെട്ടിട ഉടമ.
2004 മുതലാണ് ഈ ചെറിയ കെട്ടിടത്തില്‍ മീനാക്ഷിപുരം ചെക്ക്പോസ്റ്റ് പ്രവര്‍ത്തിച്ച് വരുന്നത്. പല സ്ഥലത്തും ഒരോ വര്‍ഷവും വാടക കൂട്ടും. 2004 ലെ വാടകയില്‍ ഇതുവരെ ഒരുമാറ്റവും വരുത്തിയിട്ടില്ല. 2016 മുതല്‍ മോട്ടോര്‍ വാഹന വകുപ്പ് വാടക നല്‍കുന്നില്ല. 9 വര്‍ഷമായി വാടക നല്‍കാതെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് . കെട്ടിടം ഒഴിഞ്ഞ് തന്നാല്‍ പുതുക്കി പണിത് മറ്റ് ആര്‍ക്കെങ്കിലും വാടകക്ക് നല്‍കാം. കെട്ടിടം ഒഴിഞ്ഞു കൊടുക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറല്ല.
പഴയ വീടാണ് ചെക്ക് പോസ്റ്റായി പ്രവര്‍ത്തിക്കുന്നത്. നേരത്തെ വീടിന് ചെറിയ പണമാണ് നികുതിയായി നല്‍കിയിരുന്നത്. ആര്‍ടിഒ ചെക്ക് പോസ്റ്റിന് വാടകക്ക് നല്കിയതിനാല് കെട്ടിട നികുതിയായും കൂടുതല്‍ പണം ഉടമയടക്കണം. മീനക്ഷിപുരത്തെ നിലവിലുള്ള ചെക്ക് പോസ്റ്റ് നിര്‍ത്തലാക്കുകയാണെന്നും വെര്‍ച്ചല്‍ ചെക്ക് പോസ്റ്റ് ഉടന്‍ വരുമെന്നും പാലക്കാട് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. വാടക കുടിശ്ശിക വേഗത്തില്‍ നല്കാന് നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു.






