കഴുത്തിന് വെട്ടേറ്റ് ഭാര്യ, തൂങ്ങിമരിച്ച നിലയില്‍ ഭര്‍ത്താവ്, ഒന്നുമറിയാതെ ഉറങ്ങുന്ന പിഞ്ചുമക്കള്‍…

കാസര്‍കോട്: ഭര്‍ത്താവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തിന് മുറിവേറ്റ് സഹായമഭ്യര്‍ഥിച്ചെത്തിയ ഭാര്യയെ അയല്‍വാസികള്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബേഡകം കുറ്റിക്കോല്‍ പയന്തങ്ങാനം കെ.സുരേന്ദ്രന് (50) ആണ് മരിച്ചത്. പരിക്കേറ്റ ഭാര്യ സിമി കാസര്‍കോട് ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കഴുത്തില്‍ മുന്‍ഭാഗത്ത് വാക്കത്തികൊണ്ട് മുറിവേറ്റ നിലയില്‍ സിമി അയല്‍വീട്ടുകാരെ സമീപിക്കുകയായിരുന്നു. ഭര്‍ത്താവ് വെട്ടിയതാണെന്ന് സിമി അറിയിച്ചതായി അയല്‍വാസികള്‍ പറഞ്ഞു.
വിവരമറിഞ്ഞ് വീടിനടുത്തുള്ള ബന്ധുക്കള്‍ സുരേന്ദ്രനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് വീടിനകത്ത് ഏണിപ്പടിയുടെ കൈവരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഇവരുടെ ഒന്നര വയസ്സും അഞ്ച് വയസ്സുമുള്ള മക്കള്‍ അടുത്ത മുറിയില്‍ മുറിയില്‍ ഉറങ്ങുകയായിരുന്നു. സംഭവമറിഞ്ഞ് ബന്ധുക്കളായ അയല്‍വാസികള്‍ എത്തുമ്പോഴേക്കും കുട്ടികളില്‍ ഒരാള്‍ ഉണര്‍ന്നിരുന്നെങ്കിലും നടന്നതൊന്നും അറിഞ്ഞിരുന്നില്ല.
ഏറെക്കാലം പ്രവാസിയായിരുന്ന സുരേന്ദ്രന് മൂന്നുവര്‍ഷമായി കുറ്റിക്കോലില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഭാര്യ സിമി വീട്ടമ്മയാണ്. രാവിലെ 8.10-ന് സിമി ബന്ധുവിനെ ഫോണ്‍ വിളിച്ച് സംസാരിച്ചിരുന്നു. ശേഷമാണ് കഴുത്തില്‍ മുന്‍ഭാഗത്ത് വാക്കത്തികൊണ്ട് മുറിവേറ്റനിലയില്‍ സിമി അയല്‍വീട്ടുകാരെ സമീപിക്കുന്നത്.
ആശുപത്രിയില്‍ എത്തിക്കവെയാണ് വെട്ടേറ്റതാണെന്ന് സിമി പറയുന്നത്. ശേഷം സുരേന്ദ്രനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് ബന്ധുക്കള്‍ സുരേന്ദ്രനെ തൂങ്ങിയനിലയില്‍ കണ്ടത്. ഇതിനിടെ, കുട്ടികളില്‍ ഒരാളെ സ്കുളില്‍ കൊണ്ടുപോകുന്നതിനായി എന്നത്തേയും പോലെ വീടിനടുത്ത് റോഡില്‍ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ കുട്ടിയെ കാണാത്തതിനാല്‍ സിമിയെ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. ഡ്രൈവര്‍ വീട്ടുമുറ്റത്തെത്തി വിളിച്ചെങ്കിലും ആരും പ്രതികരിക്കാത്തതിനാല്‍ തിരിച്ചുപോകുകയായിരുന്നു.
വെട്ടേറ്റ സിമി വീട്ടില്‍നിന്ന് ഇറങ്ങിയശേഷം സുരേന്ദ്രന് ജീവനൊടുക്കിയതാകാമെന്ന് സംശയിക്കുന്നു. ബേഡകം പോലീസ്, ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. രാത്രി എട്ടോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. പരേതരായ അമ്പു മണിയാണിയുടെയും നാരായണിയുടെയും മകനാണ്.






