Breaking NewsLead NewsNEWSWorld

‘വെടക്കാക്കിയെങ്കിലും തനിക്കായില്ല’! അധിക തീരുവ ചുമത്തിയത് ഇന്ത്യയുഎസ് ബന്ധം വഷളാക്കി; തുറന്നു സമ്മതിച്ച് ട്രംപ്, മോദിയുമായി സംസാരിക്കും

വാഷിങ്ടന്‍: റഷ്യന്‍ എണ്ണ വാങ്ങിയതിന്റെ പേരില്‍ ഇന്ത്യയ്ക്കു മേല്‍ 50% തീരുവ ചുമത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതായി സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയാണ് റഷ്യയില്‍നിന്ന് കൂടുതല്‍ എണ്ണ വാങ്ങുന്നതെന്ന് ഡോണള്‍ഡ് ട്രംപ് ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യയ്ക്ക് 50% തീരുവ ഏര്‍പ്പെടുത്തിയത്. അത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല’ ട്രംപ് പറഞ്ഞു. 50% തീരുവ ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.

തീരുവ ഈടാക്കിയത് ഇന്ത്യയുമായി ഭിന്നതയ്ക്ക് ഇടയാക്കിയെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ സംസാരിക്കുമെന്നും യുഎസ് പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രശ്‌നപരിഹാരത്തിനു വഴി തുറക്കുന്നതിന്റെ സൂചനകളായാണ് നയതന്ത്ര വിദഗ്ധര്‍ ഇതിനെ കാണുന്നത്. ഇന്ത്യന്‍ വാണിജ്യമന്ത്രി അടുത്തയാഴ്ച വാഷിങ്ടന്‍ സന്ദര്‍ശിക്കുമ്പോള്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യ യുഎസില്‍നിന്ന് അകന്നു പോകാതിരിക്കുന്നതിനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഇന്ത്യയിലെ അംബാസഡറായി നിയമിച്ച സെര്‍ജിയോ ഗോര്‍ വ്യക്തമാക്കി. ട്രംപ് വ്യക്തിപരമായി പ്രധാനമന്ത്രി മോദിയെ ആക്രമിച്ചിട്ടില്ലെന്നും ഗോര്‍ ചൂണ്ടിക്കാട്ടി.

Signature-ad

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25% അധിക തീരുവയാണ് യുഎസ് ആദ്യം ചുമത്തിയത്. ഓഗസ്റ്റ് ആദ്യവാരം ഇതു നിലവില്‍ വന്നു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷയായി തീരുവ വീണ്ടും 25 % വര്‍ധിപ്പിച്ചു. ഓഗസ്റ്റ് 27 മുതല്‍ ഈ തീരുവ നിലവില്‍വന്നു. അധിക തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. നടപടി അങ്ങേയറ്റം ദൗര്‍ഭാഗ്യകരം ആണെന്നും രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Back to top button
error: