പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ ബാക്കി; മണിപ്പുരില്‍ സംഘര്‍ഷം, തോരണങ്ങള്‍ നശിപ്പിച്ചു

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മണിപ്പൂരില്‍ സംഘര്‍ഷം. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കെട്ടിയ തോരണങ്ങള്‍ നശിപ്പിച്ചു. ചുരാചന്ദ്പൂരിലാണ് സംഭവം. തുടര്‍ന്ന് പൊലീസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടി. അതേസമയം, ദേശീയപാത ഉപരോധം നാഗ സംഘടനകള്‍ താല്‍ക്കാലികമായി പിന്‍വലിച്ചിട്ടുണ്ട്.
8,500 കോടി രൂപയുടെ വികസന സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 13-നാണ് മണിപ്പുര്‍ സന്ദര്‍ശിക്കുന്നത്. മണിപ്പൂരില്‍ സംഘര്‍ഷം ഉടലെടുത്തതിനുശേഷം ആദ്യമായാണ് അദ്ദേഹം സംസ്ഥാനം സന്ദര്‍ശിക്കാനെത്തുന്നത്.
സന്ദര്‍ശനത്തിന് മുന്നോടിയായി മേഖലയില്‍ വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിരിക്കുന്നത്. ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. നരേന്ദ്ര മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിനെതിരെ നിരോധിത സംഘടനകള്‍ രം?ഗത്തുവന്നിട്ടുണ്ട്. മോദിയുടെ ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ ആറ് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ദ കോര്‍ഡിനേഷന്‍ കമ്മിറ്റി മോദി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കുടിയിറക്കപ്പെട്ട കുടുംബങ്ങളെ മോദി സന്ദര്‍ശിക്കുകയും പുനരധിവാസ പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
2023 മെയ് മാസത്തിലാണ് മണിപ്പൂരില്‍ സംഘര്‍ഷം ആരംഭിച്ചത്. ശേഷം ഇതുവരെമോദി മണിപ്പൂര്‍ സന്ദര്‍ശിക്കാതിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രധാനമന്ത്രി കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ദുരന്തബാധിതരെ ആശ്വസിപ്പിക്കുകയും വേണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും പ്രധാനമന്ത്രി തയ്യാറായിരുന്നില്ല.






