Breaking NewsKeralaLead NewsNEWS

ഇടിവീരന്‍മാരെ തൊടില്ലെങ്കിലും… എഡിജിപിയുടെ ട്രാക്ടര്‍ യാത്ര മേലുദ്യോഗസ്ഥന് റിപ്പോര്‍ട്ട് ചെയ്ത ഡിവൈഎസ്പിയെ സ്ഥലം മാറ്റി

പത്തനംതിട്ട: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര മേലുദ്യോഗസ്ഥന് റിപ്പോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിനെയാണ് സ്ഥലംമാറ്റിയത്. എറണാകുളം റൂറല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്കാണ് സ്ഥലം മാറ്റം.

പമ്പയില്‍ നിന്ന് ശബരിമല സന്നിധാനത്തേയ്ക്കും തിരിച്ചുമായിരുന്നു എം ആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര. പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമെ ട്രാക്ടര്‍ ഉപയോഗിക്കാവൂവെന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഹൈക്കോടതി വിധിയുണ്ട്. ഇതാണ് അജിത് കുമാര്‍ ലംഘിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയായിരുന്നു അജിത് കുമാറിന് കുരുക്ക് മുറുകിയത്. ഈ ദൃശ്യങ്ങള്‍ മേലുദ്യോഗസ്ഥന് കൈമാറിയത് ആര്‍ ജോസായിരുന്നു. ഇപ്പോഴത്തെ സ്ഥലംമാറ്റത്തിന് പിന്നില്‍ ട്രാക്ടര്‍ യാത്രാ വിവാദമെന്നാണ് സൂചന.

Signature-ad

ഇക്കഴിഞ്ഞ ജൂലൈ പന്ത്രണ്ടിനായിരുന്നു അജിത് കുമാറിന്റെ വിവാദമായ ട്രാക്ടര്‍ യാത്ര. ഇതിനെതിരെ ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി അജിക് കുമാറിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. അജിത് കുമാറിന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് ഹൈക്കോടതി വിലയിരുത്തി. ട്രാക്ടര്‍ യാത്ര ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ പത്തനംതിട്ട എസ്പിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസ് പിന്നീട് പരിഗണിച്ച ഹൈക്കോടതി അജിത് കുമാറിന് ശക്തമായ താക്കീത് നല്‍കിയിരുന്നു. അജിത് കുമാറിന്റെ വിശദീകരണം കേട്ട ശേഷം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇതിന് ശേഷം ഹര്‍ജിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

 

Back to top button
error: