Breaking NewsLead NewsNewsthen Special

ഇസ്രയേല്‍ ആക്രമണം ഭരണകൂട ഭീകരത; നെതന്യാഹുവിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം; രോഷം പ്രകടിപ്പിക്കാന്‍ വാക്കുകളില്ലെന്നും ഖത്തര്‍ അമീര്‍

ദോഹ: ഇസ്രയേലിന്റെ ആക്രമണം ഭരണകൂട ഭീകരതയെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരമൊരു നടപടിയില്‍ തങ്ങള്‍ എത്രമാത്രം രോഷാകുലരാണെന്നത് പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ഇത് ഭരണകൂട ഭീകരതയാണെന്നും തങ്ങളെ വഞ്ചിച്ചു എന്നും ഖത്തര്‍ അമീര്‍ പറഞ്ഞു.

”ഗാസയില്‍ അവശേഷിക്കുന്ന തടവുകാരുടെ ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷകളെ ഇസ്രയേലിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. രാജ്യാന്തര ക്രിമിനല്‍ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം. നെതന്യാഹുവിനെ പോലുള്ള ഒരാള്‍ നിയമത്തെക്കുറിച്ചു പ്രസംഗിക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം എല്ലാ രാജ്യാന്തര നിയമങ്ങളും ലംഘിച്ചു” ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പറഞ്ഞു.

Signature-ad

ഖത്തറില്‍ വീണ്ടും ആക്രമണം നടത്താന്‍ മടിക്കില്ലെന്ന നെതന്യാഹുവിന്റെ ഭീഷണിയ്ക്ക് പിന്നാലെയാണ് ഷെയ്ഖ് തമീ ബിന്നിന്റെ പ്രതികരണം പുറത്തുവരുന്നത്. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കില്‍ വീണ്ടും ഖത്തറില്‍ ആക്രമണം നടത്തുമെന്നായിരുന്നു നെതന്യാഹുവിന്റെ ഭീഷണി. നെതന്യാഹുവിന്റെ പ്രസ്താവനയെ ഖത്തര്‍ അപലപിച്ചിരുന്നു. ഖത്തറിനെ ലക്ഷ്യമിട്ടുള്ള ഭീരുത്വം നിറഞ്ഞ ആക്രമണത്തെയും ഭാവിയില്‍ രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുമെന്ന വ്യക്തമായ ഭീഷണിയെയും ന്യായീകരിക്കാനുള്ള ലജ്ജാകരമായ ശ്രമം എന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണത്തിനു ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി.

 

Back to top button
error: