Breaking NewsIndiaLead NewsLIFELife StyleNEWSNewsthen Special

അബദ്ധത്തില്‍ ആക്‌സിലറേറ്റര്‍ അമര്‍ത്തി; ഷോറൂമിന്റെ ഒന്നാം നിലയില്‍ നിന്ന് ഥാര്‍ പറന്നത് റോഡിലേക്ക്; പാളിയത് ചെറുനാരങ്ങ കയറ്റി എടുക്കാനുള്ള നീക്കം

ന്യൂഡല്‍ഹി:  പുത്തന്‍ വാഹനം വാങ്ങുന്നതിന്‍റെ സന്തോഷം വേറെ തന്നെയാണ്. പലപ്പോളും ആളുകള്‍ അത്തരം നിമിഷങ്ങള്‍ ആഘോഷമാക്കാറുണ്ട്. എന്നാല്‍ ഡല്‍ഹിയില്‍ പുത്തന്‍ മഹീന്ദ്ര ഥാർ വാങ്ങിയ യുവതിയുടെ സന്തോഷം നീണ്ടു നിന്നത് കേവലം മിനിറ്റുകള്‍ക്ക് മാത്രമാണ്. ഷോറൂമില്‍വച്ച് അബദ്ധത്തില്‍ ആക്സിലേറ്റര്‍ അമര്‍ത്തിയതിനെ തുടര്‍ന്ന് വാഹനം ഒന്നാം നിലയിൽ നിന്ന് റോഡിലേക്ക് കുതിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. ഡൽഹിയിലെ നിർമ്മൻ വിഹാറിലെ മഹീന്ദ്ര ഷോറൂമിൽ നിന്നാണ് 29കാരിയായ മാണി പവാർ 27 ലക്ഷം രൂപ വിലമതിക്കുന്ന തന്റെ പുതിയ ഥാര്‍ വാങ്ങിയത്. ഷോറൂമിൽ നിന്ന് കാർ എടുക്കുന്നതിന് മുന്‍പ് ടയറിന്റെ അടിയില്‍ ചെറുനാരങ്ങ വച്ച് ആരംഭിക്കാം എന്ന് കരുതി. ചെറുനാരങ്ങയുടെ മുകളിലൂടെ വാഹനം കയറ്റിയിറക്കി പുതുവാഹനത്തിലെ യാത്രകള്‍ക്ക് ശുഭാരംഭം കുറിക്കാനായിരുന്നു യുവതി ആഗ്രഹിച്ചത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

Signature-ad

 

ഷോറൂമിന്റെ ഒന്നാം നിലയിലായിരുന്നു വാഹനം. ടയറിന്റെ അടിയില്‍ ചെറുനാരങ്ങ വച്ച് പതുക്കെ മുന്നോട്ടെടുക്കാന്‍ യുവതി ശ്രമിച്ചു. പക്ഷേ അബദ്ധത്തിൽ ആക്സിലറേറ്റർ അമർത്തി. പിന്നാലെ വാഹനം മുന്നോട്ടുകുതിച്ചു. ഷോറൂമിന്‍റെ ചില്ല് തകര്‍ത്ത് ഒന്നാം നിലയില്‍ നിന്ന് താഴെ റോഡരികിലെ നടപ്പാതയിലേക്ക് വീഴുകയായിരുന്നു വാഹനം. യുവതിയും ഷോറൂം ജീവനക്കാരനായ വികാസുമാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തിന് ശേഷമുള്ള വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു വിഡിയോയിൽ ഷോറൂമിന് താഴെയുള്ള റോഡിൽ മറിഞ്ഞുകിടക്കുന്ന കാറിന്‍റെ ദൃശ്യം കാണാം.

വാഹനത്തിലെ എയർബാഗുകൾ കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ ഇരുവരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയെയും ഷോറൂം ജീവനക്കാരനെയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രഥമശുശ്രൂഷയ്ക്ക് ശേഷം വിട്ടയയ്ക്കുകയും ചെയ്തു. സംഭവത്തില്‍ റോ‍ഡരികിലുണ്ടായിരുന്ന ഒരു ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. new-mahindra-thar-crashes-from-first-floor-showroom-in-delhi-minutes-after-purchase

Back to top button
error: