തടവില്‍ കഴിയുന്ന പലസ്തീനികളെ സര്‍ക്കാര്‍ പട്ടിണിക്കിടുന്നു; മൂന്ന് നേരം മുടങ്ങാതെ ഭക്ഷണം നല്‍കണം; ഇസ്രയേല്‍ സുപ്രീംകോടതി

ടെല്‍ അവീവ്: തടവില്‍ കഴിയുന്ന പലസ്തീനികളെ സര്‍ക്കാര്‍ പട്ടിണിക്കിടുകയാണെന്ന് ഇസ്രയേല്‍ സുപ്രീംകോടതി. തടവുകാര്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കണമെന്നും നല്കുന്ന ഭക്ഷണത്തിന്റെ അളവും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2023 ല്‍ യുദ്ധം ആരംഭിച്ച ശേഷം സുപ്രീംകോടതിയുടെ ഒരു സുപ്രധാന ഇടപെടലുണ്ടാകുന്നത് ഇപ്പോഴാണ്. ഇസ്രയേലിലെ വിവിധ ജയിലുകളില്‍ ആയിരത്തിലധികം പലസ്തീനികളാണ് തടവില്‍ കഴിയുന്നത്.
അസോസിയേഷന് ഫോര്‍ സിവില്‍ റൈറ്റ്സ് ഇന്‍ ഇസ്രയേല്‍, ഗിഷ എന്നീ സംഘടനകളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു സംഘടനകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. തടവുകാര്‍ക്കുള്ള ഭക്ഷണം സര്‍ക്കാര്‍ ബോധപൂര്‍വ്വം തടഞ്ഞുവെയ്ക്കുകയാണ് എന്നാണ് സംഘടനകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇത് തടവുകാര്‍ക്കിടയില്‍ പോഷകാഹാരക്കുറവിനും പട്ടിണിക്കും കാരണമാകുന്നുണ്ടെന്നും സംഘടനകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മൂന്നംഗ ജഡ്ജിമാര്‍ അടങ്ങിയ പാനലായിരുന്നു ഹര്‍ജി പരിഗണിച്ചത്. രണ്ട് ജഡ്ജിമാര്‍ പലസ്തീന് തടവുകാര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചപ്പോള്‍ ഒരാള്‍ എതിര്‍ത്തു. ജയിലുകളില്‍ കഴിയുന്ന പലസ്തീന് തടവുകാര്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കണമെന്നും ഇത് ലഭ്യമാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തടവുകാര്‍ക്ക് ആഢംബരമോ സുഖകരമോ ആയ ജീവിതം ഒരുക്കണമെന്നല്ല തങ്ങള്‍ പറയുന്നതെന്നും അതിജീവനത്തിനായി നിയമം അനുശാസിക്കുന്ന വ്യവസ്ഥകളെക്കുറിച്ചാണ് തങ്ങള്‍ സംസാരിക്കുന്നതെന്നും രണ്ടംഗ ജഡ്ജിമാര്‍ പറഞ്ഞു. ഗാസയില്‍ കൊടും പട്ടിണിമൂലം നിരവധിയാളുകളാണ് ദിവസവും മരിക്കുന്നത്.
2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധം രണ്ട് വര്‍ഷത്തോട് അടുക്കുകയാണ്. രണ്ട് വര്‍ഷത്തിനിടെ ഗാസയില്‍ നിന്നും വെസ്റ്റ്ബാങ്കില്‍ നിന്നും അടക്കം ആയിരക്കണക്കിന് പലസ്തീനികളെ ഇസ്രയേല്‍ സൈന്യം തടവിലാക്കി. ഇവരില്‍ പലരേയും കുറ്റംചുമത്തുക പോലും ചെയ്യാതെ മാസങ്ങളോളം തടവില്‍ പാര്‍പ്പിച്ച ശേഷം സൈന്യം വിട്ടയച്ചിരുന്നു. ഇവരില്‍ പലരും ക്രൂര ശാരീരിക, മാനസിക പീഡനങ്ങള്‍ക്കാണ് ഇരയായത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 64,522 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറില്‍ ഗാസ മുനമ്പില്‍ മാത്രം കൊല്ലപ്പെട്ടത് 52 പേരാണ്. ഗാസ സിറ്റിയില്‍ 32 പേരും കൊല്ലപ്പെട്ടു. 320 ഓളം പേര്‍ക്കാണ് പരിക്കേറ്റത്.ആറ് പേര് കൊടും പട്ടിണിമൂലവും മരിച്ചു.
ഭക്ഷണം അടക്കമുള്ള സഹായം തേടിയെത്തുന്നവര്‍ക്ക് നേരെയും ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85 ഓളം പലസ്തീനികള്‍ക്ക് ഇത്തരത്തില്‍ പരിക്കേറ്റു. ഇക്കഴിഞ്ഞ മെയ് മുതല്‍ ഇങ്ങനെ കൊല്ലപ്പെട്ടത് 2,430 പേരാണ്. 17,794 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 1,63,096 പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ട്. രക്ഷാപ്രവര്‍ത്തനംപോലും ദുഷ്കരമായ സാഹചര്യമാണുള്ളത്.






