ഉത്തരം മുട്ടുമ്പോൾ തിരിഞ്ഞ് കൊഞ്ഞനം കുത്തരുത്, രാഹുൽ ഗാന്ധി ഉയർത്തിയ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത തകർക്കുന്നത്!! വസ്തുതകൾ പുറത്തുവിട്ടവരെ ഭീഷണിപ്പെടുത്താനും ആരോപണങ്ങളെ അവഗണിച്ച് തള്ളാനും കമ്മീഷൻ തുനിഞ്ഞതെന്തിന്?

രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് മോഷണ ആരോപണത്തിന്റെ അലയൊലികൾ അവസാനിക്കുന്നില്ല. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ട് മോഷണം നടത്തി തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. ഇത് വെറും ആരോപണം മാത്രമായിരുന്നില്ല മറിച്ച് വ്യക്തമായ തെളിവുകൾ നിരത്തി രാഹുൽ തന്റെ വാദങ്ങളെ പൊതുജനത്തിനു മുന്നിൽ സാധൂകരിക്കുകയും ചെയ്തിട്ടുണ്ട്. അതീവ ഗുരുതരമായ ഒരു ആരോപണം രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽഗാന്ധി ഉന്നയിച്ചപ്പോൾ അതിനെ ഒറ്റക്കെട്ടായി ഇന്ത്യൻ ജനത ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിത്ത ബോധത്തോടെ അല്ല ഈ വിഷയത്തിൽ തുടക്കം മുതൽ പ്രതികരിച്ചത്.
ലോകത്തെ തന്നെ ഏറ്റവും വിശ്വാസതയുള്ള തെരഞ്ഞെടുപ്പ് സംവിധാനം ആയിട്ടാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ വിലയിരുത്തുന്നത്. എന്നാൽ രാഹുൽഗാന്ധി തെളിവ് സഹിതം പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തിട്ടുണ്ട്. രാജ്യത്തെ സുപ്രധാന ഭരണഘടന സ്ഥാപനങ്ങളിൽ ഒന്നായ തെരഞ്ഞെടുപ്പ് കമ്മീഷൻ സംശയനിഴലിലായിട്ടും അത് ദുരീകരിക്കാൻ നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ തയ്യാറായില്ല എന്നത് ഏറെ ഖേദകരമാണ്. രാജ്യം തന്നെ ഞെട്ടിയ വസ്തുത പുറത്തുവിട്ട രാഹുൽഗാന്ധിയെ ഭീഷണിപ്പെടുത്താനും ആരോപണങ്ങളെ അവഗണിച്ച് തള്ളാനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തുനിഞ്ഞത്. ആരോപണമുന്നയിച്ച രാഹുൽഗാന്ധി തന്നെ തെളിവുകൾ നൽകണമെന്നും സത്യവാങ്മൂലം സമർപ്പിക്കണമെന്നും അല്ലാത്തപക്ഷം രാജ്യത്തോട് മാപ്പു പറയണമെന്നും ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിചിത്രമായ പ്രതികരണം. ഇതിനെതിരെ ശക്തമായ വിമർശനം പല കോണുകളിൽ നിന്നും ഉയർന്നു.
എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങാൻ രാഹുൽ ഒരിക്കലും തയ്യാറായില്ല തന്റെ ആരോപണങ്ങൾ ആവർത്തിച്ച് അതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട ഓരോ ദിവസവും രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിരോധത്തിൽ ആക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. ഒടുവിൽ ഗന്ധ്യന്തരമില്ലാതെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് കമ്മീഷണർമാരും ചേർന്ന് വാർത്താ സമ്മേളനം നടത്തി. ഏതാണ്ട് രണ്ടുമണിക്കൂറോളം നീണ്ട വാർത്താസമ്മേളനത്തിൽ ഒരിക്കൽപോലും രാഹുൽ ഉന്നയിച്ച വിഷയം അഡ്രസ് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉൾപ്പെടെ ഒളിച്ചോടുന്ന കാഴ്ചയാണ് കണ്ടത്. അങ്ങനെ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വയം തുറന്നു കാട്ടപെടുകയും പരിഹാസ്യരാവുകയും ചെയ്തു. ഈ വിഷയത്തിൽ തുടക്കം മുതൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിരോധം തീർത്ത് രംഗത്ത് വന്നത് ബിജെപി നേതാക്കളും മന്ത്രിമാരും ആയിരുന്നു. ഇതിലൂടെ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്നുള്ള അട്ടിമറിയെന്ന രാഹുൽഗാന്ധിയുടെ വാദത്തെ ബിജെപി തന്നെ സമ്മതിച്ചുകൊടുത്തു.
ഇപ്പോൾ രാഹുൽഗാന്ധി ഉന്നയിച്ച ആരോപണത്തോട് തെരഞ്ഞെടുപ്പ് കമ്മീഷൻ കാട്ടിയ സമീപനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് രണ്ട് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും ഒരു കമ്മീഷനും. രാഹുൽ ഗാന്ധിയുടെ ആരോപണത്തോട് തർക്കസ്വരത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പ്രതികരിച്ചത് ശരിയായില്ലെന്നും ഇത് വോട്ടർ പട്ടികയെയും തെരഞ്ഞെടുപ്പ് പ്രക്രിയയെയും കുറിച്ച് ജനങ്ങൾക്കിടയിൽ സംശയം ഉണർത്തുമെന്നും മൂവരും വിമർശിച്ചു. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ് വൈ ഖുറൈഷി, ഒ പി റാവത്ത്, മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ എന്നിവരാണ് നിലപാട് വ്യക്തമാക്കിയത്. ആരോപണ ഉന്നയിച്ച രാഹുൽ ഗാന്ധിയോട് അതേ രീതിയിൽ രോഷം കൊള്ളുന്നത് സംവിധാനത്തിലുള്ള വിശ്വാസ്യത ഇടിച്ചു താഴ്ത്തും. തർക്കിക്കുന്നതിന് പകരം ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിക്കുക ആയിരുന്നു വേണ്ടിയിരുന്നത് എന്നും ഇവർ വ്യക്തമാക്കുന്നു. ഗ്യാനേഷ് കുമാറിന്റെ സ്വരം അനാവശ്യമായ പ്രകോപനം ആയിപ്പോയെന്ന് മൂവരും കുറ്റപ്പെടുത്തി.
കോപം തെരഞ്ഞെടുപ്പ് കമ്മീഷന് ഗുണമാകില്ല. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാണ് എന്നത് മറക്കരുത് എന്നും മുൻമുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷി അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധി ഒരു കാര്യം ഉന്നയിക്കുമ്പോൾ അത് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ശബ്ദമാണ്. അദ്ദേഹത്തെ കമ്മീഷൻ അതേ സ്വരത്തിൽ വെല്ലുവിളിക്കുന്നതും രോഷം കൊള്ളുന്നതും കമ്മീഷന്റെ സൽപേരിന് ചേർന്നതാകില്ല എന്നും എസ് വൈ ഖുറേഷി വ്യക്തമാക്കി. താങ്കളായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എങ്കിൽ ഇക്കാര്യത്തിൽ എന്ത് നടപടി എടുക്കും എന്ന് ചോദ്യത്തിന് അന്വേഷണത്തിന് ഉത്തരവ് ഇടുമായിരുന്നു എന്നായിരുന്നു ഖുറേഷിയുടെ മറുപടി. രാഹുൽ ഗാന്ധിയോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുന്നതിനു പകരം പ്രശ്നപരിഹാരത്തിനുള്ള ഇടപെടൽ ആയിരുന്നു നടത്തേണ്ടിയിരുന്നത് എന്ന് ഒ പി റാവത്ത് അഭിപ്രായപ്പെട്ടു. കമ്മീഷന്റെ മേൽനോട്ടത്തിൽ തയ്യാറാക്കപ്പെടുന്ന വോട്ടർപട്ടിക ചോദ്യം ചെയ്യപ്പെടുമ്പോൾ അതിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ ആവശ്യമായ അന്വേഷണത്തിന് കമ്മീഷൻ ഗൗരവത്തോടെ തയ്യാറാവുകയാണ് വേണ്ടതെന്ന് അശോക് ലവാസ പറഞ്ഞു.






