Breaking NewsKeralaLead NewsNEWSNewsthen Special

പാവപ്പെട്ടവനെ കുനിച്ചു നിർത്തി കൂമ്പിനിട്ട് ഇടിക്കുന്ന, അല്ലെങ്കിൽ കരണക്കുറ്റി തീർത്ത് അടിക്കുന്ന ദൃശ്യങ്ങൾ പോരെ, ഇതിനപ്പുറം എന്ത് തെളിവാണ് ഇപി ജയരാജൻ പ്രതീക്ഷിക്കുന്നത് ?സിസിടിവി ദൃശ്യങ്ങളെക്കാൾ ശക്തമായ എന്തു തെളിവുകളാണ് ജയരാജന് വേണ്ടത് ?

അനീതികളിൽ വലയുന്ന ഒരു സാധാരണക്കാരന് പോലീസ് സ്റ്റേഷൻ എന്നത് അവസാനത്തെ പ്രതീക്ഷയാണ്, തനിക്ക് നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഒരു ചെറിയ കടലാസ് തുണ്ടിൽ പരാതിയും എഴുതി പോലീസ് സ്റ്റേഷന്റെ പടികൾ അവർ കയറുന്നത്. പൗരന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുക എന്നത് പോലീസിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്.

കടലാസിൽ പോലീസ് ഇങ്ങനെയൊക്കെയാണ്, എന്നാൽ നമ്മുടെ നാട്ടിലെ സത്യാവസ്ഥ എന്താണ് ? ഓരോ ദിവസവും പോലീസ് അതിക്രമങ്ങളുടെ ഓരോ പുതിയ വാർത്തകൾ വീതം നാം കേൾക്കുകയാണ്. സ്റ്റേഷന് അകത്തും പുറത്തുമായി അകാരണമായി പോലീസിന്റെ അതിക്രൂരമായ മർദ്ദനത്തിനിരയാകുന്ന മനുഷ്യരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. നീതിയും സുരക്ഷയും ഉറപ്പാക്കേണ്ട പോലീസു തന്നെ അതിക്രമങ്ങൾ നടത്തുമ്പോൾ ഇന്നാട്ടിലെ സാധാരണക്കാരായ മനുഷ്യർ എങ്ങോട്ടേക്കാണ് പോകേണ്ടത് ? ആർക്കാണ് പരാതി നൽകേണ്ടത് ?

Signature-ad

പോലീസിന്റെ അതിക്രൂരമായ അക്രമങ്ങൾക്ക് ന്യായീകരണ കവചങ്ങൾ ഒരുക്കി മുന്നോട്ടുവരുന്നവരിൽ സിപിഎം സൈബർ അണി മുതൽ തല മൂത്ത നേതാക്കൾ വരെയുണ്ട്. പോലീസിനെതിരെ നടക്കുന്നത് ആസൂത്രിത പ്രചാരണം ആണെന്നും ദൃശ്യങ്ങൾ മാത്രം നോക്കി നടപടിയെടുക്കാൻ ആകില്ലെന്നുമാണ് മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. നിലവിൽ പുറത്തു വന്നിട്ടുള്ള പോലീസ് അതിക്രമങ്ങളുടെ ദൃശ്യങ്ങൾ ഒരു സാധാരണ മനുഷ്യന് കണ്ടു നിൽക്കാനാവില്ല, അത്രയും മൃഗീയമായാണ് പോലീസ് നിലവിലെ പരാതിക്കാരെ മർദ്ദിക്കുന്നത്. ഇതിനപ്പുറം എന്ത് തെളിവാണ് ഇപി ജയരാജൻ പ്രതീക്ഷിക്കുന്നത് ? പോലീസ് സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളെക്കാൾ ശക്തമായ എന്തു തെളിവുകളാണ് ജയരാജന് വേണ്ടത് ?

സ്വന്തം സർക്കാർ ഭരിക്കുമ്പോൾ നടക്കുന്ന എല്ലാ നെറികടുകളെയും ന്യായീകരിച്ചു കൊള്ളണം എന്ന ഒരു ഇടതുപക്ഷക്കാരന്റെ ഭാഷയിൽ തന്നെയാണ് ഇവിടെ ഇപി ജയരാജൻ സംസാരിക്കുന്നത്. ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചു മാത്രമേ നടപടികൾ എടുക്കാൻ പറ്റുകയുള്ളൂ, അല്ലാതെ തല്ലാനോ, തൂക്കിക്കൊല്ലാനോ പറ്റില്ലല്ലോ എന്നാണ് ഇപി ജയരാജൻ ചോദിക്കുന്നത്. മാങ്ങാ മോഷ്ടിച്ചതിന്റെ പേരിൽ പോലീസുകാരനെ പിരിച്ചുവിടാം എങ്കിൽ എന്തുകൊണ്ടാണ് ഈ വിധം ക്രൂരമായി മനുഷ്യരെ ആക്രമിക്കുന്ന പോലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ ആകാത്തത് എന്ന ചോദ്യത്തിനു കൂടി ഇപി ജയരാജൻ മറുപടി നൽകണം. മാധ്യമങ്ങൾ ഉൾപ്പെടെ പോലീസുദ്യോഗസ്ഥരെ പുറത്താക്കാൻ നിയമം ഉണ്ട് എന്ന് വകുപ്പുകൾ ചൂണ്ടിക്കാണിച്ച് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പോലും എന്തുകൊണ്ടാണ് സർക്കാർ ഇതുവരെയും അതിന് മുതിരാത്തത് വ്യക്തമാക്കണം.

വർഷങ്ങൾക്കു മുമ്പ് നടന്ന അതിക്രമങ്ങളുടെ പരാതികൾ എന്തുകൊണ്ടാണ് ഇപ്പോൾ പുറത്തു വരുന്നത് എന്ന തരത്തിലുള്ള ചോദ്യം ഇപി ജയരാജൻ ചോദിക്കുന്നുണ്ട്, അതായത് ഇത്രയുമധികം മനുഷ്യർക്ക് പോലീസിൽ നിന്ന് ഉപദ്രവം ഉണ്ടായോ എന്നതിനേക്കാൾ ഇപി ജയരാജൻ വ്യാകുലപ്പെടുന്നത് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങൾ ഇപ്പോൾ എന്തുകൊണ്ട് ചർച്ചയാവുന്നു എന്നോർത്തിട്ടാണ്. പൊതുജനത്തിന്റെ സുരക്ഷയെക്കാൾ ഇപി ജയരാജനെ പോലുള്ളവർക്ക് മുൻഗണന പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ മാത്രമാണ് എന്നു തന്നെയാണ് പറയേണ്ടത്.

കുന്നംകുളത്തെ കസ്റ്റഡി മർദ്ദനത്തിന്റെ വാർത്തകൾ പുറത്തുവന്നതിനുശേഷം കേരള പോലീസിനെതിരെ പരാതികളുടെ പ്രളയമാണ്. അതായത് മുഖ്യമന്ത്രിയുടെ സ്ഥിരം ഭാഷയിലെ ഒറ്റപ്പെട്ട സംഭവമല്ല ഇത് എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. സംസ്ഥാനത്തുടനീളം പോലീസ് അഴിഞ്ഞാടുമ്പോൾ ആഭ്യന്തരവകുപ്പ് മന്ത്രി ആയ കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്തു ചെയ്യുകയായിരുന്നു? ഇത്രയും പരാതികൾ വന്നിട്ടും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആഭ്യന്തര വകുപ്പ് മന്ത്രി എന്ത് നടപടിയാണ് കൈ കൊണ്ടിട്ടുള്ളത് എന്നും ഈ നാട്ടിലെ പൊതുജനത്തിന് അറിയാൻ താല്പര്യമുണ്ട്.

കേരളത്തിൽ ഇന്ന് പോലീസിന്റെ അതിക്രമങ്ങൾ ചർച്ചയാകുന്നത് കുന്നംകുളം പോലീസ് സ്റ്റേഷൻ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു കൊണ്ട് മാത്രമാണ്. എന്നാൽ ആ ദൃശ്യങ്ങൾ നൽകാതിരിക്കാൻ പോലീസ് പരമാവധി പരിശ്രമിച്ചു. സ്റ്റേഷനിൽ പോക്സോ ഇര ഉണ്ടായിരുന്നു, ഇവരുടെ വിവരങ്ങൾ പുറത്തുവരും എന്നതുകൊണ്ട് തന്നെ ദൃശ്യങ്ങൾ നൽകാൻ ആവില്ല എന്ന കഥയായിരുന്നു പോലീസ് ആദ്യം മെനഞ്ഞത്. എന്നാൽ സുജിത്ത് എന്ന യൂത്ത് കോൺഗ്രസുകാരൻ കോടതിയിൽ പോകുകയും അവിടെ നിന്ന് തനിക്ക് അനുകൂലമായ വിധി സമ്പാദിച്ച് സിസിടിവി ദൃശ്യങ്ങൾ നേടിയെടുക്കുകയും ആയിരുന്നു. ഒരുപക്ഷേ ആ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നില്ലായിരുന്നുവെങ്കിൽ ഇന്ന് പോലീസിനെതിരെ ഒരു പരാതിയും പൊതുമധ്യത്തിൽ ചർച്ച ആവില്ലായിരുന്നു.

കഴിഞ്ഞ 9 വർഷക്കാലത്തിനിടയിൽ അതിക്രൂരമായ അതിക്രമങ്ങളാണ് ജനങ്ങൾക്ക് പോലീസിൽ നിന്നും നേരിടേണ്ടി വന്നിട്ടുള്ളത്. 2023 ൽ 24 ന്യൂസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം പിണറായി സർക്കാരുകളുടെ കാലത്ത് കേരളത്തിൽ നടന്നത് 17 കസ്റ്റഡി മരണങ്ങളാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അതായത് 2016 മുതൽ 2021 വരെ 11 കസ്റ്റഡി മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 2023 വരെ റിപ്പോർട്ട് ചെയ്തത് ആറുപേർ പോലീസ് കസ്റ്റഡിയിൽ മരിച്ചു എന്നാണ്. 2023ൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ കസ്റ്റഡി മരണങ്ങളുടെ കണക്ക് ഉള്ളത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പത്തുപേർ പോലീസ് കസ്റ്റഡിയിലും ഒരാൾ ജുഡീഷ്യൽ കസ്റ്റഡിയിലും വച്ച് മരണപ്പെട്ടു എന്നാണ് നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടിയിലുള്ളത് എന്ന് 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അതിക്രൂരമായ കസ്റ്റഡി ആക്രമണങ്ങളും, 17 ഓളം വരുന്ന കസ്റ്റഡി മരണങ്ങളും ആണ് കഴിഞ്ഞ 9 വർഷത്തിനിടയിൽ ഈ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. പൊതുജനത്തിന് നീതി നൽകേണ്ടവർ തന്നെ അവരുടെ ജീവനെടുക്കുന്ന കാഴ്ചയ്ക്കാണ് നമ്മുടെ സംസ്ഥാനം പലപ്പോഴായി സാക്ഷ്യം വഹിച്ചത്. പേരിൽ ജനമൈത്രി ഉള്ള കേരള പോലീസ് പ്രവർത്തിയിൽ ജനങ്ങളോട് ഒരു മൈത്രിയും കാണിക്കുന്നില്ല എന്ന് സൂചിപ്പിക്കുന്നതാണ് മുകളിലെ കണക്കുകളും നിലവിൽ പുറത്തുവരുന്ന വാർത്തകളും. പ്രതിപക്ഷ സമരങ്ങളിലെ പോലീസിന്റെ സമീപനവും ഇതിൽ നിന്ന് വിഭിന്നമല്ല. സമരങ്ങളിൽ പങ്കെടുക്കവേ നടന്ന പോലീസിൽ അതിക്രമങ്ങളുടെ ഭാഗമായി ഗുരുതരമായി പരിക്കേറ്റ ഒട്ടനവധി പേർ നമ്മുടെ സംസ്ഥാനത്തുണ്ട്. മൃഗീയമായി സ്റ്റേഷന്റെ അകത്തും പുറത്തും പൊതുജനത്തെ ആക്രമിക്കുന്ന പോലീസിനെയാണ് കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇവരെ നിയന്ത്രിക്കാനോ നിലയ്ക്കു നിർത്താനോ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഒരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നത് ഈ ദിവസങ്ങളിൽ പുറത്തുവരുന്ന പരാതികൾ.

കുന്നംകുളത്ത് അതിക്രൂരമായ മർദ്ദനത്തിനിരയായത് പോലീസ് നടപടിയെ ചോദ്യം ചെയ്ത ഒരു പൊതുപ്രവർത്തകനാണ്. അതായത് ഒരു സാധാരണക്കാരന് നിലവിൽ പോലീസ് സ്റ്റേഷനിൽ ഒരു പരാതിയുമായി ചെല്ലാൻ പോലും ഭയം തോന്നുന്ന സ്ഥിതിവിശേഷമാണ് നമ്മുടെ സംസ്ഥാനത്ത് എന്നു പറയേണ്ടിവരും. പോലീസ് അതിക്രമങ്ങളെ നേരിട്ടും അല്ലാതെയും ന്യായീകരിക്കാനും പിന്തുണയ്ക്കാനും ശ്രമിക്കുന്ന ഇടതുപക്ഷ നേതാക്കൾക്കും സംസ്ഥാനത്ത് ഇത്തരത്തിലൊരു കുത്തഴിഞ്ഞ പോലീസ് വ്യവസ്ഥ സൃഷ്ടിച്ചതിൽ ഉത്തരവാദിത്വമുണ്ട്. കേരള ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തരമന്ത്രി താനാണെന്ന് അടയാളപ്പെടുത്തുകയാണ് പിണറായി വിജയൻ. കാക്കിക്കുള്ളിലെ അക്രമകാരികളെ പുറത്താക്കാതെ ഇപ്പോഴും സംരക്ഷിക്കുകയാണ് സംസ്ഥാന സർക്കാർ. പോലീസ് ഇത്തരത്തിൽ അനീതികൾ പ്രവർത്തിക്കുമ്പോൾ പൊതുജനത്തിന് ഒരു പ്രശ്നം ഉണ്ടായാൽ സൈധൈര്യം അവർ ആരെയാണ് സമീപിക്കേണ്ടത് ? ഇ പി ജയരാജന്മാർ തന്നെ  മറുപടി നൽകട്ടെ.

Back to top button
error: