Breaking NewsIndiaLead NewsNEWS

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ; പിന്തുണ ഉറപ്പാക്കാന്‍ ഇരുപക്ഷവും, സി.പി.ആറിന് വ്യക്തമായ മേല്‍ക്കൈ

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ, പരമാവധി പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണ-പ്രതിപക്ഷ മുന്നണികള്‍. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് വോട്ടെടുപ്പ്. രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി. മോദിയാണ് റിട്ടേണിങ് ഓഫീസര്‍. വൈകിട്ട് ആറിന് വോട്ടെണ്ണല്‍ തുടങ്ങും.

ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ ചേരുന്ന ഇലക്ടറല്‍ കോളേജ് അംഗങ്ങളാണ് വോട്ടര്‍മാര്‍. എന്‍ഡിഎ സ്ഥാനാര്‍ഥി മഹാരാഷ്ട്രാ ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനും പ്രതിപക്ഷ സ്ഥാനാര്‍ഥി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയും കക്ഷിനേതാക്കളെയും എംപിമാരെയും നേരില്‍ക്കണ്ട് പിന്തുണതേടി. സി.പി. രാധാകൃഷ്ണന് വ്യക്തമായ മേല്‍ക്കൈയുണ്ട്.

Signature-ad

വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണയുമുണ്ട്. അപ്രതീക്ഷിത കോണുകളില്‍നിന്ന് പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡി. ഏഴ് അംഗങ്ങളുള്ള ബിജെഡി, നാല് അംഗങ്ങളുള്ള ബിആര്‍എസ്, ഓരോ അംഗങ്ങള്‍ വീതമുള്ള അകാലിദള്‍ അടക്കം മൂന്നു പാര്‍ട്ടികള്‍ മൂന്നു സ്വതന്ത്രന്‍മാര്‍ എന്നിവര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. 788 പേരാണ് ഇലക്ടറല്‍ കോളേജിലുള്ളത്.

ഒഴിവുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഇത് 781 ആണ്. ഭൂരിപക്ഷത്തിന് 391 വോട്ടുകള്‍ വേണം. എന്‍ഡിഎയ്ക്ക് 422 അംഗങ്ങളുണ്ട്. ചെറുപാര്‍ട്ടികളുടെ പിന്തുണ ലഭിക്കുമെന്നതിനാല്‍ സി.പി. രാധാകൃഷ്ണന് 435-നുമേല്‍ വോട്ടുകള്‍ ലഭിക്കുമെന്നാണ് എന്‍ഡിഎ പ്രതീക്ഷ.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യേണ്ട രീതിയെക്കുറിച്ച് പ്രതിപക്ഷ എംപിമാര്‍ക്ക് വിശദീകരിക്കാന്‍ തിങ്കളാഴ്ച മോക്ക് പോള്‍ നടത്തും. ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയെ പിന്തുണയ്ക്കുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി അറിയിച്ചു. കശ്മീരിലെ ബാരാമുളയില്‍ നിന്ന് ലോക്സഭയിലെത്തിയ എന്‍ജിനിയര്‍ റാഷിദ് എന്ന ഷെയ്ഖ് അബ്ദുള്‍ റാഷിദിന് വോട്ടുചെയ്യാന്‍ കോടതി അനുമതി നല്‍കി.

Back to top button
error: