വയോധികന്റെ കൊലപാതകം: മൂന്നാം ഭാര്യയും കാമുകനും പിടിയില്‍; മൃതദേഹം കിണറ്റില്‍ കണ്ടെത്തിത് രണ്ടാം ഭാര്യ

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം ഭാര്യയും കാമുകനും പിടിയില്‍. അനുപ്പൂര്‍ ജില്ലയില്‍ ഓഗസ്റ്റ് 30നായിരുന്നു സംഭവം. 60 വയസ്സുള്ള ഭയ്യാലാല്‍ രജക് ആണ് കൊല്ലപ്പെട്ടത്. കിണറ്റില്‍ മരിച്ചു കിടക്കുകയായിരുന്ന ഭയ്യാലാലിന്റെ മൃതദേഹം രണ്ടാം ഭാര്യയാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. വിശദമായി നടത്തിയ അന്വേഷണത്തിലാണ് ഭയ്യാലാലിന്റെ കൊലപാതകത്തിനു പിന്നില്‍ മൂന്നാം ഭാര്യയും കാമുകനും ആണെന്ന് കണ്ടെത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു സഹായിച്ച മറ്റൊരു യുവാവും അറസ്റ്റിലായിട്ടുണ്ട്.
ഭയ്യാലാലിന്റെ മൂന്നാമത്തെ ഭാര്യ മുന്നി എന്ന വിമല രജക് (38), കാമുകനായ നാരായണ്‍ ദാസ് കുഷ്വാഹ എന്ന ലല്ലു (48), തൊഴിലാളിയായ ധീരജ് കോള്‍ (25) എന്നിവരാണ് അറസ്റ്റിലായത്. വിമലയും ലല്ലുവും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഇതോടെയാണ് ഭര്‍ത്താവായ ഭയ്യാലാലിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ ലല്ലുവും ധീരജും വീട്ടില്‍ കയറി കട്ടിലില്‍ കിടക്കുകയായിരുന്ന ഭയ്യാലാലിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊന്നു. തുടര്‍ന്ന് വിമലയുടെ സഹായത്തോടെ മൃതദേഹം സാരിയും കയറും കൊണ്ട് കെട്ടി വീടിന് പിന്നിലെ കിണറ്റില്‍ കൊണ്ട് തള്ളുകയായിരുന്നു.
ഭയ്യാലാലിന്റെ ആദ്യ ഭാര്യ ഉപേക്ഷിച്ചുപോയ ശേഷമാണ് രണ്ടാം ഭാര്യയായ ഗുഡ്ഡിയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. ഇതോടെ ഗുഡ്ഡിയുടെ ഇളയ സഹോദരി വിമലയെയും ഭയ്യാലാല്‍ വിവാഹം കഴിച്ചു. വര്‍ഷങ്ങളായി ഭയ്യാലാലിന്റെ കുടുംബവുമായി പരിചയമുണ്ടായിരുന്ന വസ്തു ബ്രോക്കറായിരുന്നു വിമലയുടെ കാമുകന്‍ ലല്ലു.






