പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി പറയുന്നു, ‘എല്ലാവര്‍ക്കും നന്ദി… സ്നേഹം ; സര്‍വശക്തനും’

കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലും പുറത്തുമുള്ള ചലച്ചിത്ര പ്രേമികളെല്ലാം ഇന്ന് മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പ്രിയതാരത്തിന് പിറന്നാളാശംസ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകളുടേയും കമന്റുകളുടേയും കുത്തൊഴുക്കാണ്. ഇതിനിടെ മമ്മൂട്ടിയുടേതായി വന്ന ഫെയ്സ്ബുക്ക് പോസ്റ്റ് വലിയതോതില്‍ ശ്രദ്ധേയമായി.
തന്റെ ജന്മദിനത്തില്‍ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നാണ് മമ്മൂട്ടി കുറിച്ചത്. കടലിന്റെ വിദൂരതയിലേക്ക് നോക്കി കാറിനടുത്ത് നില്‍ക്കുന്ന തന്റെ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടി ഇത് പോസ്റ്റ് ചെയ്തത്. ‘എല്ലാവര്‍ക്കും സ്നേഹവും നന്ദിയും; സര്‍വശക്തനും’ -ഇതാണ് ഒറ്റവരിയായി മമ്മൂട്ടി കുറിച്ചത്.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മാസങ്ങളോളം പൊതുമണ്ഡലത്തില്‍ നിന്ന് മാറിനിന്ന മമ്മൂട്ടി അടുത്തിടെയാണ് പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തിയത്. ഇക്കാലയളവില്‍ മമ്മൂട്ടിക്കായി ആശംസകളും പ്രാര്‍ഥനകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ട ഇച്ചാക്ക്ക്കായി നടന്‍ മോഹന്‍ലാല്‍ ശബരിമല ക്ഷേത്രത്തില്‍ വഴിപാട് നടത്തിയതും വലിയ വാര്‍ത്തയായിരുന്നു. രോഗത്തെ തോല്‍പ്പിച്ച് മടങ്ങിയെത്തിയതിന് ശേഷമുള്ള മമ്മൂട്ടിയുടെ ആദ്യത്തെ ജന്മദിനമാണ് ഇതെന്ന പ്രത്യേകതയും ഇത്തവണത്തെ ജന്മദിനത്തിനുണ്ട്.






