Breaking NewsKeralaLead NewsNEWS

വള്ളസദ്യയുടെ നാട്ടില്‍ ഓണമുണ്ണാതൊരാള്‍; നാരായണന്‍ മൂസത്തിന്റേത് നൂറ്റാണ്ടുകളായുള്ള ആചാരം

പത്തനംതിട്ട: ലോകത്തിന്റെ ഏത് കോണിലാണെങ്കിലും തിരുവോണ ദിവസം വിഭവസമൃദ്ധമായ സദ്യ ഉണ്ണുന്നതില്‍ കുറഞ്ഞതൊന്നും നമ്മള്‍ മലയാളികള്‍ക്ക് ചിന്തിക്കാനാകില്ല. എന്നാല്‍, പേരുകേട്ട വള്ളസദ്യയുടെ നാടായ ആറന്മുളയില്‍ തിരുവോണമുണ്ണാതെ വ്രതമിരിക്കുന്ന ഒരു മനുഷ്യനുണ്ട്. നൂറ്റാണ്ടുകളായി തലമുറ കൈമാറി വന്ന ആചാരം ഇന്നും തുടരുകയാണ് നാരായണന്‍ മൂസത്.

ആറന്മുള ക്ഷേത്രത്തിലെ കാരാഴ്മ കൈസ്ഥാനികളായ മൂന്ന് കുടുംബങ്ങളിലെ കാരണവന്മാര്‍ നൂറ്റാണ്ടുകളായി തിരുവോണ സദ്യ ഉണ്ണാറില്ല. സദ്യ മാത്രമല്ല, ജലപാനം പോലുമില്ലാതെ ഉണ്ണാവ്രതം അനുഷ്ഠിക്കുകയും ചെയ്യും. അല്‍പ്പം കൗതുകകരമാണെങ്കിലും ചരിത്രവും ഐതീഹ്യവുമെല്ലാം തലമുറകള്‍ കൈമാറി വന്ന ഈ ആചാരങ്ങള്‍ക്ക് പിന്നിലുണ്ട്. കാലങ്ങള്‍ക്ക് മുമ്പ് കാരാഴ്മ സ്ഥാനികളായിരുന്ന കുടുംബങ്ങള്‍ക്ക് വന്നുഭവിച്ച ഒരു ദൈവകോപവും അതുമായി ബന്ധപ്പെട്ട പ്രായശ്ചിത്ത പരിഹാരവുമാണ് നൂറ്റാണ്ടുകള്‍ക്കിപ്പുറവും മാറ്റമില്ലാതെ തുടരുന്നത്.

Signature-ad

ആറന്മുളയിലെ തെക്കേടത്ത്, പുത്തേഴത്ത്, ചെറുകര ഇല്ലങ്ങളിലെ കാരണവര്‍മാരാണ് ഉണ്ണാവ്രതം അനുഷ്ഠിക്കുന്നത്. തിരുവോണ നാളില്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ അത്താഴ പൂജ കഴിയും വരെ ഇവര്‍ ജലപാനം കഴിക്കില്ല. അത്താജ പൂജയ്ക്ക് ശേഷം ക്ഷേത്രത്തില്‍ നിന്നും എത്തിക്കുന്ന നേദ്യം കഴിച്ചാണ് ഉണ്ണാവ്രതം അവസാനിപ്പിക്കുക.

ഏതെങ്കിലും കാരണത്താല്‍ ഉണ്ണാവ്രതം ഇരിക്കുന്നത് മുടങ്ങിയാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. അത് കൊണ്ട് തന്നെ കാലവും ആചാരങ്ങളും മാറിയെങ്കിലും ആറന്മുളയിലെ ഈ കുടുംബങ്ങള്‍ ഓണമുണ്ണാവ്രതം ഇന്നും തുടര്‍ന്ന് പോകുന്നു.

 

 

 

Back to top button
error: