Breaking NewsLead NewsNEWSSocial Media

’80 വയസില്‍ ഗര്‍ഭിണി, പക്ഷെ സന്തോഷിക്കാന്‍ സ്ത്രീക്ക് പറ്റുന്നില്ല; വേദിയില്‍ അമ്പിളി ചേട്ടന്‍ പറഞ്ഞത് ഞാന്‍ ഭാര്യയാണെന്ന്’

നിരവധി മലയാള സിനിമകളില്‍ ഒരു കാലത്ത് അമ്മ, ഭാര്യ റോളുകളില്‍ തിളങ്ങിയിട്ടുള്ള അഭിനേത്രിയാണ് അംബിക മോഹന്‍. ഇതിനകം ചെറുതും വലുതുമായ 300ഓളം ചലച്ചിത്രങ്ങളില്‍ അംബിക അഭിനയിച്ചിട്ടുണ്ട്. മൂന്നാംനൊമ്പരമാണ് അംബികയുടെ അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. 80 വയസില്‍ ഗര്‍ഭിണിയാകുന്ന എലിസബത്ത് എന്ന സ്ത്രീയുടെ കഥാപാത്രമാണ് നടിയുടേത്.

ഈ സിനിമയെ കുറിച്ചും ഇതുവരെയുള്ള സിനിമ ജീവിതത്തെ കുറിച്ചും അംബിക സിനിമ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നു. ഈ സിനിമയില്‍ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ഞാന്‍ ചെയ്തിരിക്കുന്നത്. അമ്മ വേഷം തന്നെയാണ്. എലിസബത്ത് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഈ സ്ത്രീക്ക് എണ്‍പത് വയസുവരെ കുട്ടികളൊന്നും ഉണ്ടാവില്ല.

Signature-ad

കുട്ടികളില്ലാത്തവരെ ആളുകള്‍ വളരെ മോശമായാണ് പറയുക. സന്താന ഭാഗ്യമില്ലാത്ത നശിച്ച ജന്മം എന്നാണ് പറയുക. ഇത്തരത്തില്‍ കുറ്റപ്പെടുത്തലുകള്‍ കേട്ട് ജീവിച്ച എലിസബത്തിന് ദൈവത്തിന്റെ അനുഗ്രഹത്താല്‍ 80 ആം വയസില്‍ ഗര്‍ഭിണിയാകുന്നു. ദൈവീകമായ ഒരു ശക്തിയിലൂടെയാണ് അത് സംഭവിക്കുന്നത്. കുഞ്ഞിന് വേണ്ടി എലിസബത്തിന്റെ ഭര്‍ത്താവ് സക്കറിയ പ്രാര്‍ത്ഥിക്കും.

അങ്ങനെ എണ്‍പതാം വയസില്‍ നിങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറക്കുമെന്ന് ദൈവം പറയുമ്പോള്‍ പുള്ളി കളിയാക്കും. അന്ന് തൊട്ട് പുള്ളി മിണ്ടാതെയാകും. എലിസബത്ത് പിന്നീട് ഗര്‍ഭിണിയാകും പക്ഷെ എല്ലാവരും പരിഹസിക്കുന്നതുകൊണ്ട് സന്തോഷിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഇതുവരെ ഇങ്ങനൊരു കഥാപാത്രം ചെയ്തിട്ടില്ല. സ്‌നാപക യോഹന്നാന്റെ അമ്മ വേഷമാണ് എനിക്ക്.

ഇങ്ങനൊരു കഥാപാത്രം കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് അംബിക പറഞ്ഞു. സിനിമയിലേക്ക് ഞാന്‍ വന്നത് പോലും ഒരു ദൈവാനുഗ്രഹമാണ്. നമ്മള്‍ എല്ലാവരും ആരാധിക്കുന്ന മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി എല്ലാ താരങ്ങളുടേയും അമ്മയായിട്ട് എനിക്ക് അഭിനയിക്കാന്‍ പറ്റി. നിരവധി മുന്‍നിര നായികമാരുടെ അമ്മ വേഷങ്ങളും എനിക്ക് ചെയ്യാന്‍ കഴിഞ്ഞു.

ഒരുപാട് വലിയ സംവിധായകര്‍ക്കൊപ്പവും ഇക്കാലയളവില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് താരം കൂട്ടിച്ചേര്‍ത്തു. നടന്‍ ജഗതി ശ്രീകുമാറിനൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങളും അംബിക ഒപ്പം പങ്കുവെച്ചു. അമ്പിളി ചേട്ടനൊപ്പം ഒരുപാട് സിനിമകളില്‍ ഭാര്യ റോള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഓരോ പടം ചെയ്യുമ്പോഴും എല്ലാം വ്യത്യസ്തമാണ്. അദ്ദേഹത്തിന് അപകടം സംഭവിക്കും മുമ്പ് ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമയാണ് പറുദീസ.

ഞങ്ങള്‍ ഒരുമിച്ച് ചെയ്തതില്‍ പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴും കിടക്കുന്നത് മീശമാധവന്‍ എന്ന സിനിമയാണ്. എനിക്ക് ഒരു ബ്രേക്ക് തന്ന സിനിമ കൂടിയാണത്. ആ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്പിളി ചേട്ടന്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു ഫങ്ഷന് ഞാന്‍ പോയി. ജനങ്ങള്‍ക്ക് എന്നെ അറിയുന്ന സമയമല്ല. അമ്പിളി ചേട്ടനൊപ്പം ചമ്മലോടെയാണ് ഞാന്‍ പോയത്. പക്ഷെ അദ്ദേഹം എനിക്ക് ഇരിക്കാന്‍ സീറ്റൊക്കെ റെഡിയാക്കി തന്നു.

ശേഷം പ്രസംഗിക്കാന്‍ കയറിയപ്പോള്‍ എന്നെ ചൂണ്ടി കാണിച്ച് സദസിലിരിക്കുന്നവരോട് ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് പറഞ്ഞു. ഞാന്‍ ആകെ അമ്പരന്നു. എല്ലാവരും ആ സമയം എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. പിന്നെ അദ്ദേഹം തിരുത്തി മീശമാധവനില്‍ എന്റെ ഭാര്യയായി അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റാണെന്ന് വ്യക്തമായി പറഞ്ഞു.

എന്നെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. ഇത്രയും സപ്പോര്‍ട്ടൊക്കെ അദ്ദേഹത്തെ പോലുള്ളവര്‍ക്ക് മാത്രമെ ചെയ്യാന്‍ പറ്റു. അമ്പിളി ചേട്ടനൊപ്പം അപകടശേഷം ഒരു സിനിമയില്‍ പെങ്ങളായി അഭിനയിച്ചിരുന്നു എന്നും അംബിക പറയുന്നു. സിനിമയില്‍ എന്നതുപോലെ മിനിസ്‌ക്രീനിലും അംബിക തിളങ്ങിയിട്ടുണ്ട്.

Back to top button
error: