മര്‍ദനത്തില്‍ ‘മറുനാടന്‍’ ഷാജനു പരുക്ക്; മര്‍ദിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍, വധശ്രമത്തിന് കേസെടുത്ത് പൊലീസ്

ഇടുക്കി: ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരുക്കേറ്റ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന് സ്കറിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ മങ്ങാട്ടുകവലയില്‍, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ടി.എ.നസീര്‍ അനുസ്മരണ സമ്മേളനത്തിന്റെ വേദിക്കു സമീപത്തു ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു മര്‍ദനം.
മുതലക്കോടത്ത് വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയ ഷാജന്റെ കാറില്‍ മറ്റൊരു കാര്‍ ഇടിച്ചു. തുടര്‍ന്ന് കാര്‍ നിര്‍ത്തിയ ഷാജനെ കാറിനുള്ളില്‍ വച്ചുതന്നെ നാലംഗ സംഘം മൂക്കിലും ശരീരത്തിലും തുടരെ ഇടിക്കുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. മൂക്കില്‍നിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു ഷാജന്.
തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ജില്ലാ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സയ്ക്കായി സ്മിത മെമ്മോറിയല്‍ ആശുപത്രിയിലേക്കും മാറ്റി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ 4 പേരെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചതായി തൊടുപുഴ എസ്എച്ച്ഒ പറഞ്ഞു. ഷാജന് എത്തിയതറിഞ്ഞ് ആസൂത്രിതമായി വാഹനം പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.
സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആക്രമണത്തിന് പുറകില്‍ സിപിഎമ്മാണെന്നും നിയമപരമായി തന്നെ എതിര്‍ക്കാന്‍ പറ്റാത്തതിനാല്‍ കായികമായി നേരിടാന്‍ ആണ് ചിലരുടെ ശ്രമമെന്നും ഷാജന് സ്കറിയ ആരോപിച്ചു.






