ആദ്യഭാര്യ മരിച്ചതോടെ അവരുടെ അനുജത്തിയെ കെട്ടി, ഇനി അവളുടെ അനുജത്തിയെയും കെട്ടണം! യുവാവിന്റെ ആത്മഹത്യാഭീഷണി

ലഖ്നൗ: ഭാര്യയുടെ സഹോദരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യാശ്രമം. ഉത്തര്‍പ്രദേശിലെ കന്നൗജ് സ്വദേശി രാജ് സക്സേനയാണ് ഭാര്യാസഹോദരിയെ വിവാഹം കഴിക്കാനായി വൈദ്യുത ടവറിന് മുകളില്‍ക്കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഒടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷം ബന്ധുക്കളും പോലീസും ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി.
2021ലായിരുന്നു രാജ് സക്സേനയുടെ ആദ്യവിവാഹം. എന്നാല്‍, ഒരുവര്‍ഷത്തിന് ശേഷം അസുഖത്തെത്തുടര്‍ന്ന് ആദ്യഭാര്യ മരിച്ചു. ഇതോടെ യുവാവ് ആദ്യഭാര്യയുടെ സഹോദരിയെ വിവാഹം കഴിച്ചു. എന്നാല്‍, രണ്ടുവര്‍ഷത്തിന് ശേഷം നിലവിലെ ഭാര്യയുടെ രണ്ടാമത്തെ സഹോദരിയുമായും യുവാവ് പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്നാണ് ഭാര്യസഹോദരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യാശ്രമം നടത്തിയത്.
വ്യാഴാഴ്ച രാവിലെ തന്റെ ആഗ്രഹം രാജ് സക്സേന ഭാര്യയോട് പറഞ്ഞിരുന്നു. എന്നാല്‍, ഭാര്യ ഇതിനെ എതിര്‍ത്തതോടെയാണ് യുവാവ് വീടിന് സമീപത്തെ വൈദ്യുത ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഒടുവില്‍ അനുനയത്തിന്റെ ഭാഗമായി വിവാഹം നടത്താമെന്ന് ഉറപ്പുനല്കിയതോടെ ഏഴുമണിക്കൂറിന് ശേഷം ഇയാള്‍ താഴെയിറങ്ങിയത്. അതേസമയം, ഇത് തന്റെ മാത്രം ആഗ്രഹമല്ലെന്നും ഭാര്യയുടെ സഹോദരിക്കും തന്നെ ഇഷ്ടമാണെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും യുവാവ് പിന്നീട് പ്രതികരിച്ചു.






