Breaking NewsIndiaLead News

‘എച്ച്ഐവി രോഗിയാക്കി’; ക്ഷേത്രങ്ങളിലെ മോഷണം ദൈവത്തോടുള്ള പ്രതികാരമെന്ന് കള്ളന്‍, അമ്പരന്ന് പൊലീസ്

റായ്പൂര്‍: പതിവ് മോഷ്ടക്കാളില്‍ നിന്നും വ്യത്യസ്തനായൊരു ക്ഷേത്ര കള്ളന്‍. നിരവധി മോഷണം നടത്തിയ കള്ളന്‍ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ ഇയാള്‍ മോഷണം നടത്താനുള്ള കാരണം പറഞ്ഞപ്പോള്‍ പൊലീസുകാരും അമ്പരന്നു. ദൈവത്തിനോടുള്ള തന്റെ പ്രതികാരമാണ് മോഷണമെന്നായിരുന്നു യുവാവിന്റെ മറുപടി.

2012 ല്‍ ഒരു ആക്രമണക്കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ എച്ച്ഐവി ബാധിതനാകുന്നത്. ഇതോടെ തനിക്ക് മതത്തിലുള്ള വിശ്വാസവും നഷ്ടമായെന്ന് യുവാവ് പറയുന്നു. തന്റെ രോഗബാധ ദൈവത്തിന്റെ പ്രവൃത്തിയാണെന്നാണ് യുവാവിന്റെ വാദം. അതുകൊണ്ടാണ് ദൈവത്തിന്റെ മുതലുകള്‍ മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് യുവാവിന്റെ വാദം. ദുര്‍ഗയിലും പരിസരങ്ങളിലുമായി നിരവധി ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയതായി യുവാവ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ യുവാവ് അതിലേറെ മോഷണം നടത്തിയിട്ടുണ്ടാവുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Signature-ad

ഒരേ രീതിയിലായിരുന്നു ഇയാളുടെ മോഷണമെന്നും പൊലിസ് പറയുന്നു. കാണിക്കവഞ്ചികളില്‍ നിന്ന് പണം മോഷ്ടിക്കുകയും ആഭരണങ്ങള്‍ അവിടെ ഉപേക്ഷിക്കുകയും ചെയ്യും. ഓരോ മോഷണത്തിന് മുന്‍പും ശേഷവും പിടിക്കപ്പെടാതിരിക്കാന്‍ ഇയാള്‍ വസ്ത്രം മാറുമായിരുന്നെന്നും പൊലീസ് പറയുന്നു. ഇയാള്‍ മോഷണത്തിനായി ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു.

2012 ല്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് മോഷണം തുടങ്ങിയത്. ആദ്യം ക്ഷേത്രത്തെക്കുറിച്ച് മനസിലാക്കും. അതിന് ശേഷമാണ് മോഷണം നടത്തുക. അവസാനമായി നടത്തിയ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസിന്റെ പിടിയിലായത്. തന്റെ ജീവിതം അന്യായമായി നശിപ്പിച്ചത് ദൈവമാണെന്നാണ് ഇയാളുടെ വാദം. ജയിലിലെ പായയില്‍ നിന്നാണ് തനിക്ക് എച്ച്ഐവി ഉണ്ടായതെന്നും ഇയാള്‍ പറയുന്നു. തുടര്‍ന്നാണ് ഇയാള്‍ ദൈവത്തോട് പ്രതികാര നടപടി തുടങ്ങിയത്.

Back to top button
error: